facebook

ഇനി വണ്ടിയോടിക്കാൻ പെട്രോൾ വേണ്ട, 100% എഥനോൾ ഇന്ധനത്തിന് ഗ്രീൻ സിഗ്നൽ! ചരിത്ര ഉത്തരവിൽ ഒപ്പുവെച്ച് നിതിൻ ഗഡ്കരി; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ; എണ്ണവില കുറയുമോ? 

2 Min Read

ന്യൂഡൽഹി: രാജ്യത്തെ വാഹന-ഊർജ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ. 100 ശതമാനം എഥനോൾ (ഇ100) നിയമപരമായ വാഹന ഇന്ധനമായി ഉപയോഗിക്കാൻ അനുമതി നൽകുന്ന ഉത്തരവിൽ കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി ഒപ്പുവച്ചു.

ഇതോടെ രാജ്യത്തെ ഗതാഗത മേഖലയിലുടനീളം ജൈവ ഇന്ധനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള വിതരണത്തിനും ആവശ്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിനും നിയമപരമായ അടിത്തറ ലഭിച്ചതായി ഗഡ്കരി അറിയിച്ചു. ‘ഇ100’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ഇന്ധനത്തിന് അനുമതി നൽകിയത് വിദേശ അസംസ്കൃത എണ്ണ ഇറക്കുമതിയിലുള്ള ആശ്രയത്വം കുറയ്ക്കാൻ സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ.

സസ്യാധിഷ്ഠിത ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന ഫ്ലെക്സി-ഫ്യൂവൽ വാഹനങ്ങളുടെയും പ്രത്യേക എഞ്ചിനുകളുടെയും ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിലും പുതിയ നയം നിർണായകമാകുമെന്ന് സർക്കാർ വിലയിരുത്തുന്നു. പ്രമുഖ വാഹന നിർമാതാക്കൾ ഈ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താൻ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ.

അതേസമയം, കരിമ്പ് കർഷകരും ധാന്യ ഉത്പാദകരും ഉൾപ്പെടെയുള്ള കാർഷിക മേഖലയ്ക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ഈ നീക്കം സഹായകരമാകും. അധികമായി ഉത്പാദിപ്പിക്കുന്ന കരിമ്പ്, ചോളം, കേടുവന്ന ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയവ ബയോ-റിഫൈനറികളിലൂടെ രണ്ടാം തലമുറ എഥനോൾ ഉത്പാദനത്തിനായി ഉപയോഗിക്കാനാകും. ഇതുവഴി രാജ്യത്തിന്റെ ഇറക്കുമതിച്ചെലവിൽ വലിയ കുറവ് വരുത്താനാകുമെന്നാണ് വിലയിരുത്തൽ.

നിയമപരമായ അനുമതി ലഭിച്ചതോടെ പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയവും പൊതുമേഖലാ എണ്ണക്കമ്പനികളും പ്രധാന നഗരങ്ങളിലും കാർഷിക മേഖലകളിലും ഘട്ടംഘട്ടമായി ഇ100 വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ നീക്കം ആരംഭിക്കുമെന്നാണ് സൂചന.

അതേസമയം, എഥനോളിന് ഈർപ്പം ആകർഷിക്കാനുള്ള ശേഷിയും തുരുമ്പുണ്ടാക്കാനുള്ള സാധ്യതയും കൂടുതലായതിനാൽ സംഭരണ ടാങ്കുകളിലും പൈപ്പ് ലൈൻ സംവിധാനങ്ങളിലും സാങ്കേതിക നവീകരണങ്ങൾ ആവശ്യമായി വരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

English Summary

The Central Government has approved the use of 100% ethanol (E100) as a legal automotive fuel, with Union Minister Nitin Gadkari signing the order. The move is expected to reduce India’s dependence on crude oil imports, promote flex-fuel vehicles, and provide economic benefits to farmers by creating demand for surplus agricultural produce used in ethanol production.

Share This Article