കൊച്ചി: രാജ്യത്തെ വൈദ്യുത വാഹന (ഇ.വി) വിപണി മേയ് മാസത്തിൽ റെക്കോർഡ് വളർച്ച കൈവരിച്ചു. മൊത്തം വാഹന വിൽപ്പനയുടെ 11 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മേയ് മാസത്തിൽ മാത്രം 2,71,682 ഇ.വികൾ വിറ്റഴിയുകയും മുൻവർഷത്തെ അപേക്ഷിച്ച് 45 ശതമാനം വർധന രേഖപ്പെടുത്തുകയും ചെയ്തു.
പെട്രോൾ, ഡീസൽ വിലവർധനയും പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷത്തെ തുടർന്നുണ്ടായ ഇന്ധനവില അനിശ്ചിതത്വവും കൂടുതൽ ചെലവുകുറഞ്ഞ ഗതാഗത മാർഗങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ താൽപര്യം വർധിപ്പിച്ചതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ) വിലയിരുത്തി.
ഇരുചക്ര വാഹനങ്ങളിൽ വൻ മുന്നേറ്റം
ഇ.വി വിൽപ്പനയിൽ ഏറ്റവും മികച്ച വളർച്ച രേഖപ്പെടുത്തിയത് ഇരുചക്ര വാഹന വിഭാഗമാണ്. മേയ് മാസത്തിൽ 1,70,733 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വിറ്റഴിയുകയും 62.8 ശതമാനം വളർച്ച കൈവരിക്കുകയും ചെയ്തു. ഇതോടെ മൊത്തം ഇരുചക്ര വാഹന വിപണിയിൽ ഇ.വികളുടെ വിഹിതം 6.1 ശതമാനത്തിൽ നിന്ന് 9.3 ശതമാനമായി ഉയർന്നു.
യാത്രാവാഹന വിഭാഗത്തിലും ശ്രദ്ധേയമായ മുന്നേറ്റമാണ് ഉണ്ടായത്. 26,682 ഇലക്ട്രിക് കാറുകൾ വിറ്റഴിഞ്ഞതോടെ ഈ വിഭാഗത്തിൽ 81.2 ശതമാനം വളർച്ച രേഖപ്പെടുത്തി. മൊത്തം യാത്രാവാഹന വിപണിയിലെ ഇ.വികളുടെ വിഹിതം 4.5 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി ഉയർന്നു.
ത്രിചക്ര വാഹനങ്ങളിലും വാണിജ്യ വാഹനങ്ങളിലും മികച്ച വളർച്ചയാണ് ഉണ്ടായത്. വൈദ്യുത ചരക്ക് വാഹനങ്ങളുടെ വിൽപ്പന ഇരട്ടിയിലധികം വർധിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങൾ
‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ആഭ്യന്തര ഉൽപ്പാദനം വർധിച്ചത്
രാജ്യവ്യാപകമായി ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം വർധിച്ചത്
ആകർഷകമായ വായ്പാ പദ്ധതികളും സർക്കാർ ആനുകൂല്യങ്ങളും
അതിവേഗം വികസിക്കുന്ന ദേശീയ ചാർജിങ് ശൃംഖല
ഗ്രാമീണ മേഖലയിലും സ്വീകാര്യത ഉയരുന്നു
നഗരങ്ങളിലാണ് ഇ.വി വിൽപ്പനയിൽ മുൻതൂക്കമെങ്കിലും ചെറുപട്ടണങ്ങളിലും ഗ്രാമീണ മേഖലയിലും ആവശ്യക്കാർ വർധിക്കുന്നതായി ഡീലർമാർ ചൂണ്ടിക്കാട്ടുന്നു. വൈദ്യുത ട്രാക്ടറുകളുടെ വിൽപ്പനയിൽ 17.15 ശതമാനം വർധന രേഖപ്പെടുത്തിയതും ഗ്രാമീണ മേഖലയിൽ ഇ.വികൾക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
വരും മാസങ്ങളിലും പ്രതീക്ഷ
പ്രത്യേകിച്ച് ഇരുചക്ര വാഹന വിഭാഗത്തിൽ വരും മാസങ്ങളിലും ശക്തമായ വളർച്ച തുടരുമെന്നാണ് ഡീലർമാരുടെ പ്രതീക്ഷ. എന്നാൽ കേരളത്തിൽ മഴക്കാലം ആരംഭിച്ചതോടെ വാഹനവിപണിയിൽ നേരിയ മന്ദഗതിക്ക് സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
“രാജ്യത്തെ ഗതാഗത മേഖലയിലെ പരിവർത്തനത്തിന്റെ സുപ്രധാന നാഴികക്കല്ലാണ് ഇത്. വൈദ്യുത വാഹനങ്ങൾ സ്വീകരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ തെളിവാണിത്,” എന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് പ്രസിഡന്റ് സി.എസ്. വിഗ്നേശ്വർ പറഞ്ഞു.
English Summary
India’s electric vehicle market recorded a milestone in May 2026, with EVs accounting for 11% of total vehicle sales. A total of 271,682 electric vehicles were sold during the month, marking a 45% year-on-year growth. Electric two-wheelers and passenger vehicles led the surge, supported by rising fuel prices, improved charging infrastructure, and government incentives.
