facebook

ആറ് പതിറ്റാണ്ടിന്റെ സിനിമാജീവിതത്തിന് ആദരം; കമൽഹാസന് ഫാൽക്കേ ഇന്റർനാഷണൽ പുരസ്കാരം

5 Min Read

ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിന് ആദരമായി നടൻ കമൽഹാസന് ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2026.

ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവന പരിഗണിച്ച് ‘Outstanding Contribution in Film Industry’ പുരസ്കാരമാണ് കമൽഹാസന് ലഭിച്ചത്.

നവംബർ 20ന് മുംബൈയിൽ നടന്ന DPIFF 2026 പുരസ്കാര പ്രഖ്യാപനത്തിലാണ് അദ്ദേഹത്തെ ആദരിച്ചത്.

അഭിനയത്തിന് പുറമെ തിരക്കഥ, സംവിധാനം, നിർമാണം തുടങ്ങിയ മേഖലകളിലും ആറു പതിറ്റാണ്ടിലേറെയായി സജീവമായ സംഭാവനകളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.

കമൽഹാസനൊപ്പം ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂൺ, സംഗീതതാരം ടെയ്‌ലർ സ്വിഫ്റ്റ്, നടൻ മൈക്കൽ ബി. ജോർഡൻ തുടങ്ങിയവരും വിവിധ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നേടി.

ബാലതാരത്തിൽ നിന്ന് ബഹുമുഖ പ്രതിഭയിലേക്ക്

1954 നവംബർ 7ന് തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ പരമക്കുടിയിലാണ് കമൽഹാസൻ ജനിച്ചത്. ആറാം 9വയസ്സിൽ ബാലതാരമായി സിനിമയിലെത്തിയ അദ്ദേഹം 1960ൽ പുറത്തിറങ്ങിയ ‘കളത്തൂർ കണ്ണമ്മ’ യിലൂടെ ശ്രദ്ധ നേടി.

ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.പിന്നീട് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

നടനെന്ന നിലയിൽ മാത്രമല്ല, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്, നർത്തകൻ, നൃത്തസംവിധായകൻ, ഗായകൻ തുടങ്ങിയ നിലകളിലും കമൽഹാസൻ സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ചു.

വ്യത്യസ്ത കഥാപാത്രങ്ങൾക്കായി രൂപത്തിലും ശരീരഭാഷയിലും വരുത്തിയ മാറ്റങ്ങളും അഭിനയത്തിലെ പരീക്ഷണങ്ങളും അദ്ദേഹത്തിന്റെ കരിയറിന്റെ പ്രത്യേകതകളായി.

‘അപൂർവ രാഗങ്ങൾ’, ‘16 വയതിനിലേ’, ‘മൂന്നാം പിറൈ’, ‘നായകൻ’, ‘ഇന്ത്യൻ’, ‘ഹേ റാം’, ‘വിരുമാണ്ടി’, ‘വിക്രം’ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ ശ്രദ്ധേയമായ നാഴികക്കല്ലുകളാണ്.

ദേശീയ അംഗീകാരങ്ങളും പ്രധാന പുരസ്കാരങ്ങളും

‘മൂന്നാം പിറൈ’ യിലെ അഭിനയത്തിന് കമൽഹാസന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ‘നായകൻ’, ‘ഇന്ത്യൻ’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളും അദ്ദേഹത്തിന് വ്യാപകമായ അംഗീകാരം നേടിക്കൊടുത്തു.

1990ൽ രാജ്യം കമൽഹാസനെ പത്മശ്രീ നൽകി ആദരിച്ചപ്പോൾ 2014ൽ പത്മഭൂഷൺ നൽകിയാണ് ആദരിച്ചത് .

ദാദാസാഹിബ് ഫാൽക്കെ; ഇന്ത്യൻ സിനിമയുടെ പിതാവ്

ദാദാസാഹിബ് ഫാൽക്കെ എന്നറിയപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെ ഇന്ത്യൻ സിനിമയുടെ ആദ്യകാല വളർച്ചയിൽ നിർണായക പങ്കുവഹിച്ച ചലച്ചിത്രപ്രവർത്തകനാണ്.

