പാറക്കല്ലുകളും വെള്ളച്ചാട്ടങ്ങളും തൂക്കുപാലങ്ങളും ചെങ്കുത്തായ കുന്നുകളും നിറഞ്ഞ ദുർഘട പാതകൾ.
അവയിലൂടെ മറിഞ്ഞുവീഴാതെ മുന്നേറാൻ തയ്യാറെടുക്കുന്ന കുഞ്ഞൻ ബാറ്ററി കാറുകൾ. യഥാർഥ ഓഫ്റോഡ് റേസിംഗിന്റെ ആവേശം പകരുന്ന റിമോട്ട് കൺട്രോൾ (ആർ.സി) ഓഫ്റോഡ് റേസിംഗ് കൊച്ചിയിൽ ശ്രദ്ധ നേടുകയാണ്.
ദുർഘട ട്രാക്കുകളിൽ സാഹസിക അനുഭവം
ഇൻഡോർ ഫ്ളോറുകളിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക ട്രാക്കുകളാണ് ഈ വിനോദത്തിന്റെ പ്രധാന ആകർഷണം. റിമോട്ട് കൺട്രോളിലൂടെ വാഹനങ്ങളെ നിയന്ത്രിച്ച് വിവിധ പ്രതിബന്ധങ്ങൾ മറികടക്കണം.
വാഹനം മറിയാതെ ഓരോ ടാസ്കും പൂർത്തിയാക്കാൻ ഏകാഗ്രതയും ക്ഷമയും കൃത്യമായ നിയന്ത്രണവും ആവശ്യമാണ്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പരീക്ഷിക്കാവുന്ന വിനോദമാണിത്. വ്യക്തിഗതമായും ടീമുകളായും ടാസ്കുകളിൽ പങ്കെടുക്കാം.
വെർച്വൽ സ്ക്രീൻ ഗെയിമുകൾക്ക് പകരം നേരിട്ടുള്ള പങ്കാളിത്തമുള്ള വിനോദാനുഭവം ഒരുക്കാനും ആർ.സി റേസിംഗിന് കഴിയും.
തൃക്കാക്കരയിൽ 3000 ചതുരശ്ര അടി ട്രാക്ക്
കൊച്ചിയിലെ ആദ്യ സംരംഭങ്ങളിലൊന്നായ തൃക്കാക്കരയിലെ ആർ.സി 7 കഫേയിൽ 3000 ചതുരശ്ര അടി വിസ്തൃതിയിൽ ട്രാക്കുകൾ ഒരുക്കിയിട്ടുണ്ട്.
എട്ട് ആർ.സി കാറുകൾ വാടകയ്ക്ക് ലഭിക്കും. സ്വന്തം ആർ.സി കാർ കൈവശമുള്ളവർക്കും ട്രാക്ക് സൗകര്യം ഉപയോഗപ്പെടുത്താം.
കാറുകളുടെ വിൽപ്പനയും സർവീസും ഇവിടെ ലഭ്യമാണ്. വാഹനത്തിന്റെ വലിപ്പം അനുസരിച്ചാണ് ആർ.സി കാറുകളെ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നത്.
യഥാർഥ കാറിന്റെ പത്തിലൊന്ന് വലിപ്പമുള്ള മോഡലുകളെ ‘ടെൻ സ്കെയിൽ’ ആർ.സി കാറുകൾ എന്നാണ് വിളിക്കുന്നത്.
20 മിനിറ്റിന് 250 രൂപ; കാറുകൾക്ക് 80,000 രൂപ വരെ
ആർ.സി കാറുകൾക്ക് ഏകദേശം 55,000 രൂപ മുതൽ 80,000 രൂപ വരെയാണ് വില. വാഹനവും ട്രാക്കും ഉൾപ്പെടുന്ന വാടക നിരക്ക് 20 മിനിറ്റിന് 250 രൂപ മുതലാണ്.
നിലവിൽ ടാസ്കുകൾ പൂർത്തിയാക്കുന്നതിനാണ് പ്രധാന പരിഗണന. വാഹനങ്ങൾ തമ്മിലുള്ള പന്തയമത്സരങ്ങളും ഭാവിയിൽ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ആർ.സി 7 ക്ലബ്ബുമായി ബന്ധപ്പെട്ട കെ.എ. ഷബാസ് പറഞ്ഞു.
സംരംഭകത്വത്തിനും സാധ്യത
വാഹനങ്ങളും ട്രാക്കുകളും നിശ്ചിത സമയത്തേക്ക് വാടകയ്ക്ക് നൽകുന്ന അഡ്വഞ്ചർ ക്ലബ്ബുകൾ, ലഘുഭക്ഷണ കഫേകൾ, വാഹന വിൽപ്പന, സർവീസ് തുടങ്ങിയ മേഖലകളിലൂടെ ആർ.സി ഓഫ്റോഡ് റേസിംഗ് പുതിയ സംരംഭക സാധ്യതകളും തുറക്കുന്നു.
സാഹസിക വിനോദവും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുമിച്ച് പങ്കെടുക്കാവുന്ന കളിയനുഭവവും സംയോജിപ്പിക്കുന്ന ഈ മേഖലയ്ക്ക് കൊച്ചിയിൽ കൂടുതൽ ശ്രദ്ധ നേടാനാകുമെന്നാണ് പ്രതീക്ഷ.
English Summary: Remote-control (RC) off-road racing is gaining attention in Kochi, offering miniature battery-powered cars, challenging indoor tracks and task-based racing experiences. RC 7 Café in Thrikkakara has 3,000 square feet of tracks and eight rental cars. Rental starts at ₹250 for 20 minutes, while RC cars cost between ₹55,000 and ₹80,000. The activity also offers potential for adventure clubs, cafés, sales and servicing.
