facebook

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ നീതിക്കായി പോരാടിയ നിയമജ്ഞ നവി പിള്ളക്ക് സമാധാന നൊബേൽ

4 Min Read

2026 ലെ സമാധാന നൊബേൽ പുരസ്കാരം ദക്ഷിണാഫ്രിക്കൻ നിയമജ്ഞയും മനുഷ്യാവകാശ പ്രവർത്തകയുമായ നവനീതം ‘നവി’ പിള്ളയ്ക്ക്. രാജ്യാന്തര നിയമവും നീതിവ്യവസ്ഥയും ശക്തിപ്പെടുത്താൻ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് നോർവീജിയൻ നൊബേൽ കമ്മിറ്റി പുരസ്കാരം പ്രഖ്യാപിച്ചത്.

വർണവിവേചനത്തിനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും ഭരണകൂടങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പതിറ്റാണ്ടുകളായി പോരാടിയ വ്യക്തിയാണ് നവി പിള്ള. ദുർബലരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ അവർ വഹിച്ച പങ്ക് രാജ്യാന്തര നിയമചരിത്രത്തിൽ നിർണായകമായ ഏടാണ്.

ഇന്ത്യൻ തമിഴ് വേരുകളുള്ള കുടുംബത്തിൽ 1941 സെപ്റ്റംബർ 23ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിലാണ് നവി പിള്ള ജനിച്ചത്. വർണവിവേചനം ശക്തമായിരുന്ന കാലത്ത് വിദ്യാഭ്യാസം നേടി നിയമരംഗത്തെത്തിയ അവർ പിന്നീട് രാജ്യാന്തര നീതിന്യായ സ്ഥാപനങ്ങളിലെ പ്രമുഖ വ്യക്തിത്വമായി മാറി.

വർണവിവേചനത്തിനെതിരെ നിയമപോരാട്ടം

നവി പിള്ളയുടെ കുടുംബം തമിഴ്‌നാട്ടിൽനിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയവരാണ്. ബസ് ഡ്രൈവറായിരുന്ന പിതാവ് കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മക്കളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി.

വർണവിവേചനം മനുഷ്യരുടെ അവകാശങ്ങളെയും അവസരങ്ങളെയും നിർണയിച്ചിരുന്ന കാലത്ത് വിദ്യാഭ്യാസത്തിലൂടെ മുന്നേറാൻ അവർക്ക് സാധിച്ചു.നെറ്റാൾ സർവകലാശാലയിൽനിന്ന് ബിരുദവും നിയമബിരുദവും നേടിയ നവി പിള്ള 1967 ൽ സ്വന്തം നിയമസ്ഥാപനം ആരംഭിച്ചു.

നെറ്റാൾ പ്രവിശ്യയിൽ നിയമപ്രാക്ടീസ് ആരംഭിച്ച ആദ്യ കറുത്തവർഗക്കാരിയായ വനിതയെന്ന ചരിത്രനേട്ടവും അവർ സ്വന്തമാക്കി. വർണവിവേചനത്തിനെതിരെ പോരാടുകയും രാഷ്ട്രീയ പ്രവർത്തകരുടെയും തടവുകാരുടെയും നിയമപരമായ അവകാശങ്ങൾക്കായി അവർ വാദിച്ചു.

ഭരണകൂടത്തിന്റെ പീഡനങ്ങൾക്കും തടവുകാരുടെ അവകാശലംഘനങ്ങൾക്കുമെതിരെ ശബ്ദമുയർത്തിയ നവി പിള്ള, സ്ത്രീകളുടെ അവകാശസംരക്ഷണത്തിലും സജീവമായി ഇടപെട്ടു. 1985ൽ രാജ്യാന്തര വനിതാ അവകാശ സംഘടനയായ ‘ഇക്വാലിറ്റി നൗ’യുടെ സഹസ്ഥാപകരിൽ ഒരാളായി.

ലിംഗവിവേചനത്തിനെതിരായ നിയമപരവും സാമൂഹികവുമായ പോരാട്ടങ്ങൾക്കും ഇതിലൂടെ കരുത്തുപകർന്നു.

രാജ്യാന്തര നീതിന്യായരംഗത്തെ നിർണായക ഇടപെടലുകൾ

ഹാർവഡ് ലോ സ്കൂളിൽനിന്ന് 1982ൽ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ നവി പിള്ള 1988ൽ ജുഡീഷ്യൽ സയൻസിൽ ഡോക്ടറേറ്റും നേടി. വർണവിവേചനത്തിന് അന്ത്യംകുറിച്ചശേഷം 1995ൽ ദക്ഷിണാഫ്രിക്കൻ ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതയായി.

ഈ പദവിയിലെത്തിയ ആദ്യ കറുത്തവർഗക്കാരിയായ വനിതയെന്ന നേട്ടവും അവർക്ക് സ്വന്തമായി. 1995ൽ ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷനൽ ക്രിമിനൽ ട്രൈബ്യൂണൽ ഫോർ റുവാണ്ടയിൽ ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട നവി പിള്ള, പിന്നീട് ട്രൈബ്യൂണലിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു.

