റോഡില്ലാത്ത നാട്ടിലെ സ്ത്രീകൾക്ക് പ്രിയദർശിനി പദ്ധതിയില്ലേ? ബസിൽ ഫ്രീ, പക്ഷെ ബോട്ടിൽ കാശ് വേണം! കുട്ടനാട്ടിലെ കർഷക തൊഴിലാളികളായ വനിതകൾ ചോദിക്കുന്ന ചോദ്യം കേട്ടോ?

2 Min Read

ആലപ്പുഴ: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയ സാഹചര്യത്തിൽ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകളിലും സമാന ആനുകൂല്യം നൽകണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടനാട് ഉൾപ്പെടെ റോഡ് സൗകര്യം പരിമിതമായ പ്രദേശങ്ങളിലെ നൂറുകണക്കിന് സ്ത്രീകളാണ് ദൈനംദിന യാത്രയ്ക്കായി സർക്കാർ ബോട്ടുകളെ ആശ്രയിക്കുന്നത്.

നെൽകൃഷി, കയറുപിരിക്കൽ, കക്കവാരൽ തുടങ്ങിയ ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളും കടകളിലെ ജീവനക്കാരും വിദ്യാർഥിനികളും ഉൾപ്പെടെ വലിയൊരു വിഭാഗം ആളുകൾക്ക് ബോട്ട് സർവീസുകളാണ് പ്രധാന ഗതാഗത മാർഗം. എന്നാൽ ഇന്ദിരാ ഗ്യാരന്റി പദ്ധതിയുടെ ആനുകൂല്യം ഇവർക്ക് ലഭിക്കുന്നില്ല.

കൈനകരിയിലെ കുട്ടമംഗലം സ്വദേശിനിയായ വിജയമ്മ പോലുള്ള ദിവസവേതന തൊഴിലാളികൾക്ക് സർക്കാർ ബോട്ടുകളാണ് പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന മാർഗം. ബോട്ടിൽ കൈനകരിയിലെത്താൻ ആറു രൂപയും ആലപ്പുഴ നഗരത്തിലെത്താൻ 12 രൂപയും നൽകേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കുട്ടമംഗലം, കണ്ടങ്കരി, തായങ്കരി, ആയിരവേലി, ചെന്നംകരി, സി ബ്ലോക്ക്, അരുവൻകാവ്, കുപ്പപ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ജലഗതാഗതത്തെ പൂർണമായും ആശ്രയിച്ചാണ് ജീവിക്കുന്നത്. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് യാത്രാച്ചെലവ് വലിയ ബാധ്യതയാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

ജോലിക്ക് പോകുന്ന സ്ത്രീകൾ മാത്രമല്ല, വിദ്യാർഥികൾ, രോഗികൾ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ എന്നിവർക്കും സർക്കാർ ബോട്ട് സർവീസുകളാണ് പ്രധാന ആശ്രയം. സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, മാർക്കറ്റുകൾ തുടങ്ങിയ ആവശ്യങ്ങൾക്കും ഇവയാണ് പ്രധാന യാത്രാമാർഗം.

സർവീസുകളുടെ സമയക്രമത്തിലെ അനിശ്ചിതത്വം മൂലം സ്വകാര്യ ബോട്ടുകളെ ആശ്രയിക്കേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ടെന്നും അതോടെ കൂടുതൽ യാത്രാച്ചെലവ് വഹിക്കേണ്ടി വരുന്നതായും യാത്രക്കാർ പറയുന്നു.

സംസ്ഥാന ജലഗതാഗത വകുപ്പ് ആലപ്പുഴയിലും കോട്ടയത്തുമായി 300-ലധികം സർവീസുകളും എറണാകുളത്ത് 193 സർവീസുകളും കൊല്ലത്ത് 84 സർവീസുകളും കണ്ണൂരിൽ 52 സർവീസുകളും കാസർകോട്ടിൽ 11 സർവീസുകളും നടത്തുന്നുണ്ട്.

2024-25 സാമ്പത്തിക വർഷത്തിൽ ജലഗതാഗത വകുപ്പിന്റെ ആകെ ടിക്കറ്റ് വരുമാനം 10.89 കോടി രൂപയായിരുന്നു. കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതിക്കായി കണക്കാക്കുന്ന ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ബോട്ട് സർവീസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നാണ് ഈ ആവശ്യം ഉന്നയിക്കുന്നവരുടെ വാദം.

English Summary
Women who depend on Kerala’s state-run water transport services are demanding the extension of the free travel scheme currently available on KSRTC buses. In regions like Kuttanad, where boats are the primary mode of transport, daily wage workers, students, and elderly residents rely heavily on these services. Activists argue that offering free travel on government boats would involve only a limited financial burden compared to the bus scheme.

Share This Article