ചരിത്രത്തിലാദ്യം, പൊതുമേഖലയെ ഒഴിവാക്കി! ₹15,000 കോടിയുടെ യുദ്ധവിമാന പദ്ധതിയുമായി പ്രതിരോധ മന്ത്രാലയം

2 Min Read
2 Min Read

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ തദ്ദേശീയ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോമ്പാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടു. വിമാനത്തിന്റെ പ്രോട്ടോടൈപ്പ് നിർമാണത്തിനായുള്ള താൽപര്യപത്രം സർക്കാർ പുറത്തിറക്കി. രാജ്യത്തെ യുദ്ധവിമാന നിർമാണ രംഗത്ത് സ്വകാര്യ മേഖലയ്ക്ക് കൂടുതൽ അവസരം നൽകുന്ന നിർണായക തീരുമാനമാണിത്.

പ്രതിരോധ മന്ത്രാലയം ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, എൽ ആൻഡ് ടി – ബെൽ – ഡൈനാമാറ്റിക് കൺസോർഷ്യം, ഭാരത് ഫോർജ് – ബിഇഎംഎൽ – ഡാറ്റാ പാറ്റേൺസ് കൺസോർഷ്യം എന്നീ മൂന്ന് സ്വകാര്യ ഗ്രൂപ്പുകളെയാണ് പദ്ധതിക്കായി ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രധാന യുദ്ധവിമാന പദ്ധതിയിൽ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനെ (HAL) ഒഴിവാക്കി സ്വകാര്യ കമ്പനികളെ മാത്രം പരിഗണിക്കുന്നത് ആദ്യമായാണ്.

15,000 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിക്ക് പൂർണ ധനസഹായം കേന്ദ്ര സർക്കാർ നൽകും. ഡിആർഡിഒയ്ക്ക് കീഴിലുള്ള എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസിയുമായി (ADA) സഹകരിച്ചായിരിക്കും തിരഞ്ഞെടുത്ത കമ്പനി പ്രവർത്തിക്കുക. അഞ്ച് പറക്കുന്ന പ്രോട്ടോടൈപ്പുകളും ഒരു സ്ട്രക്ചറൽ ടെസ്റ്റ് എയർക്രാഫ്റ്റും നിർമിക്കുകയാണ് ലക്ഷ്യം.

ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ 650 ഏക്കർ വിസ്തൃതിയുള്ള പുതിയ ഗ്രീൻഫീൽഡ് കേന്ദ്രത്തിലായിരിക്കും നിർമാണം. വിശദമായ ലേല നടപടികൾ പൂർത്തിയാക്കി 2027-ലെ ആദ്യ പാദത്തിൽ കരാർ നൽകാനാണ് ലക്ഷ്യമിടുന്നത്.

ആദ്യ പ്രോട്ടോടൈപ്പ് 2028നും 2032നും ഇടയിൽ പരീക്ഷണ പറക്കൽ നടത്തുമെന്നാണ് പ്രതീക്ഷ. 2035ന് ശേഷം വൻതോതിലുള്ള ഉത്പാദനം ആരംഭിച്ച് വിമാനത്തെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കും.

ഒറ്റ പൈലറ്റിന് പ്രവർത്തിപ്പിക്കാവുന്ന ഇരട്ട എൻജിൻ യുദ്ധവിമാനമായ എഎംസിഎയിൽ അത്യാധുനിക സ്റ്റെൽത്ത് സാങ്കേതികവിദ്യ, ആന്തരിക ആയുധ സംഭരണ സംവിധാനം, ഉയർന്ന വേഗതയും ദൂരപരിധിയും ഉൾപ്പെടെയുള്ള പ്രത്യേകതകൾ ഉണ്ടാകും. പദ്ധതി വിജയകരമായാൽ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ സ്വന്തമായി വികസിപ്പിച്ച രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും ഉയരും.

English Summary:

India has moved forward with its indigenous fifth-generation stealth fighter jet project, the Advanced Medium Combat Aircraft (AMCA). The government has invited three private-sector consortiums to build the prototype under a ₹15,000 crore program funded by the Centre. The aircraft will feature advanced stealth technology, internal weapon bays, and twin engines. If successful, India will join a select group of nations capable of developing and operating fifth-generation fighter aircraft.

Share This Article