മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് പൊതുവെ അറിയപ്പെടുന്ന കാര്യമാണ്. എന്നാൽ മദ്യം ഏത് പാത്രത്തിലാണ് സൂക്ഷിക്കുന്നത് എന്നതും ആരോഗ്യത്തെ ബാധിക്കാനിടയുള്ള പ്രധാന ഘടകമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് പ്ലാസ്റ്റിക് കുപ്പികളിൽ ദീർഘനേരം മദ്യം സൂക്ഷിക്കുന്നത് ആരോഗ്യത്തിനും മദ്യത്തിന്റെ ഗുണനിലവാരത്തിനും പ്രതികൂലമായേക്കാമെന്നാണ് മുന്നറിയിപ്പ്.
ആൽക്കഹോൾ ശക്തമായ ലായകമായതിനാൽ അത് സൂക്ഷിക്കുന്ന പാത്രത്തിലെ ചില ഘടകങ്ങളുമായി രാസപരമായി പ്രതിപ്രവർത്തിക്കാൻ സാധ്യതയുണ്ട്. പ്ലാസ്റ്റിക് കുപ്പികളിൽ ഏറെ നേരം സൂക്ഷിക്കുമ്പോൾ അതിലുള്ള ചില രാസവസ്തുക്കൾ മദ്യത്തിലേക്ക് കലരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇത് ആരോഗ്യത്തെ മാത്രമല്ല, മദ്യത്തിന്റെ രുചിയെയും മണത്തെയും ബാധിച്ചേക്കാം. മദ്യത്തിന്റെ യഥാർഥ സ്വാദും ഗുണനിലവാരവും ദീർഘകാലം നിലനിർത്താൻ ഗ്ലാസ് കുപ്പികൾ കൂടുതൽ അനുയോജ്യമാണെന്ന് വിദഗ്ധർ പറയുന്നു. അതുകൊണ്ടാണ് ഉയർന്ന നിലവാരമുള്ളതും വിലകൂടിയതുമായ മദ്യങ്ങൾ സാധാരണയായി ഗ്ലാസ് കുപ്പികളിലാണ് വിപണിയിലെത്തുന്നത്.
പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്ന മദ്യം ക്രമേണ ഗുണമേന്മയും രുചിയും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്ലാസ്റ്റിക്കിൽ നിന്ന് പുറത്തുവരുന്ന ചില രാസസംയുക്തങ്ങൾ ശരീരത്തിൽ പ്രവേശിച്ചാൽ തലവേദന, തലകറക്കം, വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എത്തനോൾ ഉൾപ്പെടെയുള്ള നിരവധി ജൈവസംയുക്തങ്ങൾ അടങ്ങിയ സങ്കീർണ ഘടനയുള്ള പാനീയമാണ് മദ്യം. അതിനാൽ പാക്കേജിംഗ് വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഏറെ പ്രധാനമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാസപരമായി സ്ഥിരതയുള്ളതും മദ്യവുമായി പ്രതികരിക്കാത്തതുമായ ഗ്ലാസ് പാത്രങ്ങളാണ് മദ്യം സൂക്ഷിക്കാൻ ഏറ്റവും സുരക്ഷിതമായ മാർഗമെന്നാണ് വിദഗ്ധരുടെ ശുപാർശ.
English Summary
Experts warn that storing alcohol in plastic bottles for long periods may affect both health and the quality of the beverage. Since alcohol is a strong solvent, chemicals from plastic containers can potentially leach into the liquid. Glass bottles are considered safer and help preserve the taste and quality of alcohol for longer periods.
