ബെംഗളൂരുവിൽ ആറുവയസ്സുകാരിയായ വെണ്ണിലയുടെ ക്രൂരമായ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന അമ്മയും അഭിഭാഷകയുമായ പ്രിയങ്കയെ പോലീസ് ഒടുവിൽ വലയിലാക്കി. ഹാസനിലെ സക്ലേശ്പുരിലുള്ള ഒരു ഫാംഹൗസിൽ നിന്നാണ് കടുഗോഡി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതിയും പ്രിയങ്കയുടെ ആൺസുഹൃത്തുമായ ജി.എൻ. മോഹനെ പോലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. മകളുടെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് പോലീസിനെ വെട്ടിച്ച് പ്രിയങ്ക ഒളിവിൽ പോയത്. മൊബൈൽ ഫോണോ എടിഎം കാർഡുകളോ ഒന്നുപോലും ഉപയോഗിക്കാതെ അതീവ രഹസ്യമായായിരുന്നു ഇവർ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞുകൂടിയത്.
അതിക്രൂരമായ മർദനത്തെത്തുടർന്നാണ് വെണ്ണില എന്ന ആറുവയസ്സുകാരിക്ക് ജീവൻ നഷ്ടമായതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. മാർച്ച് 24-ന് രാത്രി അമ്മയ്ക്കും മോഹനുമൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയുടെ കൈയിൽ നിന്നും ഐസ്‌ക്രീം അബദ്ധത്തിൽ കാറിനുള്ളിൽ വീണു.
സീറ്റിലും മാറ്റിലും ഐസ്‌ക്രീം പരന്നൊഴുകിയതോടെ പ്രകോപിതനായ മോഹൻ കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു ഐസ്‌ക്രീം വേണമെന്ന് ആവശ്യപ്പെട്ട് കുട്ടി കരഞ്ഞപ്പോൾ ഇയാൾ കൈമുട്ടുകൊണ്ട് കുട്ടിയുടെ വയറ്റിൽ ശക്തിയായി ഇടിക്കുകയും കരച്ചിൽ നിർത്താനായി വായും മൂക്കും പൊത്തിപ്പിടിക്കുകയുമായിരുന്നു. ശ്വാസംമുട്ടിയും ആന്തരികാവയവങ്ങൾക്കേറ്റ പരിക്ക് കാരണവുമാണ് കുട്ടി മരണപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു.
പ്രിയങ്കയുടെ മുൻഭർത്താവും ദാവണെഗരെ സ്വദേശിയുമായ പ്രവീൺ നൽകിയ നിരന്തരമായ പരാതികളെത്തുടർന്നാണ് കേസിൽ കൃത്യമായ അന്വേഷണം നടന്നത്. ഈ വർഷമാദ്യമാണ് പ്രവീണും പ്രിയങ്കയും നിയമപരമായി വേർപിരിഞ്ഞത്.
വിവാഹമോചനത്തിന് ശേഷം മൂത്തമകൾ പ്രവീണിനൊപ്പവും ഇളയമകൾ വെണ്ണില പ്രിയങ്കയ്ക്കൊപ്പവുമായിരുന്നു താമസം. എന്നാൽ കോളേജ് കാലത്തെ സുഹൃത്തായിരുന്ന മോഹനുമായി പ്രിയങ്ക വീണ്ടും അടുത്തതോടെ ഇരുവരും ബെംഗളൂരുവിലെ ആഡംബര വില്ലയിൽ ഒരുമിച്ച് താമസം തുടങ്ങി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ മോഹൻ സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചാണ് പ്രിയങ്കയോടൊപ്പം താമസമാക്കിയത്.
മാർച്ച് 25-ന് രാവിലെ കുട്ടിയെ ഇരുവരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ കുട്ടി മരിച്ചിരുന്നു. ബിരിയാണി കഴിച്ചതുകൊണ്ട് കുട്ടിക്ക് അസ്വസ്ഥത ഉണ്ടായെന്നും കാറിൽ എസി ഓൺ ചെയ്ത് ഉറങ്ങിയപ്പോൾ ആരോഗ്യനില വഷളായെന്നുമൊക്കെ പരസ്പരവിരുദ്ധമായ മൊഴികളാണ് ഇവർ ആദ്യം പോലീസിന് നൽകിയത്.
തുടക്കത്തിൽ കേസ് അന്വേഷിച്ച കടുഗോഡി പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി ആക്ഷേപമുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മർദനത്തിന്റെ വിവരങ്ങൾ ഉണ്ടായിട്ടും പ്രതികളുടെ മൊഴികളിൽ സംശയമുണ്ടായിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് വൈകിയെന്നാണ് പ്രവീണിന്റെ ആരോപണം.
കുട്ടിയുടെ മരണത്തിന് മൂന്ന് ദിവസം മുൻപ് പ്രിയങ്കയും മോഹനും ഒന്നിച്ച് മധുരയിലേക്ക് യാത്ര പോയിരുന്നതായും ഈ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ദിവസമാണ് ക്രൂരത നടന്നതെന്നും പ്രവീൺ വെളിപ്പെടുത്തിയിട്ടുണ്ട്.
ഭർത്താവിനെ സമ്മർദത്തിലാക്കി വിവാഹമോചനം നേടിയ ശേഷമാണ് പ്രിയങ്ക കാമുകനൊപ്പം ജീവിക്കാൻ തുടങ്ങിയത്. പിതാവിന്റെ ശക്തമായ ഇടപെടലുകളും ശാസ്ത്രീയമായ അന്വേഷണവുമില്ലായിരുന്നെങ്കിൽ ഐസ്‌ക്രീമിന്റെ പേരിൽ പൊലിഞ്ഞുപോയ ഒരു പിഞ്ചുകുഞ്ഞിന്റെ കൊലപാതകവിവരം പുറംലോകം അറിയാതെ പോകുമായിരുന്നു.
English Summary
The Bengaluru police arrested Priyanka, a lawyer, from a farmhouse in Sakleshpur for her involvement in the murder of her six-year-old daughter, Vennila. Priyanka’s partner, Mohan, was previously arrested. Mohan brutally assaulted the child and smothered her to
