തൃശൂർ: പരമ്പരാഗത കാർഷിക മേഖലയായ അടയ്ക്ക കൃഷിയും വ്യാപാരവും കടുത്ത പ്രതിസന്ധിയിൽ. സീസണിൽ കിലോയ്ക്ക് 440–450 രൂപ വരെ ലഭിച്ചിരുന്ന അടയ്ക്കയുടെ വില ഇപ്പോൾ 380–400 രൂപയായി കുറഞ്ഞെന്നാണ് വ്യാപാരികൾ പറയുന്നത്.
വിദേശരാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയും കയറ്റുമതിയിലെ പ്രതിസന്ധിയും വിപണിയിലെ ആവശ്യകത കുറഞ്ഞതുമാണ് വിലയിടിവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
മ്യാൻമർ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള അടയ്ക്കയുടെ വരവ് ആഭ്യന്തര വിപണിയെ ബാധിക്കുന്നതായാണ് വ്യാപാരികളുടെ വിലയിരുത്തൽ. ഇതോടെ കേരളത്തിലെ ചെറുകിട, ഇടത്തരം വ്യാപാരികളും അടുത്ത സീസണെക്കുറിച്ച് ആശങ്കയിലാണ്.
ഇറക്കുമതിയും ആവശ്യകതക്കുറവും തിരിച്ചടിയാകുന്നു
കേരളത്തിലെ പഴഞ്ഞി, ചങ്ങരംകുളം തുടങ്ങിയ പ്രധാന വിപണികളിൽനിന്ന് നാഗ്പുരിലെ വാഡി, ഇൻഡോർ എന്നിവിടങ്ങളിലേക്കാണ് അടയ്ക്ക പ്രധാനമായും കയറ്റി അയച്ചിരുന്നത്.
പാൻ, ഗുഡ്ക തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നിർമാണത്തിനാണ് ഇവിടങ്ങളിലെ വിപണികളിൽ അടയ്ക്ക ഉപയോഗിക്കുന്നത്.
ജനുവരി മുതൽ ഏപ്രിൽ വരെയുള്ള സീസണിൽ വിളവെടുക്കുന്ന അടയ്ക്കയുടെ വലിയൊരു ഭാഗം ചെറുകിട, ഇടത്തരം വ്യാപാരികൾ വാങ്ങി സംസ്കരിച്ചാണ് വിപണിയിലെത്തിക്കുന്നത്.
എന്നാൽ, ആവശ്യകത കുറഞ്ഞതും കയറ്റുമതി മന്ദഗതിയിലായതും കാരണം സംഭരിച്ചുവച്ച ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനാകാത്ത സാഹചര്യമുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
ഇതിന്റെ സാമ്പത്തികഭാരം ചെറുകിട വ്യാപാരികളെയാണ് കൂടുതൽ ബാധിക്കുന്നത്. ഇറക്കുമതി തുടരുകയാണെങ്കിൽ അടുത്ത സീസണിൽ കർഷകർക്കും വിലയിടിവിന്റെ ആഘാതമുണ്ടാകുമെന്നാണ് ആശങ്ക.
തൊഴിൽച്ചെലവ് ഉയരുന്നു; അടയ്ക്ക കൃഷി ലാഭകരമല്ല
അടയ്ക്ക കൃഷിയിൽ ഉൽപ്പാദനച്ചെലവ് ഉയരുന്നതും കർഷകർക്ക് തിരിച്ചടിയാണ്. കവുങ്ങുകളിൽ കയറി വിളവെടുക്കാൻ തൊഴിലാളികളെ കിട്ടാത്തതിനാൽ കൂലി വർധിച്ചതായി കർഷകർ പറയുന്നു. കവുങ്ങ് ഒന്നിന് 50–60 രൂപ വരെ വിളവെടുപ്പ് കൂലി നൽകേണ്ടിവരുന്നതും ലാഭം കുറയ്ക്കുന്നു.
അടയ്ക്ക കൃഷിയിൽനിന്ന് ജാതിക്കൃഷിയിലേക്ക് മാറുന്ന കർഷകരുടെ എണ്ണം വർധിക്കുന്നതും പുതിയ തലമുറ കൃഷിയിലേക്ക് കടന്നുവരാത്തതും മേഖലയെ ബാധിക്കുന്നു.