1870 ഏപ്രിൽ 30ന് മഹാരാഷ്ട്രയിലെ ത്രയംബകേശ്വറിലാണ് അദ്ദേഹം ജനിച്ചത്.1913ൽ പുറത്തിറങ്ങിയ ‘രാജാ ഹരിശ്ചന്ദ്ര’ ഇന്ത്യയിലെ ആദ്യ മുഴുനീള ഫീച്ചർ സിനിമയാണ്.

ചിത്രത്തിന്റെ നിർമാണം, സംവിധാനം തുടങ്ങിയ ചുമതലകൾ ഫാൽക്കെ നിർവഹിച്ചു. ഇന്ത്യൻ സിനിമയുടെ ആദ്യകാല അടിത്തറ പാകിയ വ്യക്തിയെന്ന നിലയിലാണ് അദ്ദേഹം പിന്നീട് ‘ഇന്ത്യൻ സിനിമയുടെ പിതാവ്’ എന്നറിയപ്പെട്ടത്.

1944 ഫെബ്രുവരി 16നാണ് ഫാൽക്കെ അന്തരിച്ചത്.ഫാൽക്കെയുടെ സംഭാവനകളെ ആദരിക്കുന്നതിനായി കേന്ദ്രസർക്കാർ 1969ൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഏർപ്പെടുത്തി.

നടി ദേവിക റാണിയായിരുന്നു ആദ്യ ജേതാവ്. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനും നൽകിയ സമഗ്രസംഭാവനയ്ക്കാണ് ഈ ദേശീയ പുരസ്കാരം നൽകുന്നത്.

രണ്ട് ‘ദാദാസാഹിബ് ഫാൽക്കെ’ പുരസ്കാരങ്ങൾ; വ്യത്യാസം അറിയാം

കമൽഹാസന് ലഭിച്ച ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിൽ നിന്ന് വ്യത്യസ്തമാണ്.

കേന്ദ്രസർക്കാരിന്റെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ ഭാഗമായാണ് നൽകുന്നത്. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനും നൽകിയ മികച്ച സംഭാവനയ്ക്കുള്ള ദേശീയ ബഹുമതിയാണിത്.

അതേസമയം ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (DPIFF) പ്രത്യേകമായി സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയും പുരസ്കാരവേദിയുമാണ്.

സിനിമ, ടെലിവിഷൻ, വെബ് സീരീസ്, സംഗീതം, അന്താരാഷ്ട്ര സിനിമ തുടങ്ങിയ വിവിധ മേഖലകളിലെ നേട്ടങ്ങളെയാണ് ഇതിലൂടെ ആദരിക്കുന്നത്.

DPIFF 2026; ഇന്ത്യൻ സിനിമയിലെ ജേതാക്കൾ

2026ലെ DPIFF പുരസ്കാരങ്ങളിൽ ‘ധുരന്ധർ’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ പ്രകടനത്തിന് രൺവീർ സിങ്ങിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചപ്പോൾ ‘സയ്യാര’യിലെ അഭിനയത്തിന് അനീത് പദ്ദ മികച്ച നടിയായി.

ആദിത്യ ധറാണ് മികച്ച സംവിധായകൻ. ‘കാന്താര: ചാപ്റ്റർ 1’ ക്രിട്ടിക്സ് മികച്ച ചിത്രമായും ഋഷഭ് ഷെട്ടി ക്രിട്ടിക്സ് മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു.

യാമി ഗൗതം ധർ ക്രിട്ടിക്സ് മികച്ച നടിക്കുള്ള പുരസ്കാരം നേടി. വിനീത് കുമാർ സിങ് മികച്ച സഹനടനായും അക്ഷയ് ഖന്ന നെഗറ്റീവ് റോളിലെ മികച്ച നടനായും റിതേഷ് ദേശ്മുഖ് കോമഡി റോളിലെ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു.

