ഇന്ത്യയിലെ ഒട്ടുമിക്ക വീടുകളിലും ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം ചവയ്ക്കുന്ന പതിവുണ്ട്. പല റസ്റ്ററന്റുകളിലും ബില്ലിനൊപ്പം പെരുംജീരകവും കൽക്കണ്ടവും നൽകുന്നതും സാധാരണമാണ്.
വായിൽ നേരിയ മധുരവും ഫ്രഷ്നെസ്സും നൽകുന്നതിനപ്പുറം ദഹനപ്രക്രിയയെ സഹായിക്കുമെന്ന വിശ്വാസവും ഇതിന് പിന്നിലുണ്ട്.
ഗ്യാസ്, ദഹനക്കേട്, വയറുവീക്കം തുടങ്ങിയ പ്രശ്നങ്ങൾക്ക് പെരുംജീരകം പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു.
ഇതിലടങ്ങിയിരിക്കുന്ന അനെത്തോൾ, ഫെഞ്ചോൺ, എസ്ട്രാഗോൾ തുടങ്ങിയ ഘടകങ്ങൾ ദഹനത്തെ സഹായിക്കുമെന്നാണ് ചില വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
പെരുംജീരകം ദഹനത്തിന് സഹായിക്കുമോ?
ആമാശയത്തിലും കുടലിലും ഗ്യാസ് മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാൻ പെരുംജീരകം സഹായിച്ചേക്കാം.
ദഹനനാളത്തിലെ പേശികൾക്ക് ആശ്വാസം നൽകാനും അവിടെയുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാനും ഇതിലെ ചില ഘടകങ്ങൾക്ക് കഴിയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ വയറുവീക്കമോ ഗ്യാസ് പ്രശ്നമോ അനുഭവപ്പെടുമ്പോൾ ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ചിലർക്ക് ആശ്വാസം നൽകാം.
എന്നാൽ സ്ഥിരമായി ദഹനപ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ പെരുംജീരകത്തെ മാത്രം ആശ്രയിക്കാതെ ഡോക്ടറുടെ ഉപദേശം തേടണം.
വായ്നാറ്റം കുറയ്ക്കാൻ പെരുംജീരകം
ഭക്ഷണശേഷം പെരുംജീരകം ചവയ്ക്കുമ്പോൾ ആദ്യം അനുഭവപ്പെടുന്നത് അതിന്റെ സുഗന്ധവും വായിലെ ഫ്രഷ്നെസ്സുമാണ്.
പെരുംജീരകത്തിന്റെ നേരിയ മധുരമുള്ള സുഗന്ധം വായ്നാറ്റം കുറയ്ക്കാൻ ഒരു പരിധിവരെ സഹായിക്കും.
പെരുംജീരകം ചവയ്ക്കുമ്പോൾ ഉമിനീർ ഉൽപാദനം വർധിക്കുകയും വായിലെ ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യും.
വായ വരണ്ടുപോകുന്നത് ഒഴിവാക്കാനും ഇത് സഹായകരമാണ്.എന്നാൽ പെരുംജീരകം പല്ലുതേയ്ക്കുന്നതിനോ വായ വൃത്തിയാക്കുന്നതിനോ പകരമല്ല.
സ്ഥിരമായി വായ്നാറ്റം അനുഭവപ്പെടുന്നവർ കാരണം കണ്ടെത്താൻ ദന്തഡോക്ടറെ സമീപിക്കുന്നതാണ് സുരക്ഷിതം.
അമിതമായി കഴിക്കുന്നത് ഒഴിവാക്കാം
ഭക്ഷണത്തിന് ശേഷം ചെറിയ അളവിൽ പെരുംജീരകം ചവയ്ക്കുന്നതോ പൊടിച്ച് ഭക്ഷണത്തിൽ ചേർക്കുന്നതോ സാധാരണയായി പ്രശ്നമുണ്ടാക്കില്ല.
എന്നാൽ ആരോഗ്യത്തിന് ഗുണകരമാണെന്ന് കരുതി അമിതമായി കഴിക്കുന്നത് ഒഴിവാക്കണം.വിദഗ്ധരുടെ നിർദേശമില്ലാതെ പെരുംജീരകത്തിന്റെ എക്സ്ട്രാക്റ്റുകളോ എണ്ണയോ ഉപയോഗിക്കുന്നതും ഒഴിവാക്കണം.
ചിലരിൽ പെരുംജീരകം അലർജിക്ക് കാരണമാകാം. അത്തരത്തിലുള്ളവർ ഇത് ഒഴിവാക്കേണ്ടതാണ്.കരൾ സംബന്ധമായ അസുഖങ്ങളുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്നവർ എന്നിവർ പെരുംജീരകം ഔഷധമായി ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം.
സാധാരണ ഭക്ഷണത്തിന്റെ ഭാഗമായി പെരുംജീരകം കഴിക്കുന്നതും അതിന്റെ എക്സ്ട്രാക്റ്റുകളോ എണ്ണയോ ഉപയോഗിക്കുന്നതും ഒരുപോലെ കാണരുതെന്നതും ശ്രദ്ധിക്കണം.
English Summary : Fennel seeds are commonly consumed after meals in India and are traditionally associated with better digestion and fresher breath. Fennel may help reduce digestive discomfort and stimulate saliva production, which can help with mouth freshness. However, excessive use and medicinal use of fennel extracts or oil should be avoided without professional advice.
