ലോകകപ്പിന് തൊട്ടുമുമ്പ് വീണ്ടും പരിക്കിന്റെ ചതിക്കുഴിയിൽ നെയ്മർ; ബ്രസീൽ ആരാധകർക്ക് നെഞ്ചിടിപ്പ്

2 Min Read

റിയോ ഡി ജനീറിയോ: ഫിഫ ലോകകപ്പിനുള്ള ഒരുക്കങ്ങൾക്കിടെ ബ്രസീൽ ടീമിന് ആശങ്കയായി സൂപ്പർതാരം നെയ്മറുടെ പരിക്ക്. വലത് കാലിലെ പേശിക്കേറ്റ പരിക്കിനെ തുടർന്ന് നെയ്മർക്ക് രണ്ടുമുതൽ മൂന്നാഴ്ച വരെ വിശ്രമം ആവശ്യമായി വരുമെന്ന് ദേശീയ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ അറിയിച്ചു.

മെയ് 17ന് കൊരിറ്റിബയ്‌ക്കെതിരായ സാന്റോസിന്റെ ലീഗ് മത്സരത്തിനിടെയാണ് നെയ്മർക്ക് പരിക്കേറ്റത്. തുടർന്ന് താരം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. ബ്രസീലിന്റെ പരിശീലന കേന്ദ്രത്തിൽ നടത്തിയ മെഡിക്കൽ പരിശോധനയിലും എംആർഐ സ്കാനിലും ഗ്രേഡ്-2 മസിൽ സ്ട്രെയിൻ സ്ഥിരീകരിച്ചതായി ഡോക്ടർ വ്യക്തമാക്കി.

പരിക്കിനെ തുടർന്ന് പനാമയ്‌ക്കെതിരായ സൗഹൃദ മത്സരവും ജൂൺ 5ന് ഈജിപ്തിനെതിരായ വാം-അപ്പ് മത്സരവും നെയ്മർക്ക് നഷ്ടമാകും. ജൂൺ 13ന് മൊറോക്കോയ്‌ക്കെതിരെയാണ് ലോകകപ്പിൽ ബ്രസീലിന്റെ ആദ്യ മത്സരം. ഈ മത്സരത്തിലും താരം കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ.

ഗ്രൂപ്പ് ഘട്ടത്തിൽ ജൂൺ 20ന് ഹെയ്റ്റിയെയും ജൂൺ 24ന് സ്‌കോട്ട്ലൻഡിനെയും ബ്രസീൽ നേരിടും. ഈ മത്സരങ്ങൾക്കുമുമ്പ് നെയ്മർ പൂർണ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്.

നെയ്മറുടെ പരിക്ക് വേഗത്തിൽ ഭേദമാകുന്നുണ്ടെന്നും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും ബ്രസീൽ മിഡ്ഫീൽഡർ കാസെമിറോ പറഞ്ഞു. 79 ഗോളുകളുമായി ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ് നെയ്മർ.

2023ൽ ഗുരുതര എസിഎൽ പരിക്കേറ്റതിന് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തിനിടെയാണ് പുതിയ തിരിച്ചടി. എന്നിരുന്നാലും പരിശീലകൻ കാർലോ ആൻസലോട്ടി ലോകകപ്പിനുള്ള 26 അംഗ അന്തിമ സ്‌ക്വാഡിൽ നെയ്മറെ ഉൾപ്പെടുത്തിയിരുന്നു.

ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് വരെ പരിക്കേറ്റ താരത്തിന് പകരം മറ്റൊരാളെ ടീമിൽ ഉൾപ്പെടുത്താൻ ഫിഫ നിയമം അനുവദിക്കുന്നതിനാൽ, നെയ്മറുടെ ആരോഗ്യനിലയെ ആശ്രയിച്ചായിരിക്കും ബ്രസീലിന്റെ തുടർ തീരുമാനം.

English Summary:

Brazil star Neymar has suffered a Grade 2 muscle strain in his right calf and is expected to be sidelined for two to three weeks. The injury puts his participation in Brazil’s opening FIFA World Cup match against Morocco in doubt. Neymar will miss upcoming friendlies against Panama and Egypt, while the Brazilian team remains hopeful of his recovery during the group stage.

Share This Article