‘കാന്താര: ചാപ്റ്റർ 1’ലെ ഛായാഗ്രഹണത്തിന് അരവിന്ദ് എസ്. കശ്യപിനും ‘കൂലി’യിലെ ‘മോണിക്ക’ ഗാനത്തിന് സാൻഡി മാസ്റ്റർക്കും പുരസ്കാരം ലഭിച്ചു.

സംഗീത വിഭാഗത്തിൽ ഇർഷാദ് കാമിൽ മികച്ച ഗാനരചയിതാവായപ്പോൾ ശാശ്വത് സച്ച്ദേവ് മികച്ച സംഗീതസംവിധായകനായി.

ഫഹീം അബ്ദുള്ള മികച്ച പിന്നണി ഗായകനായി. ഇളയരാജയ്ക്ക് Outstanding Contribution in Music Industry പുരസ്കാരവും കരൺ ഔജ്ലയ്ക്ക് Artist of the Year പുരസ്കാരവും ലഭിച്ചു.

സമയ റെയ്നയാണ് Comedian of the Year.വെബ് സീരീസ്, ടെലിവിഷൻ, അന്താരാഷ്ട്ര വിഭാഗം‘ദ ബാഡ്സ് ഓഫ് ബോളിവുഡ്’ മികച്ച വെബ് സീരീസായി തിരഞ്ഞെടുക്കപ്പെട്ടു.

ഇതിന്റെ സംവിധായകനായി ആര്യൻ ഖാൻ പുരസ്കാരം നേടി. ‘പാതാൾ ലോക് സീസൺ 2’ലെ അഭിനയത്തിന് ജയ്ദീപ് അഹ്ലാവത്ത് മികച്ച വെബ് സീരീസ് നടനായും ‘ഡൽഹി ക്രൈം സീസൺ 3’ലെ പ്രകടനത്തിന് ഷെഫാലി ഷാ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

‘താരക് മേത്ത കാ ഊൾട്ടാ ചഷ്മ’ ടെലിവിഷൻ സീരീസ് ഓഫ് ദ ഇയർ പുരസ്കാരം നേടി. ‘ക്യുങ്കി സാസ് ഭി കഭി ബഹു ഥി 2’ലെ പ്രകടനത്തിന് അമർ ഉപാധ്യായും സ്മൃതി ഇറാനിയും യഥാക്രമം മികച്ച നടനും മികച്ച നടിക്കുമുള്ള പുരസ്കാരങ്ങൾ നേടി.

അന്താരാഷ്ട്ര വിഭാഗത്തിൽ ‘അവതാർ: ഫയർ ആൻഡ് ആഷ്’ മികച്ച അന്താരാഷ്ട്ര ചിത്രമായി. ‘സിന്നേഴ്സ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മൈക്കൽ ബി. ജോർഡൻ മികച്ച നടനായും ‘ഹാംനെറ്റ്’ലെ അഭിനയത്തിന് ജെസ്സി ബക്ലി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ സംവിധാനം ചെയ്ത പോൾ തോമസ് ആൻഡേഴ്സൺ മികച്ച അന്താരാഷ്ട്ര സംവിധായകനായി. ടെയ്‌ലർ സ്വിഫ്റ്റ് International Artist of the Year പുരസ്കാരവും ജെയിംസ് കാമറൂൺ Outstanding Contribution in Global Cinema പുരസ്കാരവും നേടി.

English Summary : Actor Kamal Haasan has received the Outstanding Contribution in Film Industry honour at the Dadasaheb Phalke International Film Festival Awards 2026, recognising his more than six decades of contribution to Indian cinema. The honour is presented by DPIFF and is separate from the Government of India’s Dadasaheb Phalke Award, which is part of the National Film Awards. James Cameron, Taylor Swift and Michael B. Jordan were among the other international honourees at the 2026 DPIFF Awards.

Share This Article