facebook

പിന്നിൽ പാർട്ടിയിലെ ആ ഉന്നതൻ! ബിന്ദുവും കനകദുർഗയും മലകയറുമ്പോൾ പത്മകുമാറും ഐജി ശ്രീജിത്തും എവിടെയായിരുന്നു? ശബരിമലയിലെ അണിയറക്കഥ പുറത്ത്

2 Min Read

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ച 2019 ജനുവരി 1-ന് തന്നെ സന്നിധാനത്ത് നിന്ന് ബോധപൂർവം മാറ്റിനിർത്തിയെന്ന വെളിപ്പെടുത്തലുമായി മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. അന്നത്തെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എഡിജിപി എസ്. ശ്രീജിത്തിനെയും സന്നിധാനത്ത് നിന്ന് മാറ്റിയിരുന്നുവെന്നും, പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഒരു ഉന്നതന്റെ ഇടപെടലാണ് ഇതിന് പിന്നിലെന്നും അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വിവരങ്ങൾ അദ്ദേഹത്തിന്റെ ആത്മകഥയിലും ഉൾപ്പെടുമെന്നാണ് സൂചന.

പ്രക്ഷോഭകാലത്ത് തന്റെ കുടുംബത്തിലെ യുവതികളാരും ശബരിമല ദർശനത്തിന് പോകില്ലെന്ന് പൊതുവേദിയിൽ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് തന്നെ അകറ്റിനിർത്തിയതെന്നാണ് പത്മകുമാറിന്റെ വിലയിരുത്തൽ. ശബരിമലയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന അന്നത്തെ ഐജി എസ്. ശ്രീജിത്തിനെയും പൊലീസ് ആസ്ഥാനത്തേക്ക് അടിയന്തരമായി വിളിച്ചുവരുത്തിയിരുന്നുവെന്നാണ് വിവരം.

മകരവിളക്ക് തീർത്ഥാടനത്തിനിടെയാണ് സംഭവം നടന്നത്. സന്നിധാനത്തേക്ക് പോകുന്നതിനിടെ ഭരണനേതൃത്വവുമായി ബന്ധപ്പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം പത്മകുമാറിനെ അടിയന്തരമായി തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയായിരുന്നു. രാത്രി വൈകി എത്തിയ അദ്ദേഹം, സ്വാധീനമുള്ള ഒരു നേതാവിനെ കാണാനെത്തിയെങ്കിലും അദ്ദേഹത്തെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. പിന്നീട് വിളിച്ചിട്ടും ബന്ധപ്പെട്ടവരിൽ നിന്ന് പ്രതികരണമുണ്ടായില്ലെന്നാണ് വിവരം.

രാവിലെ അഞ്ച് മണിക്ക് നേതാവിനെ കാണാമെന്ന് അറിയിച്ചതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയ പത്മകുമാർ, പുറപ്പെടുന്നതിന് മുമ്പ് ടെലിവിഷൻ കണ്ടപ്പോഴാണ് ബിന്ദു അമ്മിണിയും കനകദുർഗയും ശബരിമലയിൽ പ്രവേശിച്ച വിവരം അറിഞ്ഞതെന്ന് പറയപ്പെടുന്നു. പിന്നീട് ബന്ധപ്പെട്ട ഉന്നതനെ കണ്ടപ്പോൾ “ഈ ചതി വേണ്ടായിരുന്നു” എന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിന് പിന്നാലെ രാജിക്കത്ത് കൈയിൽ കരുതിയാണ് പത്മകുമാർ അടുത്ത ബന്ധമുള്ള ഒരാളെ കാണാൻ പോയതെന്നും, എന്നാൽ രാജിവയ്ക്കേണ്ടെന്ന് ഉപദേശം ലഭിച്ചതിനെ തുടർന്ന് ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നുവെന്നും വിവരം. തുടർന്ന് ഭരണനേതൃത്വവുമായി അകൽച്ചയിലായ അദ്ദേഹത്തെ പാർട്ടി ഒതുക്കിയതായും റിപ്പോർട്ടുകളിൽ പറയുന്നു.

English Summary

Former Travancore Devaswom Board president A. Padmakumar has claimed that he and then IG S. Sreejith were deliberately kept away from Sabarimala on January 1, 2019, the day women devotees Bindu Ammini and Kanakadurga entered the shrine. He reportedly alleged that influential figures in the party and administration orchestrated the move. The revelations are expected to feature in his upcoming autobiography.

Share This Article