കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ക്ഷേത്രഭൂമി തിരിച്ചുപിടിക്കാനുള്ള നിയമപോരാട്ടത്തിലാണ് ഫോർട്ടുകൊച്ചി സ്വദേശി ജേക്കബ്. ശ്രീപൂർണത്രയീശന്റേതെന്ന് രേഖകൾ വ്യക്തമാക്കുന്ന 1.47 ഏക്കർ ഭൂമി വീണ്ടെടുക്കാൻ അഞ്ചുവർഷമായി അദ്ദേഹം നടത്തുന്ന ശ്രമം തുടരുകയാണ്. ഹൈക്കോടതി ഇടപെടലുണ്ടായിട്ടും ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് 63കാരൻ.
1.47 ഏക്കർ ഭൂമിയുടെ ഉടമയെ തേടിയിറങ്ങിയപ്പോൾ
ഫോർട്ടുകൊച്ചി ചുള്ളിക്കൽ വെളീപറമ്പിലാണ് ജേക്കബിന്റെ വീട്. വീടിനോട് ചേർന്നുള്ള 1.47 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് യാദൃച്ഛികമായാണ് അദ്ദേഹം അന്വേഷിച്ചത്. സെന്റിന് 35 ലക്ഷം രൂപ മതിപ്പുവില കണക്കാക്കുന്ന ഭൂമി നിലവിൽ മറ്റുള്ളവരുടെ കൈവശമാണ്.
ഭൂമിയിൽ ഒരാൾ ജേക്കബിന്റെ വഴിക്ക് അവകാശവാദം ഉന്നയിച്ചതോടെയാണ് യഥാർഥ ഉടമയെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹം തീരുമാനിച്ചത്. ഏറെ പരിശ്രമിച്ച് റവന്യൂ രേഖകൾ ശേഖരിച്ചപ്പോഴാണ് ഭൂമി ശ്രീപൂർണത്രയീശന് സമർപ്പിച്ചതാണെന്ന് വ്യക്തമായത്.
കൊച്ചി രാജാവ് ശ്രീപൂർണത്രയീശന് സമർപ്പിച്ച ഭൂമിയിൽ ഇന്ന് പലരുടെയും ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടങ്ങളും വാഹന വർക്ക്ഷോപ്പുമടക്കമുള്ള സ്ഥാപനങ്ങളുമുണ്ട്.
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഭൂമി തിരിച്ചുപിടിച്ചില്ല
ഭൂമിയുടെ യഥാർഥ ഉടമസ്ഥാവകാശത്തെക്കുറിച്ച് ക്ഷേത്ര ദേവസ്വത്തിനും കൊച്ചിൻ ദേവസ്വം ബോർഡിനും വിവരം ലഭിച്ചത് ജേക്കബിലൂടെയാണ്. എന്നാൽ ഭൂമി തിരിച്ചുപിടിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് കണ്ടതോടെ അദ്ദേഹം നിയമപോരാട്ടത്തിന് ഇറങ്ങി.
കൈവശക്കാരിൽ നിന്നുള്ള ഭീഷണികൾ അവഗണിച്ച് മുതിർന്ന അഭിഭാഷകരുടെ സഹായത്തോടെ ഹൈക്കോടതിയെ സമീപിച്ചു. ഇതിനകം ലക്ഷക്കണക്കിന് രൂപയാണ് നിയമപോരാട്ടത്തിനായി ചെലവഴിച്ചത്.
ഭൂമിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഫോർട്ടുകൊച്ചി ആർ.ഡി.ഒയോട് കോടതി നിർദേശിച്ചു. എന്നാൽ നടപടി വൈകിയതോടെ ജേക്കബ് വീണ്ടും രണ്ടുതവണ ഹൈക്കോടതിയെ സമീപിച്ചു.
90 ദിവസത്തിനുള്ളിൽ ഭൂമി തിരിച്ചുപിടിക്കണമെന്ന ദേവസ്വം ബെഞ്ചിന്റെ നിർദേശവും കൊച്ചിൻ ദേവസ്വം ബോർഡ് പാലിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് വീണ്ടും കോടതിയെ സമീപിക്കാൻ ജേക്കബ് തീരുമാനിച്ചിരിക്കുന്നത്.
മസ്തിഷ്കാഘാതത്തിലും തളരാത്ത പോരാട്ടം
പെട്രോൾ പമ്പ് ടെക്നീഷ്യനായും പെട്രോളിയം കമ്പനിയുടെ കരാറുകാരനായും പ്രവർത്തിച്ചിരുന്നയാളാണ് 63കാരനായ ജേക്കബ്. ഭൂമി തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിനിടെയാണ് അദ്ദേഹത്തിന് മസ്തിഷ്കാഘാതമുണ്ടായത്. ശരീരത്തിന്റെ ഒരുവശം തളർന്ന് ഏറെനാൾ കിടപ്പിലായിരുന്നു.
ആരോഗ്യം വീണ്ടെടുത്തത് പൂർണത്രയീശന്റെ അനുഗ്രഹമാണെന്നാണ് ജേക്കബിന്റെ വിശ്വാസം. ഭാര്യ ആഗ്നസ്. മൂത്ത രണ്ട് പെൺമക്കൾ വിദേശത്ത് അധ്യാപികമാരാണ്. മകൻ ബി.ടെക് വിദ്യാർഥിയാണ്.
അന്തോണീസ് പുണ്യാളനൊപ്പം പൂർണത്രയീശനും
സത്യക്രിസ്ത്യാനിയായ ജേക്കബിന് വിശുദ്ധ അന്തോണീസിനോടാണ് ഏറെ ഇഷ്ടം. എന്നാൽ അഞ്ചുവർഷം മുമ്പ് തുടങ്ങിയ പൂർണത്രയീശനുമായുള്ള ആത്മബന്ധം ഇപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. ക്ഷേത്രത്തിൽ പോകാറുമുണ്ട്.
പൂർണത്രയീശന്റെ ഭൂമി തിരിച്ചുകിട്ടണമെന്ന ഉറച്ച നിലപാടിലാണ് ജേക്കബ്. ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക ചെലവുകളും നിയമനടപടികളിലെ കാലതാമസവും അദ്ദേഹത്തെ പിന്നോട്ടടിപ്പിച്ചിട്ടില്ല. ഭൂമി വീണ്ടെടുക്കുന്നതുവരെ പോരാട്ടം തുടരാനാണ് തീരുമാനം.
English Summary: A 63-year-old Fort Kochi resident named Jacob is continuing his legal fight to recover 1.47 acres of land believed to belong to Sree Poornathrayeesa. The land, reportedly gifted to the deity by the Kochi king, is currently occupied by others and has an estimated value of ₹35 lakh per cent. Despite High Court intervention and directions to the authorities, the recovery process has reportedly been delayed. Jacob plans to approach the court again.
