facebook

വിരമിച്ചവർക്ക് ഇപിഎഫ് തുക ഇനി ഗഡുക്കളായി പിൻവലിക്കാം; പുതിയ പരിഷ്കാരങ്ങൾക്ക് അനുമതി

3 Min Read

ന്യൂഡൽഹി: വിരമിക്കുന്നവർക്ക് ഇപിഎഫ് തുക ഒറ്റത്തവണയായി പിൻവലിക്കുന്നതിന് പകരം ഗഡുക്കളായി കൈപ്പറ്റാൻ അവസരമൊരുങ്ങുന്നു. തുക എത്ര വർഷംകൊണ്ട് പിൻവലിക്കണമെന്ന് അംഗങ്ങൾക്ക് തന്നെ തീരുമാനിക്കാം. ഒരു മാസം, മൂന്ന് മാസം, ആറ് മാസം എന്നിങ്ങനെ ഇടവേളകളിൽ പണം കൈപ്പറ്റാനുള്ള സംവിധാനത്തിനാണ് ഇപിഎഫ്ഒ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗം അനുമതി നൽകിയത്.

ഓരോ തവണയും തുക പിൻവലിച്ചശേഷം അക്കൗണ്ടിൽ ശേഷിക്കുന്ന നിക്ഷേപത്തിന് പലിശ ലഭിക്കുകയും ചെയ്യും. അതിനാൽ പിഎഫ് നിക്ഷേപത്തിന്റെ പലിശ ആനുകൂല്യം തുടർന്നും ലഭ്യമാകുന്ന രീതിയിലാണ് പുതിയ ക്രമീകരണം.

അഞ്ച് ലക്ഷത്തിലധികം നിക്ഷേപമുള്ളവർക്ക് ആദ്യഘട്ടത്തിൽ അവസരം

പുതിയ പദ്ധതി ആദ്യഘട്ടത്തിൽ അഞ്ച് ലക്ഷത്തിലധികം രൂപ പിഎഫ് നിക്ഷേപമുള്ള 55 വയസ് കഴിഞ്ഞവർക്കാണ് ലഭ്യമാക്കുക. പദ്ധതിയിൽ ചേരണമോ വേണ്ടയോ എന്നത് അംഗങ്ങൾക്ക് സ്വയം തീരുമാനിക്കാം.

നിലവിൽ വിരമിച്ചവർ മൂന്ന് വർഷത്തിനുള്ളിൽ പിഎഫിലെ മുഴുവൻ തുകയും പിൻവലിക്കണമെന്നാണ് വ്യവസ്ഥ. ഈ കാലാവധി കഴിഞ്ഞാൽ അക്കൗണ്ട് മരവിപ്പിക്കും. എന്നാൽ പുതിയ സംവിധാനത്തോടൊപ്പം തുക ഒറ്റത്തവണയായി പിൻവലിക്കാനുള്ള നിലവിലെ സൗകര്യവും തുടരും.

പിഎഫ് തുക പിൻവലിക്കാനുള്ള വ്യവസ്ഥകളിലും മാറ്റം

സർവീസിൽ തുടരുന്നവർ പിഎഫ് അക്കൗണ്ടിൽ നിലനിർത്തേണ്ട കുറഞ്ഞ തുക 25 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കാനും യോഗം തീരുമാനിച്ചു. ഇതോടെ അക്കൗണ്ടിലെ തുകയുടെ 90 ശതമാനം വരെ പിൻവലിക്കാൻ സാധിക്കും.

ജോലി നഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ പിഎഫ് തുക പിൻവലിക്കാൻ നിലവിൽ 12 മാസം കാത്തിരിക്കണമെന്ന വ്യവസ്ഥയുണ്ട്. ഇത് രണ്ട് മാസമായി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരവും വിജ്ഞാപനവും ലഭിക്കുന്നതോടെയാണ് പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരിക.

6.32 ലക്ഷം അംഗങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം

നിർദിഷ്ട വ്യവസ്ഥകൾ പ്രകാരം 6.32 ലക്ഷം ഇപിഎഫ് അംഗങ്ങൾക്ക് പുതിയ പദ്ധതിയിൽ ചേരാൻ യോഗ്യതയുണ്ടെന്നാണ് കണക്ക്. പദ്ധതിയിൽ അംഗമായിരിക്കെ ഒരാൾ മരിച്ചാൽ, ശേഷിക്കുന്ന തുക നോമിനിക്കോ ആശ്രിതർക്കോ പിൻവലിക്കുകയോ നിക്ഷേപമായി തുടരുകയോ ചെയ്യാം.

അതേസമയം, കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അധ്യക്ഷനായ യോഗത്തിൽ നിലവിലെ 1,000 രൂപ കുറഞ്ഞ പെൻഷൻ തുക വർധിപ്പിക്കുന്ന കാര്യം പരിഗണിച്ചെങ്കിലും തീരുമാനമുണ്ടായില്ല.

ഇനി നേരിട്ട് പിഎഫ് വിഹിതം അടയ്ക്കാം

ഇപിഎഫ് അംഗങ്ങൾക്ക് ഡിജിറ്റൽ സംവിധാനങ്ങൾ വഴി നേരിട്ട് വിഹിതം അടയ്ക്കാനുള്ള അവസരവും ഒരുക്കും. ഇത്തരത്തിൽ അംഗം നേരിട്ട് അടയ്ക്കുന്ന തുകയ്ക്ക് ആനുപാതികമായ വിഹിതം തൊഴിലുടമ നൽകേണ്ടതില്ല.

പരമ്പരാഗത തൊഴിലുടമ-ശമ്പള സംവിധാനത്തിന് പുറത്തുള്ളവർക്കും യു.എ.എൻ ബന്ധിപ്പിച്ച അക്കൗണ്ടിലേക്ക് നേരിട്ട് പണം നിക്ഷേപിക്കാം. ഗിഗ് തൊഴിലാളികൾ ഉൾപ്പെടെയുള്ള അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ടിപ്പുകളും മറ്റ് സംഭാവനകളും പിഎഫ് വിഹിതമായി അടയ്ക്കാനും അവസരമൊരുക്കും. ഇതിനായി പിഎഫ് നിയമത്തിലും ആദായനികുതി നിയമത്തിലും ഭേദഗതി വരുത്തേണ്ടതുണ്ട്.

ഇൻഷുറൻസ് പദ്ധതിയിലെ വീഴ്ചകൾ പരിഹരിക്കാൻ ആറുമാസം

ഇപിഎഫ് ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കാൻ ആറുമാസത്തെ സമയം അനുവദിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

English Summary:

The EPFO Central Board of Trustees has approved changes allowing eligible retiring members to withdraw their provident fund savings in instalments instead of taking the entire amount at once. The initial phase is proposed for members aged 55 and above with deposits exceeding ₹5 lakh. Other changes include reducing the minimum balance requirement during service from 25% to 10%, shortening the waiting period for withdrawals after job loss from 12 months to two months, and enabling direct digital contributions by members, including gig and unorganised workers. The changes will take effect after approval and notification by the Union Finance Ministry.

Share This Article