facebook

കേരളത്തിൽ 4,500 പേർ ജിഎൻഎം പാസാകുമ്പോൾ ഉപരിപഠനത്തിന് ഉള്ളത് വെറും 400 സീറ്റ്! നഴ്സിങ് വിദ്യാർത്ഥികളുടെ കൂട്ടപ്പാലായനത്തിന് കാരണം ഇതോ?

2 Min Read

തിരുവനന്തപുരം: ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി (ജി.എൻ.എം) കോഴ്‌സ് പൂർത്തിയാക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് കേരളത്തിൽ ഉയർന്ന പഠനത്തിനുള്ള അവസരങ്ങൾ പരിമിതമായി തുടരുന്നു. പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് കോഴ്‌സിൽ സംസ്ഥാനത്ത് ലഭ്യമായ സീറ്റുകളുടെ എണ്ണം 400ൽ താഴെയായതിനാൽ നിരവധി വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്.

തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലെ സർക്കാർ നഴ്സിംഗ് കോളേജുകളിലും സ്വകാര്യ മേഖലയിലെ 14 സ്ഥാപനങ്ങളിലുമായി പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് കോഴ്‌സ് നിലവിലുണ്ട്. സർക്കാർ മേഖലയിലായി 96 സീറ്റുകളും സ്വകാര്യ കോളേജുകളിലായി 300 സീറ്റുകളും ഉൾപ്പെടെ ആകെ 396 സീറ്റുകളാണ് നിലവിലുള്ളത്.

ജി.എൻ.എം യോഗ്യത നേടിയ നഴ്സുമാർക്ക് വിദേശ രാജ്യങ്ങൾ ഉൾപ്പെടെ മികച്ച തൊഴിൽ അവസരങ്ങൾ നേടാൻ പോസ്റ്റ് ബേസിക് ബി.എസ്.സി യോഗ്യത പ്രധാനമാണെന്നാണ് വിലയിരുത്തൽ. എന്നാൽ സീറ്റ് ക്ഷാമം കാരണം നിരവധി വിദ്യാർത്ഥികൾ തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും പഠനത്തിനായി പോകേണ്ടി വരുന്നു. ഇതുമൂലം അധിക സാമ്പത്തിക ബാധ്യതയും നേരിടേണ്ടിവരുന്നുണ്ട്.

ഇതിനിടെ പ്ലസ് ടുവിൽ സയൻസ് ഇതര വിഷയങ്ങൾ പഠിച്ച ശേഷം ജി.എൻ.എം കോഴ്‌സ് വിജയിച്ചവർക്കും പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് പ്രവേശനം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. ആരോഗ്യമന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

നിലവിൽ പ്ലസ് ടു സയൻസ് ഗ്രൂപ്പ് പഠിച്ചിരിക്കണമെന്ന കേരള ആരോഗ്യ സർവകലാശാലയുടെ നിബന്ധനയാണ് ഒഴിവാക്കുന്നത്. ഇതോടെ കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷം ജി.എൻ.എം വിജയിച്ചവർക്കും പോസ്റ്റ് ബേസിക് ബി.എസ്.സി പഠനത്തിന് അവസരം ലഭിക്കും.

സംസ്ഥാനത്ത് ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിന് ആകെ 4,524 സീറ്റുകളാണുള്ളത്. ഇതിൽ 579 സീറ്റുകൾ സർക്കാർ മേഖലയിലും 3,945 സീറ്റുകൾ സ്വകാര്യ മേഖലയിലുമാണ്.

English Summary
Thousands of GNM-qualified nurses in Kerala are facing limited higher education opportunities due to a shortage of Post Basic BSc Nursing seats, with only 396 seats available across the state. To provide relief, the government has relaxed eligibility norms, allowing GNM nurses from non-science backgrounds to apply for the course.

Share This Article