കോഴിക്കോട്: കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ നിർണായകമായ ശാസ്ത്രീയ തെളിവുകൾ വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അത്യാധുനിക ഫോറൻസിക് ലാബുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പരിശോധനാഫലങ്ങൾ ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. സംസ്ഥാനത്തെ ഫോറൻസിക് ലബോറട്ടറികളിൽ ആകെ 35,196 കേസുകളാണ് നിലവിൽ തീർപ്പാകാതെ കിടക്കുന്നത്.
വിവരാവകാശ രേഖകൾ പ്രകാരം, തിരുവനന്തപുരം സംസ്ഥാന ഫോറൻസിക് ലാബിൽ ഈ വർഷം ഏപ്രിൽ വരെ 15,069 കേസുകളാണ് തീർപ്പാകാതെ കിടക്കുന്നത്. തൃശൂർ റീജിയണൽ ലാബിൽ 7,250 കേസുകളും, കണ്ണൂർ ലാബിൽ 3,676 കേസുകളും, കൊച്ചി ലാബിൽ 3,075 കേസുകളും പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്.
കേസുകളുടെ വലിയൊരു വിഭാഗം സൈബർ ഫോറൻസിക് പരിശോധനയുമായി ബന്ധപ്പെട്ട സാമ്പിളുകളാണെന്നാണ് വിലയിരുത്തൽ. ഡിജിറ്റൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനനുസരിച്ച് കേസുകളുടെ എണ്ണവും ഉയരുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള ശാസ്ത്രീയ വിദഗ്ധരുടെയും സാങ്കേതിക സംവിധാനങ്ങളുടെയും ലഭ്യത കുറവാണ്.
18 ലാബുകൾ, പക്ഷേ ജീവനക്കാരുടെ ക്ഷാമം
തിരുവനന്തപുരം സംസ്ഥാന ഫോറൻസിക് ലാബിനും കൊച്ചി, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലെ റീജിയണൽ ലാബുകൾക്കും പുറമേ സംസ്ഥാനത്തെ 14 ജില്ലകളിലും ഫോറൻസിക് സയൻസ് ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്.
ഒരു ജില്ലാ ലാബിൽ അസിസ്റ്റന്റ് ഡയറക്ടറും സയന്റിസ്റ്റുമടക്കം ആറു ജീവനക്കാരെങ്കിലും വേണ്ടതാണെങ്കിലും പല ലാബുകളിലും രണ്ടോ മൂന്നോ ഉദ്യോഗസ്ഥർ മാത്രമാണ് സേവനമനുഷ്ഠിക്കുന്നത്. പ്രതിദിനം ശരാശരി 60 കേസുകൾ എത്തുമ്പോൾ 40 കേസുകളിൽ മാത്രമാണ് പരിശോധനാഫലങ്ങൾ നൽകാൻ സാധിക്കുന്നത്.
ഡി.എൻ.എ പരിശോധനാഫലങ്ങൾക്കുപോലും രണ്ടോ മൂന്നോ ആഴ്ച വരെ കാത്തിരിക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പരിശോധനാ ഫലങ്ങളുടെ കാലതാമസം പല കേസുകളുടെയും അന്വേഷണത്തെ ബാധിക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
English Summary
Kerala’s forensic laboratories are facing a huge backlog, with 35,196 cases pending across the state. Despite setting up modern forensic labs in all districts, staff shortages and increasing cybercrime cases have delayed the delivery of scientific reports. The State Forensic Laboratory in Thiruvananthapuram alone has over 15,000 pending cases, affecting the progress of criminal investigations.
