facebook

ഓണത്തിന് മുമ്പ് അക്കൗണ്ടിലേക്ക് 1,000 രൂപയെത്തും! 5 ലക്ഷം കോളജ് വിദ്യാർഥിനികൾക്കായി ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതി; സ്കോളർഷിപ്പ് ഉള്ളവർക്കും പണം കിട്ടുമോ?

2 Min Read

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് കോളജുകളിൽ പഠിക്കുന്ന അഞ്ചുലക്ഷത്തിലേറെ വിദ്യാർഥിനികൾക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകുന്ന ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതി ഓണത്തിന് മുമ്പ് നടപ്പാക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. പദ്ധതിക്കായി വാർഷിക ബജറ്റിൽ 500 മുതൽ 600 കോടി രൂപ വരെ വകയിരുത്തും.

ബിരുദ, ബിരുദാനന്തര, ഗവേഷണ വിദ്യാർഥിനികൾക്കാണ് പ്രതിവർഷം 12,000 രൂപ വീതം ലഭിക്കുക. നിലവിൽ സ്കോളർഷിപ്പ്, ഫെലോഷിപ്പ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നവരെയും പദ്ധതിയിൽ നിന്ന് ഒഴിവാക്കില്ല.

ആദ്യഘട്ടത്തിൽ സ്വാശ്രയ കോളജുകളിലെ വിദ്യാർഥിനികളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഉയർന്ന ഫീസ് നൽകി പഠിക്കുന്ന വിദ്യാർഥിനികൾക്കും സമാന ആനുകൂല്യം നൽകുന്നത് വിവാദങ്ങൾക്ക് ഇടയാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണിത്. എന്നാൽ, തുടർഘട്ടങ്ങളിൽ ഇവരെയും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കും.

സർവകലാശാലകളിലും കോളജുകളിലും ഗവേഷണം നടത്തുന്ന വിദ്യാർഥിനികൾക്ക് വിവിധ ഗ്രാന്റുകളും ഫെലോഷിപ്പുകളും ലഭിക്കുന്നുണ്ടെങ്കിലും, ഇവർക്കും പ്രതിമാസം 1,000 രൂപ വീതം നൽകും.

ഹാജർ നിർണായകം
പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ വിദ്യാർഥിനികൾക്ക് കൃത്യമായ ഹാജർ ഉറപ്പാക്കണം. പഠനം ഇടയ്ക്ക് ഉപേക്ഷിക്കുന്നവർക്ക് ധനസഹായം ലഭിക്കില്ല. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെയും റാങ്ക് ജേതാക്കളെയും പ്രത്യേകമായി പരിഗണിച്ച് തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ‘ജോബ് വാച്ച് ടവർ’ സംവിധാനവുമായി ഏകോപിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

സ്വകാര്യ, കോർപറേറ്റ് സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടുകളിലൂടെയും വിവിധ സ്വകാര്യ ഫെലോഷിപ്പുകളിലൂടെയും കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും നടക്കും. ഉന്നത പഠനത്തിനും തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനുമാണ് ഈ നീക്കം.

“കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1,000 രൂപ നൽകുന്ന ഇന്ദിരാ ഗ്യാരന്റി പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞു,” എന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.

English Summary
The Kerala government is set to launch the ‘Indira Guarantee’ scheme before Onam, providing ₹1,000 per month to more than five lakh girl students studying in government and aided colleges. Undergraduate, postgraduate, and research students will benefit from the scheme, with an annual assistance of ₹12,000. Attendance will be mandatory to avail of the benefit.

Share This Article