facebook

‘ഞങ്ങൾ അച്ഛനും മകളും പോലെയാണ്’; വിമർശനത്തിന് മറുപടിയുമായി കീർത്തി സുരേഷ്

3 Min Read

ചെന്നൈ : പുതിയ ചിത്രം ‘സത്യവാൻ സാവിത്രി’ യുടെ പ്രസ് മീറ്റിനിടെ സംവിധായകൻ മിഷ്കിൻ തന്റെ കാൽമുട്ടിൽ സ്പർശിച്ചതിനെച്ചൊല്ലിയ വിമർശനങ്ങൾക്ക് മറുപടിയുമായി നടി കീർത്തി സുരേഷ്.

ചെന്നൈയിൽ നടന്ന പ്രസ് മീറ്റിനിടെ മിഷ്കിൻ കീർത്തിയെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് താരത്തിനെതിരെ ചിലർ വിമർശനവുമായി രംഗത്തെത്തിയത്.

മിഷ്കിന്റെ പ്രവൃത്തിയിൽ കീർത്തി അസ്വസ്ഥയായതായി തോന്നുന്നുവെന്നായിരുന്നു ചിലരുടെ വാദം.

സിനിമകളിൽ സഹതാരങ്ങൾ സ്പർശിക്കുന്ന രംഗങ്ങളിൽ അഭിനയിക്കുന്ന നടി പൊതുവേദിയിലെ സമാന സാഹചര്യത്തിൽ എന്തുകൊണ്ട് അസ്വസ്ഥയാകുന്നു എന്ന തരത്തിലുള്ള പരിഹാസവും എക്സിൽ ഉയർന്നു.

ഇതിനാണ് കീർത്തി സുരേഷ് ശക്തമായ ഭാഷയിൽ മറുപടി നൽകിയത്.

കീർത്തി സുരേഷിന്റെ മറുപടി

“ഒന്നാമതായി, എന്റെ മുഖത്ത് എവിടെയാണ് നിങ്ങൾ അസ്വസ്ഥത കണ്ടത്? ഞങ്ങൾ തമ്മിലുള്ളത് അച്ഛനും മകളും പോലെയുള്ള ബന്ധമാണെന്ന് ഞാനും അദ്ദേഹവും പറഞ്ഞത് നിങ്ങൾ കേട്ടില്ലേ?” എന്നായിരുന്നു കീർത്തിയുടെ പ്രതികരണം.

“രണ്ടാമതായി, എനിക്ക് അസ്വസ്ഥത തോന്നിയെന്ന് തന്നെ വയ്ക്കുക. സിനിമകളിൽ അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നുണ്ടെന്ന് കരുതി പൊതുവിടങ്ങളിലും അതെല്ലാം സഹിക്കണമെന്നാണോ നിങ്ങൾ പറയുന്നത്?സഹോദരാ, നിങ്ങളുടെ ചില ചിന്താഗതികൾ തിരുത്തേണ്ടതുണ്ട്,” എന്നും കീർത്തി കുറിച്ചു.

കീർത്തിയുടെ പ്രതികരണത്തിന് പിന്നാലെ വിമർശനമുന്നയിച്ച വ്യക്തി കമന്റിലൂടെ മാപ്പ് പറയുകയും പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.

മിഷ്കിന്റെ പ്രശംസയും സ്വർണ്ണമോതിരവും

അതേസമയം, പ്രസ് മീറ്റിൽ കീർത്തി സുരേഷിനെ മിഷ്കിൻ വാനോളം പുകഴ്ത്തി. വേദിയിൽ കീർത്തിയുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ച മിഷ്കിൻ താരത്തിന് ‘നടികർ തിലകം’ എന്ന വിശേഷണം നൽകുന്നതായും പ്രഖ്യാപിച്ചു.

ഈ വിശേഷണത്തിന് കീർത്തി പൂർണമായും അർഹയാണെന്നും ഇനി മുതൽ കീർത്തി അഭിനയിക്കുന്ന എല്ലാ സിനിമകളിലും പേരിനൊപ്പം ‘നടികർ തിലകം’ എന്ന് ചേർക്കണമെന്നും മിഷ്കിൻ അഭ്യർഥിച്ചു.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ഡൊറോത്തി’ യിലെ കീർത്തിയുടെ പ്രകടനത്തിൽ ആകൃഷ്ടനായ മിഷ്കിൻ താരത്തിന് വേദിയിൽവെച്ച് സ്വർണ്ണമോതിരവും സമ്മാനിച്ചു.

ചിത്രത്തിലെ മറ്റ് താരങ്ങളായ സനത്തിനും ഋഷികാന്തിനും നേരത്തെ മോതിരം നൽകിയിരുന്നെന്നും കീർത്തിക്ക് നൽകാൻ വിട്ടുപോയതിനാലാണ് ഇപ്പോൾ സമ്മാനിക്കുന്നതെന്നും മിഷ്കിൻ വ്യക്തമാക്കി.

കീർത്തിയുടെ മുഖത്തെ മാലാഖയെപ്പോലെയുള്ള പരിശുദ്ധതയെ പ്രശംസിച്ച അദ്ദേഹം താരം ഇനിയും 20 വർഷത്തോളം സിനിമയിൽ സജീവമായി തുടരണമെന്നും ആശംസിച്ചു.

അച്ഛനും മകളും പോലെയുള്ള ബന്ധം

മിഷ്കിനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് കീർത്തിയും വേദിയിൽ സംസാരിച്ചു. സിനിമയുടെ ചിത്രീകരണം ആരംഭിച്ച് രണ്ടാം ദിവസം തന്നെ മിഷ്കിൻ തന്റെ അടുത്തെത്തി, തന്റെ മകൾക്ക് കീർത്തിയുടെ അതേ ഛായയാണെന്ന് പറഞ്ഞതായി താരം ഓർത്തെടുത്തു.

തുടർന്ന് മിഷ്കിൻ മകളുടെ ഫോട്ടോ കാണിച്ചുതന്നതായും കീർത്തി പറഞ്ഞു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെ അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തോടാണ് താരതമ്യം ചെയ്യുന്നതെന്ന് കീർത്തി വ്യക്തമാക്കിയത്.

കീർത്തി സുരേഷും മിഷ്കിനും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘സത്യവാൻ സാവിത്രി’ ഇന്നലെ തിയറ്ററുകളിലെത്തി.

English Summary : Actress Keerthy Suresh has responded strongly to social media criticism over director Mysskin touching her knee during a press meet for their new film Sathiyavaan Savithri in Chennai. Keerthy said she and Mysskin share a bond similar to that of a father and daughter and questioned the comparison between acting in films and behaviour in public spaces. The person who criticised her later apologised and deleted the post.

Share This Article