ബിഹാറിലെ പട്നയിൽ പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ ഒളിവിലായിരുന്ന മൂന്ന് പ്രതികൾ കൊല്ലപ്പെട്ടു. ദാനാപൂരിലെ താരാചക് സ്വദേശിയായ ജയ് പ്രകാശ് റായി, ബബ്ലു യാദവ്, രാജാ ശർമ്മ എന്ന സൂരജ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഷേർപൂരിൽ വെള്ളിയാഴ്ച നടന്ന വെടിവയ്പ്പിലെ മുഖ്യപ്രതികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. ഏറെക്കാലമായി മൂവരും ഒളിവിലായിരുന്നു.
ബിഹാർ എസ്ടിഎഫും പട്ന പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഷേർപൂർ മേഖലയിൽ കുറ്റവാളികൾ ഒത്തുകൂടിയിട്ടുണ്ടെന്നും മറ്റൊരു കുറ്റകൃത്യത്തിന് മൂവരും പദ്ധതിയിടുന്നുണ്ടെന്നും പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പ്രദേശത്തെത്തിയത്.
പൊലീസിന് നേരെ വെടിവയ്പ്പ്
പോലീസ് സംഘത്തെ കണ്ട ഉടൻ പ്രതികൾ വെടിയുതിർത്തതായാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. തുടർന്ന് പൊലീസ് തിരിച്ചും വെടിയുതിർക്കുകയായിരുന്നു.
ഏറ്റുമുട്ടലിനിടെ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് പരുക്കേറ്റു.ഷേർപൂർ വെടിവയ്പ്പ് കേസിലെ പ്രധാന പ്രതികളായിരുന്ന മൂവരും സംഭവത്തിന് ശേഷം ഏറെക്കാലമായി ഒളിവിലായിരുന്നു.
ആയുധങ്ങൾ കണ്ടെടുത്തു
ഏറ്റുമുട്ടലിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ ഒരു നാടൻ തോക്ക്, രണ്ട് പിസ്റ്റളുകൾ, ഒമ്പത് വെടിയുണ്ടകൾ, ആറ് വെടിയുണ്ട കവറുകൾ എന്നിവ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.
പ്രദേശത്ത് കൂടുതൽ അന്വേഷണങ്ങളും തെളിവെടുപ്പുകളും പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
English Summary : Three absconding accused were killed in a police encounter in Patna, Bihar. The deceased were identified as Jai Prakash Rai, Bablu Yadav and Raja Sharma alias Suraj Kumar, who were accused in the Sherpur firing case. Weapons and ammunition were recovered from the encounter site.
