facebook

വനിതാ ഇൻഫ്ലുവൻസറുടെ വീട്ടിൽ അതിക്രമിച്ചുകയറി വിവാഹത്തിന് നിർബന്ധം; യുവാവ് മർദനമേറ്റ് മരിച്ചു

1 Min Read

ന്യൂഡൽഹി: വനിതാ ഇൻഫ്ലുവൻസറുടെ വീട്ടിൽ അതിക്രമിച്ചുകയറി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട യുവാവ് മർദനമേറ്റ് മരിച്ചു.

ഉത്തർപ്രദേശിലെ ഗാസിപുർ സ്വദേശിയും ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനുമായ അഭിനവാണ് മരിച്ചത്.

സംഭവത്തിൽ ഇൻഫ്ലുവൻസർ നേഹ ബിഷ്‌ടിന്റെ പിതാവ് വീരേന്ദർ ബിഷ്‌ടിനെയും അയൽവാസിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

നവംബർ ഏഴിനാണ് കിഴക്കൻ ഡൽഹിയിലെ മധു വിഹാറിലുള്ള നേഹയുടെ വീട്ടിലേക്ക് അഭിനവ് അതിക്രമിച്ച് കയറിയത്.

തന്നെ വിവാഹം കഴിക്കണമെന്ന് ഇയാൾ നേഹയോട് ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.

തുടർന്ന് നേഹയുടെ കുടുംബാംഗങ്ങളും ചില അയൽവാസികളും ചേർന്ന് അഭിനവിനെ മർദിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെ മരണം

മർദനത്തിൽ പരുക്കേറ്റ അഭിനവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് നേഹ ബിഷ്‌ടിന് സമൂഹമാധ്യമങ്ങളിലുള്ളത്.

നേഹയുടെ വിഡിയോകൾ അഭിനവ് സ്ഥിരമായി കാണാറുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ വിവരം.

നേഹയ്ക്ക് അഭിനവിനെ പരിചയമില്ലെന്ന് പൊലീസ്

നേഹയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിൽ അഭിനവ് അസ്വസ്ഥനായിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാൽ അഭിനവിനെ നേഹയ്ക്ക് നേരത്തെ പരിചയമുണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

സംഭവവുമായി ബന്ധപ്പെട്ട് നേഹയുടെ പിതാവ് വീരേന്ദർ ബിഷ്‌ടിനെയും അയൽവാസിയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

English Summary : A man identified as Abhinav died after being allegedly beaten at the home of Delhi-based woman influencer Neha Bisht, where he had entered and insisted on marrying her. Police have detained Neha’s father Virender Bisht and a neighbour in connection with the incident. A case of culpable homicide has been registered, and police are investigating the matter.

Share This Article