തിരുവനന്തപുരം: പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറഞ്ഞതോടെ സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി വിലയിരുത്തൽ. പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനമാണ് ഇതിന് പ്രധാന കാരണമെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വരുന്ന ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായ ശക്തമായ മഴയ്ക്ക് സാധ്യത കുറവാണെന്നും ഇടവിട്ടുള്ള മഴ മാത്രമാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. കടലിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനെ തുടർന്ന് മത്സ്യബന്ധന വിലക്കും പിൻവലിച്ചു.
ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ എൽനിനോ സ്വാധീനം മൂലം മഴയിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ജൂൺ 1 മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് ലഭിച്ച മഴയുടെ അളവ് സാധാരണ നിലവാരത്തിന് സമാനമാണ്. ഈ കാലയളവിൽ 280.5 മില്ലിമീറ്റർ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടിയിരുന്നതെങ്കിലും 280.3 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഇതോടെ നിലവിൽ മഴയിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ.
English Summary
The southwest monsoon has weakened in Kerala as the strength of the westerly winds has reduced, influenced by the developing El Niño conditions over the Pacific Ocean. The India Meteorological Department has not issued any rain alerts for the coming week, and widespread heavy rainfall is unlikely. However, rainfall received in the state since June 1 has remained close to normal levels.
