തൃശൂർ: പാലപ്പിള്ളി കുണ്ടായി ഹാരിസൺ എസ്റ്റേറ്റിലെ വനിതാ വാച്ചർ മഞ്ജുഷ (41)യെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പുച്ചിറ സ്വദേശി ഊട്ടുപുരയ്ക്കൽ ബാലന്റെ മകളാണ് മഞ്ജുഷ. ഫാക്ടറിയിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള വൈദ്യുത ടവറിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
മരണത്തിന് ഫാക്ടറിയിലെ മൂന്ന് ജീവനക്കാർ ഉത്തരവാദികളാണെന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. കുറിപ്പിലെ ആരോപണങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹാരിസൺ എസ്റ്റേറ്റ്; ജോലിക്കിടെ പരിക്കേറ്റിരുന്നു
മൂന്ന് വർഷം മുമ്പ് ജോലിക്കിടെ സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് മഞ്ജുഷയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ഇവരെ ഫാക്ടറി കോമ്പൗണ്ടിലാണ് വാച്ചറായി നിയമിച്ചതെന്നാണ് വിവരം.
എന്നാൽ, കഴിഞ്ഞ 20 ദിവസമായി വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്തെ പുറത്തുള്ള തോട്ടത്തിൽ തനിച്ച് ഡ്യൂട്ടിക്ക് അയച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെയും തൊഴിലാളികളുടെയും ആരോപണം. കാട്ടുപന്നി, ആന, പുലി എന്നിവയുടെ സാന്നിധ്യമുള്ള പ്രദേശത്ത് ഒറ്റയ്ക്ക് ജോലി ചെയ്യേണ്ടിവന്നത് മഞ്ജുഷയ്ക്ക് കടുത്ത മാനസിക സമ്മർദമുണ്ടാക്കിയിരുന്നുവെന്നും അവർ പറയുന്നു.
ആത്മഹത്യാക്കുറിപ്പിൽ മൂന്ന് ജീവനക്കാർക്കെതിരെ ആരോപണം
കഴിഞ്ഞ ജൂലായിൽ മറ്റൊരു മാനേജ്‌മെന്റ് ജീവനക്കാരന്റെ അനുമതിയോടെ ജോലിക്കിടെ 15 മിനിറ്റ് പുറത്തുപോയതുമായി ബന്ധപ്പെട്ട് മഞ്ജുഷയുടെ ഫോണിലേക്ക് മാനേജ്‌മെന്റിലെ ഒരാളിൽ നിന്ന് അസഭ്യ സന്ദേശം ലഭിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
ഇതിനെതിരെ പരാതി നൽകുമെന്ന് മഞ്ജുഷ പറഞ്ഞതിനു പിന്നാലെ മൂന്ന് ജീവനക്കാർ ചേർന്ന് മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നതെന്നാണ് വിവരം. കാടിനോട് ചേർന്നുള്ള തോട്ടത്തിലേക്ക് തനിച്ച് ജോലിക്ക് അയച്ചത് തന്നെ മാനസികമായി തകർക്കാനുള്ള നടപടിയായിരുന്നുവെന്നും കുറിപ്പിൽ പറഞ്ഞതായി റിപ്പോർട്ടുണ്ട്.
അതേസമയം, ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങൾ അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
മഞ്ജുഷയുടെ മരണത്തിൽ എസ്റ്റേറ്റിൽ പണിമുടക്ക്
സംഭവസ്ഥലത്തെത്തിയ വരന്തരപ്പിള്ളി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങളും പൊലീസ് പരിശോധിക്കും.
മഞ്ജുഷയുടെ മരണത്തിൽ പ്രതിഷേധിച്ച് ഹാരിസൺ എസ്റ്റേറ്റിലെ തൊഴിലാളികൾ പണിമുടക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് തൊഴിലാളികളുടെ പ്രതിഷേധം.
English Summary:
A 41-year-old woman watcher, Manjusha, was found dead near an electricity tower at Harrison Estate in Palappilly, Thrissur. Police reportedly recovered a suicide note alleging that three factory employees were responsible for her death. The allegations are being investigated. Estate workers went on strike following her death.
