വനിതാ ഡോക്ടറുടെ ആത്മഹത്യയ്ക്ക് പിന്നിൽ  വൻ ചതി! ഡോ. മീനാക്ഷിയെ മരണത്തിലേക്ക് തള്ളിയിട്ടത് ഭർത്താവിന്റെ വിവാഹേതര ബന്ധവും സ്വന്തം പേരിൽ എടുത്ത 2.5 കോടിയുടെ വ്യാജ വായ്പയും; നേത്രരോഗ വിദഗ്ധനായ ഭർത്താവ് ഒടുവിൽ പിടിയിൽ

2 Min Read

ജലന്ധർ: വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നേത്രരോഗ വിദഗ്ധനായ ഡോ. പീയുഷ് സൂദിനെതിരെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി നടപടി സ്വീകരിച്ചത്. പഞ്ചാബിലെ കപുർത്തല സിവിൽ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോ. മീനാക്ഷി (37)യുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

ബുധനാഴ്ച ജലന്ധറിലെ വസതിയിൽ മീനാക്ഷിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മീനാക്ഷിയുടെ പിതാവ് നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

പീയുഷിന് മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയതോടെയാണ് കുടുംബജീവിതത്തിൽ ഗുരുതര പ്രശ്നങ്ങൾ ആരംഭിച്ചതെന്നും കുടുംബം പറയുന്നു. 2023-ൽ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതിനു പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതായി പരാതിയിൽ വ്യക്തമാക്കുന്നു.

ജലന്ധറിൽ ‘നാഷണൽ ഐ കെയർ’ എന്ന പേരിൽ പ്രവർത്തിക്കുന്ന കണ്ണാശുപത്രി ആരംഭിക്കാൻ സാമ്പത്തികമായി പിന്തുണച്ചതും മീനാക്ഷിയാണെന്നാണ് ബന്ധുക്കളുടെ വാദം. വിവാഹശേഷം 35 ലക്ഷം രൂപയുടെ വായ്പ എടുത്ത് ഭർത്താവിനെ സഹായിച്ച മീനാക്ഷി പിന്നീട് സ്വന്തം വരുമാനത്തിൽ നിന്നാണ് അത് തിരിച്ചടച്ചതെന്നും കുടുംബം പറയുന്നു.

2025-ൽ ഭർത്താവ് കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവും കുടുംബം ഉന്നയിച്ചിട്ടുണ്ട്. അന്ന് മീനാക്ഷി പൊലീസ് ഹെൽപ്‌ലൈനിൽ വിളിച്ച് സഹായം തേടിയിരുന്നുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന് ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നതെന്നാണ് വിവരം.

അടുത്തിടെ വീട് വാങ്ങുന്നതിനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് സ്വന്തം അറിവില്ലാതെ തന്റെ പേരിൽ ഏകദേശം 2.5 കോടി രൂപയുടെ വായ്പ എടുത്തതായി മീനാക്ഷി മനസിലാക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതുസംബന്ധിച്ച് ഭർത്താവിനോട് ചോദ്യം ചെയ്തതോടെ ഭീഷണിപ്പെടുത്തലും മാനസിക പീഡനവും വർധിച്ചുവെന്നും പിതാവ് പറയുന്നു.

ഭർത്താവിന്റെ വിവാഹേതര ബന്ധം തെളിയിക്കുന്നതായി പറയുന്ന ചില സ്വകാര്യ തെളിവുകൾ ഉൾപ്പെടെ അന്വേഷണ സംഘത്തിന് കൈമാറിയതായി കുടുംബം അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

English Summary:
A Punjab-based ophthalmologist, Dr. Piyush Sood, has been arrested in connection with the suicide of his wife, Dr. Meenakshi, a government doctor. The family alleges that prolonged mental and physical harassment, an extramarital affair, and financial irregularities involving loans taken in her name pushed her into severe distress. Police have launched a detailed investigation into the case.



Share This Article