facebook

തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രമുഖൻ ആധവ് അർജുനയുടെ ദാമ്പത്യത്തിന് വിരാമം; ഡെയ്‌സി മാർട്ടിൻ വേർപിരിയൽ പ്രഖ്യാപിച്ചു

2 Min Read

ചെന്നൈ: തമിഴ്നാട് മന്ത്രി ആധവ് അർജുനയും ഭാര്യ ഡെയ്‌സി മാർട്ടിനും 14 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം വേർപിരിയാൻ തീരുമാനിച്ചു.

ഡെയ്‌സി മാർട്ടിനാണ് ഔദ്യോഗിക ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. പരസ്പര സമ്മതത്തോടെയാണ് ദമ്പതികൾ വ്യത്യസ്ത പാതകളിലേക്ക് നീങ്ങാൻ തീരുമാനിച്ചതെന്ന് ഡെയ്‌സി വ്യക്തമാക്കി.

അതേസമയം, കുഞ്ഞിന്റെ സന്തോഷവും ക്ഷേമവും ഉറപ്പാക്കുന്നതിനായി മാതാപിതാക്കൾ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ ഒരുമിച്ച് തുടരുമെന്നും അവർ അറിയിച്ചു.

‘കഴിഞ്ഞ 14 വർഷമായി ഞങ്ങൾ പരസ്പരം ജീവിതത്തിന്റെ ഭാഗമായിരുന്നു. സ്നേഹവും പരസ്പര ധാരണയും മാറ്റങ്ങളും നിറഞ്ഞ യാത്രയായിരുന്നു അത്.

സുഹൃത്തുക്കളായും ജീവിതപങ്കാളികളായും മാതാപിതാക്കളായും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ ഒരുമിച്ച് സഞ്ചരിച്ചു.

എന്നാൽ ഇന്ന്, ആധവ് അർജുനയും ഞാനും ദമ്പതികൾ എന്ന നിലയിൽ വേർപിരിയാനും വ്യത്യസ്ത പാതകളിലൂടെ സഞ്ചരിക്കാനും പരസ്പര സമ്മതത്തോടെ തീരുമാനിച്ചിരിക്കുകയാണ്’ എന്നായിരുന്നു ഡെയ്‌സിയുടെ കുറിപ്പ്.

കുഞ്ഞിന്റെ ക്ഷേമത്തിന് മുൻഗണന

വേർപിരിയുകയാണെങ്കിലും തങ്ങൾക്കിടയിലെ സൗഹൃദവും പരസ്പര ബഹുമാനവും നിലനിൽക്കുമെന്ന് ഡെയ്‌സി വ്യക്തമാക്കി.

പുതിയ അധ്യായത്തിലേക്ക് കടക്കുമ്പോഴും കുഞ്ഞിന്റെ സന്തോഷവും ക്ഷേമവും ഉറപ്പാക്കുന്നതിനും ഒരുമിച്ച് വളർത്തുന്നതിനുമുള്ള പ്രതിബദ്ധതയ്ക്ക് പ്രഥമ പരിഗണന നൽകുമെന്നും അവർ പറഞ്ഞു.

ആധവ് അർജുനയോട് എന്നും ബഹുമാനമുണ്ടായിരിക്കുമെന്നും അദ്ദേഹം തിരഞ്ഞെടുക്കുന്ന മേഖലകളിൽ സന്തോഷവും സമാധാനവും വിജയവും ഉണ്ടാകട്ടെയെന്നും ഡെയ്‌സി ആശംസിച്ചു.

ജീവിതത്തിലെ ഈ മാറ്റത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ എല്ലാവരുടെയും സഹകരണവും ദയയും സ്വകാര്യതയും അഭ്യർഥിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചത്.

ആധവ് അർജുന എന്ന ജനകീയ മന്ത്രി

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിൽ പൊതുമരാമത്ത്, കായിക വികസന വകുപ്പുകളുടെ ചുമതലയാണ് ആധവ് അർജുന വഹിക്കുന്നത്.

വിടുതലൈ ചിരുതൈകൾ കക്ഷിയിൽ പ്രവർത്തിച്ചിരുന്ന ആധവ് അർജുന പിന്നീട് ടിവികെയിൽ ചേർന്നു.

2025ൽ ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജ്മെന്റ് വിഭാഗത്തിന്റെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെന്നൈയിലെ വില്ലിവാക്കം മണ്ഡലത്തിൽ നിന്ന് വിജയിച്ചു.

വ്യവസായ പ്രമുഖയും സാമൂഹ്യ പ്രവർത്തകയുമായ ഡെയ്‌സി മാർട്ടിൻ

വ്യവസായി സാന്റിയാഗോ മാർട്ടിന്റെ മകളാണ് ഡെയ്‌സി മാർട്ടിൻ. വ്യവസായ മേഖലയിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായ അവർ അരൈസ് ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ്.

സ്ത്രീ ശാക്തീകരണത്തിനും സാമ്പത്തിക പിന്തുണയ്ക്കും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളിലാണ് സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് .

ആധവ് അർജുനയുടെ രാഷ്ട്രീയ വളർച്ചയിലും ഡെയ്‌സി മാർട്ടിന്റെ വ്യവസായ പശ്ചാത്തലവും കുടുംബബന്ധങ്ങളും നേരത്തെ തമിഴ്നാട് രാഷ്ട്രീയത്തിൽ ചർച്ചയായിട്ടുണ്ട്.

അതേസമയം, നിലവിലെ വേർപിരിയൽ സംബന്ധിച്ച് ആധവ് അർജുനയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.

ഔദ്യോഗിക വിവാഹമോചന നടപടികൾ ആരംഭിച്ചതോ പൂർത്തിയായതോ സംബന്ധിച്ച് സ്ഥിരീകരണം ഇതുവരെ പുറത്തവന്നിട്ടില്ല.

English Summary : Tamil Nadu Minister Aadhav Arjuna and his wife Daisy Martin have mutually decided to part ways after 14 years of marriage. Daisy announced the decision on Instagram and said their child’s happiness and well-being would remain their top priority through co-parenting. There is no official confirmation yet that formal divorce proceedings have been initiated or finalised.

Share This Article