റുവാണ്ടൻ വംശഹത്യയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വിചാരണ ചെയ്തതിലൂടെ രാജ്യാന്തര ക്രിമിനൽ നിയമത്തിന്റെ വികാസത്തിൽ അവർ നിർണായക പങ്കുവഹിച്ചു. റുവാണ്ടൻ വംശഹത്യയുമായി ബന്ധപ്പെട്ട ജീൻ പോൾ അകായേശു കേസിൽ ലൈംഗികാതിക്രമങ്ങളെ വംശഹത്യയുടെയും മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെയും ഭാഗമായി പരിഗണിക്കുന്നതിൽ നവി പിള്ളയുടെ പങ്ക് ചരിത്രപ്രധാനമായി.

യുദ്ധകാലത്തെ ലൈംഗികാതിക്രമങ്ങളെ ഗൗരവമേറിയ രാജ്യാന്തര കുറ്റകൃത്യങ്ങളായി അംഗീകരിക്കുന്നതിൽ ഈ കേസ് വഴിത്തിരിവായി.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണർ

2003 മുതൽ 2008 വരെ രാജ്യാന്തര ക്രിമിനൽ കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ച നവി പിള്ള, 2008 സെപ്റ്റംബർ ഒന്നിന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണറായി ചുമതലയേറ്റു. 2014 വരെ ഈ പദവിയിൽ തുടർന്ന അവർ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇടപെട്ടു.

വർണവിവേചനം, ലിംഗവിവേചനം, രാഷ്ട്രീയ അടിച്ചമർത്തൽ, ന്യൂനപക്ഷങ്ങളുടെ അവകാശലംഘനം തുടങ്ങിയ വിഷയങ്ങളിൽ അവർ ശക്തമായ നിലപാടുകൾ സ്വീകരിച്ചു. മനുഷ്യാവകാശ സംരക്ഷണത്തിനും രാജ്യാന്തര നിയമത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും അവരുടെ പ്രവർത്തനങ്ങൾ സഹായിച്ചു.

അധിനിവേശ പലസ്തീൻ പ്രദേശത്തെക്കുറിച്ച് അന്വേഷിച്ച ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര രാജ്യാന്തര അന്വേഷണ കമ്മിഷനിലും നവി പിള്ള നേതൃത്വം വഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങളിൽ അധികാരകേന്ദ്രങ്ങളുടെ സമ്മർദങ്ങൾക്ക് വഴങ്ങാതെ ഇടപെടുന്ന നിയമജ്ഞയെന്ന നിലയിൽ അവർ ശ്രദ്ധ നേടി.

2026ലെ സമാധാന നൊബേൽ: നീതിയുടെ പ്രാധാന്യം

രാജ്യാന്തര നിയമത്തെയും നീതിന്യായ സംവിധാനങ്ങളെയും ശക്തിപ്പെടുത്താനുള്ള നവി പിള്ളയുടെ പ്രവർത്തനങ്ങൾക്കാണ് 2026ലെ സമാധാന നൊബേൽ പുരസ്കാരം ലഭിച്ചത്. യുദ്ധക്കുറ്റങ്ങൾ, മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ എന്നിവയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിൽ അവർ നൽകിയ സംഭാവനകളെ നൊബേൽ കമ്മിറ്റി പ്രത്യേകം അംഗീകരിച്ചു.

ശക്തിയും അധികാരവും നിയമത്തിന് മുകളിലാണെന്ന ധാരണ ചോദ്യം ചെയ്യുന്ന കാലത്ത് ഈ പുരസ്കാരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. സമാധാനം എന്നത് സംഘർഷങ്ങളുടെ അഭാവം മാത്രമല്ലെന്നും നീതിയും മനുഷ്യാവകാശങ്ങളും നിയമപരമായ ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിലൂടെ മാത്രമേ നിലനിൽക്കുന്ന സമാധാനം സാധ്യമാകൂവെന്നും നവി പിള്ളയുടെ പ്രവർത്തനങ്ങൾ ഓർമിപ്പിക്കുന്നു.

വർണവിവേചനത്തിന്റെ അനുഭവങ്ങളിൽനിന്ന് രാജ്യാന്തര നീതിന്യായരംഗത്തെ ഉന്നത സ്ഥാനങ്ങളിലേക്കുള്ള അവരുടെ യാത്ര നിരവധി തലമുറകൾക്ക് പ്രചോദനമാണ്. നിയമം അധികാരികളുടെ ആയുധമല്ല, മറിച്ച് അനീതിക്കിരയാകുന്ന മനുഷ്യരുടെ സംരക്ഷണത്തിനുള്ള സംവിധാനമാണെന്ന് ജീവിതത്തിലൂടെ തെളിയിച്ച നവി പിള്ളയുടെ പ്രവർത്തനങ്ങൾക്കുള്ള രാജ്യാന്തര അംഗീകാരമായാണ് 2026ലെ സമാധാന നൊബേൽ വിലയിരുത്തപ്പെടുന്നത്.

English Summary : South African jurist Navanethem “Navi” Pillay has been awarded the 2026 Nobel Peace Prize for her efforts to promote peace and international law. Born into a family of Indian Tamil origin in Durban, she became a pioneering lawyer during apartheid and later served as a judge at the International Criminal Tribunal for Rwanda and the International Criminal Court. She also served as the UN High Commissioner for Human Rights from 2008 to 2014. Her work has helped strengthen international accountability for war crimes, crimes against humanity and genocide.

Share This Article