ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിൽ വീണ്ടും വൻ തീപിടിത്ത ദുരന്തം. സൗത്ത് ഈസ്റ്റ് ദില്ലിയിലെ തുഗ്ലക്കാബാദ് എക്സ്റ്റൻഷനിലെ ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ അഗ്നിശമന സേനയുടെ സമയോചിത ഇടപെടലിലൂടെ വലിയ ദുരന്തമാണ് ഒഴിവായത്.
ഇന്ന് പുലർച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. തുഗ്ലക്കാബാദ് എക്സ്റ്റൻഷൻ മധ്യം മാർഗിലെ ‘നയാ താര’ അപ്പാർട്ട്മെന്റിന് സമീപമുള്ള ഗലി നമ്പർ ഒന്നിലെ ഗ്രൗണ്ട് ഫ്ലോറും അഞ്ച് നിലകളും ഉൾപ്പെടുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. താമസക്കാർ ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു സംഭവം.
പ്രാഥമിക വിവരങ്ങൾ പ്രകാരം കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചത്. മൂന്ന് സ്കൂട്ടറുകൾ, രണ്ട് മോട്ടോർസൈക്കിളുകൾ, ഒരു സൈക്കിൾ എന്നിവ പൂർണമായും കത്തിനശിച്ചു. തുടർന്ന് ഉയർന്ന കനത്ത വിഷപ്പുക ഗോവണികളിലൂടെ മുകളിലത്തെ നിലകളിലേക്ക് വ്യാപിച്ചതോടെ നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി.
ഇടുങ്ങിയ തെരുവുകൾ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായെങ്കിലും അഗ്നിശമന സേന, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് രക്ഷാദൗത്യം നടത്തി. കനത്ത പുക കാരണം പുറത്തേക്കിറങ്ങാൻ കഴിയാതെ ടെറസിൽ കുടുങ്ങിയ രണ്ട് പെൺകുട്ടികളടക്കം നിരവധി പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
ഫയർഫോഴ്സ് ജീവനക്കാർ കെട്ടിടത്തിനുള്ളിൽ നിന്ന് ആറുപേരെ നേരിട്ട് പുറത്തെത്തിച്ചു. പരിക്കേറ്റ എട്ടോളം പേരെ ഉടൻ തന്നെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റി ചികിത്സ നൽകി.
പുലർച്ചെ 3.45 ഓടെ തീ നിയന്ത്രണവിധേയമാക്കുകയും 4 മണിയോടെ അഗ്നിശമന പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. അപകടത്തിൽ കെട്ടിടത്തിന്റെ താഴത്തെ മൂന്ന് നിലകൾക്ക് ഗുരുതര നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണോ മറ്റേതെങ്കിലും സാങ്കേതിക തകരാറാണോ എന്ന് കണ്ടെത്താൻ ദില്ലി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary:
Three people were killed in a major fire that broke out in a six-storey residential building in Tughlakabad Extension, New Delhi, early Thursday morning. Several residents were rescued by firefighters, while around eight injured persons were shifted to AIIMS Trauma Centre. Authorities have launched an investigation to determine the cause of the fire.
