facebook

സ്ത്രീകളുടെ നക്ഷത്രം നോക്കി ‘അവിഹിത’ പ്രവചനം: തട്ടിപ്പ് ജ്യോത്സ്യനെ ഫോണിൽ വിളിച്ച് ചോദ്യം ചെയ്തെന്ന് വെളിപ്പെടുത്തൽ

1 Min Read

തിരുവനന്തപുരം: വ്യത്യസ്ത ജ്യോതിഷ പ്രവചനങ്ങളിലൂടെയും ജ്യോതിഷ രംഗത്തെ തെറ്റായ പ്രചാരണങ്ങൾക്കെതിരായ നിലപാടുകളിലൂടെയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ജ്യോത്സ്യനായ ഹരി പത്തനാപുരത്തിന്റെ പുതിയ വീഡിയോ ചർച്ചയാകുന്നു.

പല പുരുഷന്മാരുമായി അവിഹിത ബന്ധം പുലർത്തുന്ന സ്ത്രീകളുടെ നക്ഷത്രങ്ങൾ എന്ന പേരിൽ മറ്റൊരു ജ്യോത്സ്യൻ പങ്കുവെച്ച വീഡിയോയെ വിമർശിച്ചാണ് ഹരി പത്തനാപുരം രംഗത്തെത്തിയത്. ഇത്തരത്തിലുള്ള പ്രവചനങ്ങൾ കുടുംബ ബന്ധങ്ങളെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

സംശയരോഗമുള്ള ഭർത്താവിന്റെ പെരുമാറ്റം കാരണം കുടുംബജീവിതം പ്രതിസന്ധിയിലായെന്ന് പറഞ്ഞ് ഒരു സ്ത്രീ തന്നെ സമീപിച്ചിരുന്നുവെന്ന് ഹരി വീഡിയോയിൽ പറയുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് ഇത്തരം ജ്യോതിഷ വീഡിയോകൾ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വഴിവിട്ട ബന്ധങ്ങളുണ്ടാകുന്ന നക്ഷത്രങ്ങളാണെന്ന് പറഞ്ഞ് നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ സംശയസ്വഭാവമുള്ള ആളുകൾ ജീവിക്കുന്ന കുടുംബങ്ങളിൽ ഗുരുതരമായ അസ്വാരസ്യങ്ങൾക്കും ബന്ധവിച്ഛേദത്തിനും വരെ കാരണമാകാമെന്ന് ഹരി മുന്നറിയിപ്പ് നൽകി.

മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രവചനങ്ങൾ ജ്യോതിഷത്തിന്റെ പേരിൽ പ്രചരിപ്പിക്കുന്നത് ഒഴിവാക്കേണ്ടതല്ലേയെന്ന് ചോദിച്ച അദ്ദേഹം, ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങൾ ഉന്നയിച്ച് സാധാരണക്കാരിൽ നിന്ന് പണം തട്ടുന്ന പ്രവണതകൾക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും വ്യക്തമാക്കി.

വീഡിയോ ചെയ്ത ജ്യോത്സ്യനെ ഫോണിൽ വിളിച്ച് വിഷയം നേരിട്ട് ഉന്നയിച്ചതായും ഹരി പത്തനാപുരം വീഡിയോയിൽ പറയുന്നുണ്ട്.

English Summary
Astrologer Hari Pathanapuram, known for his unconventional predictions and criticism of misleading astrology practices, has reacted strongly to a viral video claiming certain star signs are associated with extramarital relationships. He warned that such claims can create mistrust and serious problems within families and said he would continue speaking against misinformation spread in the name of astrology.

Share This Article