കുന്നംകുളം, പഴുവിൽ, കാട്ടകാമ്പാൽ, ഒങ്ങാലൂർ, കേച്ചേരി, ചൂണ്ടൽ, ഇയ്യൽ, ചങ്ങരംകുളം തുടങ്ങിയ പ്രദേശങ്ങളിലെ അടയ്ക്ക കൃഷിക്കും ഈ പ്രതിസന്ധി തിരിച്ചടിയാണ്.
അഞ്ച് ശതമാനം നികുതിയും ഉൽപ്പന്നങ്ങളിൽ മായം ചേർക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിപണിയെ ബാധിക്കുന്നുണ്ടെന്നാണ് വ്യാപാരികളുടെ വാദം.
ജാതിക്ക വിലയും താഴ്ന്നു; കയറ്റുമതിച്ചെലവ് കുതിക്കുന്നു
അടയ്ക്കയ്ക്കൊപ്പം ജാതിക്ക വിപണിയിലും വിലയിടിവ് അനുഭവപ്പെടുന്നു. സീസണിൽ കിലോയ്ക്ക് 650 രൂപ വരെ ലഭിച്ചിരുന്ന ജാതിക്കാപ്പരിപ്പിന് ഇപ്പോൾ 550–600 രൂപയാണ് വിലയെന്നാണ് റിപ്പോർട്ട്.
യുദ്ധവും ആഗോള വ്യാപാരപ്രശ്നങ്ങളും കാരണം കണ്ടെയ്നർ നിരക്കുകൾ കുത്തനെ ഉയർന്നതും കയറ്റുമതിക്കാർക്ക് തിരിച്ചടിയായി. നേരത്തേ ആറ് മുതൽ ആറര ലക്ഷം രൂപ വരെ ചെലവായിരുന്ന കണ്ടെയ്നറിന് ഇപ്പോൾ 15 ലക്ഷം രൂപ വരെ നൽകേണ്ടിവരുന്നുവെന്നാണ് വ്യാപാരികളുടെ പരാതി.
ഇതോടെ ജാതിക്ക കയറ്റി അയയ്ക്കുമ്പോൾ കിലോയ്ക്ക് 50–60 രൂപ വരെ നഷ്ടമുണ്ടാകുന്നുവെന്നും അവർ പറയുന്നു. ഉയർന്ന ഗതാഗതച്ചെലവും വിലയിടിവും ചേർന്നതോടെ ജാതിക്ക വ്യാപാരവും പ്രതിസന്ധിയിലായി.
സംഭരിച്ച അടയ്ക്ക വിറ്റഴിക്കാനാകാതെ വ്യാപാരികൾ
സീസണിൽ കർഷകരിൽനിന്ന് നല്ല വിലയ്ക്ക് വാങ്ങി സംസ്കരിച്ചുവച്ച അടയ്ക്ക വിറ്റഴിക്കാനാകാതെ കെട്ടിക്കിടക്കുകയാണെന്ന് മലഞ്ചരക്ക് വ്യാപാരി സിജി മുരളീധരൻ പറയുന്നു.
നാഗ്പുർ, ഇൻഡോർ വിപണികളിൽ ആവശ്യകത കുറഞ്ഞതും വിതരണം ചെയ്ത ഉൽപ്പന്നങ്ങളുടെ പണം ലഭിക്കാൻ വൈകുന്നതും വ്യാപാരികളുടെ പ്രവർത്തനമൂലധനത്തെ ബാധിക്കുന്നുണ്ട്.
വിലയിടിവ്, തൊഴിൽച്ചെലവ്, കയറ്റുമതിയിലെ തടസ്സങ്ങൾ എന്നിവ ഒരേസമയം നേരിടേണ്ടിവരുന്നതോടെ അടയ്ക്ക–ജാതിക്ക മേഖലയിൽ ആശങ്ക വർധിക്കുകയാണ്.
English Summary:
Kerala’s arecanut trade is facing a downturn, with prices reportedly falling from ₹440–450 to ₹380–400 per kilogram. Traders cite imports, weak demand in key markets, export difficulties and delayed payments. Rising harvesting costs are also hurting farmers. Nutmeg prices have declined too, while higher container freight charges are increasing exporters’ losses.
