മുത്തച്ഛൻ മാറിനിന്ന നിമിഷം അഞ്ചുവയസ്സുകാരിയെ ബൈക്കിലെത്തി തട്ടിക്കൊണ്ടുപോയി; ഒടുവിൽ പിടികൂടിയത് 29കാരനെ; വൈദ്യപരിശോധനയിൽ പുറത്തുവന്നത് നടുക്കുന്ന വിവരങ്ങൾ

1 Min Read

ലഖ്‌നൗ: മുത്തച്ഛനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ 29കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്ദൻ കുമാർ ഷാ എന്നയാളാണ് പിടിയിലായത്. ഉത്തർപ്രദേശിലെ ബാൻസ്ദിഹ് റോഡ് കവലയ്ക്ക് സമീപമായിരുന്നു സംഭവം.

ജൂൺ 11-ന് രാത്രി മുത്തച്ഛനോടൊപ്പം മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ കോൾഡ് സ്റ്റോറേജിന് സമീപം വാഹനം നിർത്തി മുത്തച്ഛൻ ശുചിമുറിയിലേക്ക് പോയ സമയത്താണ് പ്രതി മറ്റൊരു മോട്ടോർ സൈക്കിളിൽ എത്തി കുട്ടിയെ ബലമായി കൊണ്ടുപോയതെന്ന് പൊലീസ് അറിയിച്ചു.

കുട്ടിയെ കാണാതായതിനെ തുടർന്ന് പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബൻസ്ദിഹ് റോഡ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി സുരക്ഷിതമായി രക്ഷപ്പെടുത്തി.

പിന്നീട് നടത്തിയ വൈദ്യപരിശോധനയിലാണ് കുട്ടി ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയായതായി സ്ഥിരീകരിച്ചതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വാൻഷ് ബഹാദൂർ സിങ് വ്യക്തമാക്കി.

അതിജീവിതയുടെ മൊഴിയുടെയും മെഡിക്കൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ ബലാത്സംഗവുമായി ബന്ധപ്പെട്ട വകുപ്പുകളും പോക്സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

ധേലഹ്വ ബാബയിൽ നിന്ന് ദുബാദ് ഭാഗത്തേക്കുള്ള റോഡിന് സമീപത്ത് വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു. സംഭവത്തിൽ ഉപയോഗിച്ച മോട്ടോർ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

English Summary
A 29-year-old man has been arrested in Uttar Pradesh for allegedly abducting and sexually assaulting a five-year-old girl. The child was kidnapped while her grandfather had briefly stepped away during a motorcycle journey. Police rescued the girl and, based on her statement and medical examination, booked the accused under relevant sections of the Bharatiya Nyaya Sanhita and the POCSO Act.

Share This Article