കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) തലപ്പത്തേക്ക് ആദ്യമായി വനിതാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എത്തുന്നു. പാലക്കാട് സ്വദേശിനിയായ ജൂബി ജോസിനെ മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ സിഇഒയായി നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
നിലവിൽ സെക്കൻഡ് കരിയേഴ്സ് എന്ന കമ്പനിയിൽ ചീഫ് പ്രോഡക്ട് ഓഫീസറായ ജൂബി ജോസ് ഡിസംബറിൽ ചുമതലയേൽക്കും.നിലവിലെ സിഇഒ അനൂപ് അംബികയുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
2022 ജൂണിലാണ് അനൂപ് അംബിക കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒയായി ചുമതലയേറ്റത്. ആദ്യ നിയമനം മൂന്ന് വർഷത്തേക്കായിരുന്നു. 2025ൽ ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകിയിരുന്നു.
253 അപേക്ഷകരിൽ നിന്ന് ജൂബി ജോസ്
പുതിയ സിഇഒയെ കണ്ടെത്തുന്നതിനായി നടത്തിയ തിരഞ്ഞെടുപ്പ് നടപടികളിൽ 253 പേരാണ് അപേക്ഷിച്ചത്. സെലക്ഷൻ കമ്മിറ്റി ഇവരിൽനിന്ന് 13 പേരെ അഭിമുഖത്തിനായി തെരഞ്ഞെടുത്തു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന അഭിമുഖത്തിൽ 12 പേരാണ് പങ്കെടുത്തത്.തുടർന്ന് മൂന്ന് പേരെ ഉൾപ്പെടുത്തി അന്തിമ റാങ്ക് പട്ടിക തയ്യാറാക്കി.
ജൂബി ജോസിനാണ് ഒന്നാം റാങ്ക് ലഭിച്ചത്. കാർത്തിക് പരശുറാം ബാലകൃഷ്ണൻ രണ്ടാം റാങ്കും സന്തോഷ് സി.സി മൂന്നാം റാങ്കും നേടി.
ഒന്നാം റാങ്ക് നേടിയ ജൂബി ജോസിനെ സിഇഒ സ്ഥാനത്തേക്ക് നിയമിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
അനൂപ് അംബികയ്ക്ക് പകരം ജൂബി ജോസ്
ഇനിയും സിഇഒ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് അനൂപ് അംബിക സർക്കാരിനെ അറിയിച്ചതിനെ തുടർന്നാണ് പുതിയ സിഇഒയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചത്.
പുതിയ സിഇഒ ചുമതലയേൽക്കുന്നതുവരെ സ്ഥാനത്ത് തുടരാൻ അനൂപ് അംബികയ്ക്ക് സർക്കാർ നിർദേശം നൽകിയിരുന്നു.
മൂന്ന് വർഷത്തേക്കാണ് ജൂബി ജോസിന്റെ കരാർ നിയമനം. ഡിസംബറിൽ അവർ ചുമതലയേൽക്കുന്നതോടെ കേരള സ്റ്റാർട്ടപ്പ് മിഷനെ നയിക്കുന്ന ആദ്യ വനിതാ സിഇഒ എന്ന നേട്ടവും ജൂബി ജോസിന് സ്വന്തമാകും.
English Summary : Juby Jose has been appointed as the first woman CEO of Kerala Startup Mission (KSUM) for a three-year contractual term. She emerged first among 253 applicants after a selection process that shortlisted 13 candidates and interviewed 12. Jose, currently Chief Product Officer at Second Careers, is expected to take charge in December, succeeding Anoop Ambika.
