ചാരുംമൂട്: താമരക്കുളത്ത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ പാമ്പ് ഇരുതലമൂരിയല്ലെന്ന് വനംവകുപ്പിന്റെ സ്ഥിരീകരണം. പശ്ചിമഘട്ടത്തിലെ വനമേഖലയിൽ കാണപ്പെടുന്ന വിഷമില്ലാത്ത അപൂർവ ഇനമായ ‘കവചവാലൻ’ ആണിതെന്ന് വനപാലകർ അറിയിച്ചു. സ്റ്റേഷനറി കടയുടെ തിണ്ണയിൽ കണ്ടെത്തിയ പാമ്പിനെ നാട്ടുകാർ സുരക്ഷിതമായി പിടികൂടിയിരുന്നു.
സ്റ്റേഷനറി കടയുടെ തിണ്ണയിൽ അപൂർവ പാമ്പ്
കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് താമരക്കുളം ജങ്ഷന് കിഴക്കുമാറിയുള്ള മണിയൻപിള്ളയുടെ സ്റ്റേഷനറി കടയുടെ തിണ്ണയിൽ പാമ്പിനെ കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ ഇരുതലമൂരിയെന്ന് തോന്നിക്കുന്ന രൂപമായതിനാൽ നാട്ടുകാർക്ക് ആശങ്കയുണ്ടായി.
കടയുടമ മണിയൻപിള്ളയും അവിടെയുണ്ടായിരുന്നവരും ചേർന്ന് പാമ്പിനെ ഉടൻതന്നെ പ്ലാസ്റ്റിക് ഭരണിയിലാക്കി സുരക്ഷിതമാക്കി.
ചിത്രങ്ങളും വീഡിയോയും പരിശോധിച്ച് വനംവകുപ്പ്
വിവരമറിഞ്ഞെത്തിയ വാർഡ് മെമ്പർ റെനി തോമസ് വനംവകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരം അറിയിച്ചു. തുടർന്ന് വനപാലകരുടെ നിർദേശപ്രകാരം പാമ്പിന്റെ ചിത്രങ്ങളും വീഡിയോയും അയച്ചുകൊടുത്തു.
ഇവ പരിശോധിച്ച ശേഷമാണ് കണ്ടെത്തിയത് ഇരുതലമൂരിയല്ലെന്നും പശ്ചിമഘട്ട വനമേഖലയിൽ കാണപ്പെടുന്ന വിഷമില്ലാത്ത കവചവാലനാണെന്നും വനംവകുപ്പ് സ്ഥിരീകരിച്ചത്.
വനപാലകരുടെ നിർദേശപ്രകാരം സുരക്ഷിതമായി തുറന്നുവിട്ടു
അപൂർവമായി മാത്രം നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന കവചവാലനെ വനപാലകരുടെ നിർദേശപ്രകാരം പിന്നീട് സുരക്ഷിതമായി തുറന്നുവിട്ടു. ഇതോടെ പാമ്പിനെക്കുറിച്ചുണ്ടായിരുന്ന നാട്ടുകാരുടെ ആശങ്കയ്ക്കും വിരാമമായി.
English Summary:
A snake found outside a stationery shop in Thamarakulam, near Charummoodu, was initially mistaken for a two-headed snake. The Forest Department confirmed that it was a harmless shieldtail snake, a rare species found in the Western Ghats. After examining photographs and videos sent by local representatives, forest officials identified the species and advised that it be safely released.
