ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപട്വന്ത് സിങ് പന്നൂൻ നൽകിയ സിവിൽ കേസിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും മുൻ റോ മേധാവി സാമന്ത് ഗോയലിനും സമൻസ് കൈമാറാൻ ഡൽഹിയിലെ ജില്ലാ കോടതികളുടെ സഹായം തേടി യു.എസ്. ഫെഡറൽ കോടതി.
ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി കാതറിൻ പോൾക്ക് ഫൈലയാണ് നടപടി അനുവദിച്ചത്.നവംബർ 13ലെ ഉത്തരവിലാണ് ഡൽഹിയിലെ കോടതികൾ വഴി സമൻസ് കൈമാറുന്നതിനുള്ള നടപടി യു.എസ്. കോടതി നിർദേശിച്ചത്.
ഡോവലിന് സമൻസ് കൈമാറുന്നതിനായി പട്യാല ഹൗസ് ജില്ലാ കോടതിയെയും സാമന്ത് ഗോയലിനായി ദ്വാരക, ടിസ് ഹസാരി ജില്ലാ കോടതികളെയും സമീപിക്കാനാണ് നിർദേശം.
ഹേഗ് കൺവെൻഷൻ പ്രകാരം നടപടി
സാധാരണ നയതന്ത്ര, നിയമ മാർഗങ്ങളിലൂടെ സമൻസ് കൈമാറാനുള്ള ശ്രമങ്ങൾ വിജയിക്കാതിരുന്നതിന് പിന്നാലെയാണ് ബദൽ നടപടിക്ക് യു.എസ്. കോടതി അനുമതി നൽകിയത്.
ഹേഗ് കൺവെൻഷൻ ആർട്ടിക്കിൾ 19, ഇന്ത്യൻ സിവിൽ പ്രൊസീജർ കോഡിലെ ബന്ധപ്പെട്ട വ്യവസ്ഥകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡൽഹി കോടതികൾ വഴി സമൻസ് കൈമാറാൻ അനുമതി നൽകിയിരിക്കുന്നത്.
സമൻസ് കൈമാറുന്നതിനായി ആവശ്യമായ രേഖകൾ യു.എസ്. കോടതിയുടെ ക്ലർക്ക് ബന്ധപ്പെട്ട ഡൽഹി കോടതികളിലേക്ക് അയയ്ക്കും.
നടപടി പൂർത്തിയാക്കിയ ശേഷം അതിന്റെ രേഖാമൂലമുള്ള റിപ്പോർട്ട് യു.എസ്. കോടതിക്ക് നൽകണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പന്നൂന്റെ സിവിൽ കേസ്
തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പന്നൂൻ യു.എസ്. കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തത്.
2024ലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യാ സർക്കാരിനെയും അജിത് ഡോവൽ, സാമന്ത് ഗോയൽ ഉൾപ്പെടെയുള്ളവരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്.
അമേരിക്കയിലെത്തിയപ്പോൾ ഡോവലിന് നേരിട്ട് സമൻസ് കൈമാറാൻ പലതവണ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെന്നായിരുന്നു പന്നൂന്റെ വാദം.
ഇന്ത്യയുടെ കേന്ദ്ര അതോറിറ്റി വഴിയും സമൻസ് കൈമാറാനുള്ള ശ്രമം പരാജയപ്പെട്ടതായി യു.എസ്. കോടതി രേഖകൾ വ്യക്തമാക്കുന്നു.
ആരോപണങ്ങൾ ഇന്ത്യ തള്ളി
പന്നൂൻ ഉന്നയിച്ച ആരോപണങ്ങൾ ഇന്ത്യ തള്ളിയിട്ടുണ്ട്. കേസ് ‘കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമായ’താണെന്നാണ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.
വിദേശ കോടതികളിൽ നിന്നുള്ള ജുഡീഷ്യൽ രേഖകൾ ഇന്ത്യയിൽ കൈമാറുന്നതിനുള്ള നടപടികൾ രാജ്യത്തിന്റെ നിയുക്ത കേന്ദ്ര അതോറിറ്റി വഴിയാണ് നടത്തേണ്ടതെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
സമൻസ് കൈമാറുന്നതിനുള്ള യു.എസ്. കോടതിയുടെ നടപടി പന്നൂൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന കോടതി കണ്ടെത്തലല്ല. കേസ് നിലവിൽ സിവിൽ നടപടിയായി തുടരുകയാണ്.
English Summary : A US federal court has authorised an alternative route to serve summonses on National Security Advisor Ajit Doval and former RAW chief Samant Goel through district courts in Delhi in Gurpatwant Singh Pannun’s civil lawsuit. The order was issued by Judge Katherine Polk Failla of the Southern District of New York. India has rejected the allegations, while the court’s decision concerns service of process and does not constitute a finding that the allegations are true.
