ചെന്നൈ : കൊളത്തൂർ എംഎൽഎ വി.എസ്. ബാബുവിന്റെ (75) അന്ത്യയാത്രയിൽ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്.
ബാബുവിന്റെ ഭൗതികശരീരം വഹിച്ച ശവമഞ്ചം ചുമന്ന വിജയ്, ചെരിപ്പിടാതെ ഏകദേശം 2.3 കിലോമീറ്ററോളം നടന്നു.
മന്ത്രിമാർ, ടിവികെ എംഎൽഎമാർ, മുതിർന്ന പാർട്ടി ഭാരവാഹികൾ, എംഡിഎംകെ ജനറൽ സെക്രട്ടറി വൈകോ എന്നിവരും വിലാപയാത്രയിൽ പങ്കുചേർന്നു.
വിലാപയാത്ര പൂർത്തിയായതിനു പിന്നാലെ കുടുംബാംഗങ്ങളുടെയും മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിൽ സംസ്കാരച്ചടങ്ങുകൾ നടന്നു. വിജയിനൊപ്പം നിരവധി നേതാക്കളും അന്ത്യാഞ്ജലി അർപ്പിച്ചു.
സ്റ്റാലിനെ തോൽപിച്ച് നിയമസഭയിലെത്തിയ നേതാവ്
ശ്വാസതടസ്സത്തെ തുടർന്ന് രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്നു വി.എസ്. ബാബു. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.കെ. സ്റ്റാലിനെ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്.
മണ്ഡലത്തിൽ തുടർച്ചയായി മൂന്ന് തവണ വിജയിച്ചിരുന്ന സ്റ്റാൻലിന്റെ വിജയത്തുടർച്ച അവസാനിപ്പിച്ച ബാബു 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്.
ഡിഎംകെയിലൂടെ രാഷ്ട്രീയജീവിതം
ഡിഎംകെയിലൂടെയാണ് ബാബു രാഷ്ട്രീയജീവിതം ആരംഭിച്ചത്. 2006-ൽ പുരുഷവാക്കം മണ്ഡലത്തിൽനിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് പാർട്ടി വിട്ട് അണ്ണാഡിഎംകെയിൽ ചേർന്ന അദ്ദേഹം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ടിവികെയിലെത്തിയത്.
English Summary : Tamil Nadu Chief Minister Joseph Vijay carried the bier of Kolathur MLA V.S. Babu during his funeral procession in Chennai. Vijay walked barefoot for around 2.3 kilometres, accompanied by ministers, TVK MLAs, senior party functionaries and MDMK general secretary Vaiko. Babu, 75, had been undergoing treatment for more than two months due to breathing difficulties. He had defeated M.K. Stalin in the Kolathur constituency by a margin of 8,795 votes.
