കൊൽക്കത്ത: ഡാർജിലിങ്ങിൽ ഹണിമൂണിനിടെ ബാർബിക്യൂ അടുപ്പിൽനിന്ന് തീപ്പൊള്ളലേറ്റ യുവതിക്ക് ദാരുണാന്ത്യം. ബംഗാൾ സ്വദേശിനിയായ നികിത സാഹയാണ് മരിച്ചത്.
ഭർത്താവ് സമീറിനൊപ്പം ഡാർജിലിങ്ങിലെ സിറ്റിയോങ്ങിലെത്തിയപ്പോഴാണ് അപകടമുണ്ടായത്.സെപ്റ്റംബർ 13നാണ് നികിതയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്.
ആദ്യം സിലിഗുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നികിതയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരണം സംഭവിച്ചത്.
ഹോംസ്റ്റേയിൽ തീ പടർന്നു
നികിതയും സമീറും താമസിച്ചിരുന്ന ഹോംസ്റ്റേയിൽ ബാർബിക്യൂ തയ്യാറാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
തീയുടെ സമീപത്ത് ഓയിൽ ഡ്രം ഉപയോഗിച്ചതാണ് തീ ആളിപ്പടരാൻ കാരണമായതെന്നാണ് സമീറിന്റെ ആരോപണം.
സംഭവത്തിൽ ഹോംസ്റ്റേ അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായെന്നും സമീർ ആരോപിച്ചു.
തീപിടിത്തത്തിൽ നികിതയുടെ ശരീരത്തിൽ ഏകദേശം 60 ശതമാനത്തോളം പൊള്ളലേറ്റതായും അദ്ദേഹം പറഞ്ഞു.
ആരോപണം നിഷേധിച്ച് ഹോംസ്റ്റേ ഉടമ
അതേസമയം, സമീറിന്റെ ആരോപണങ്ങൾ ഹോംസ്റ്റേ ഉടമ നിഷേധിച്ചു. തീയോട് ചേർന്ന് ഇരിക്കരുതെന്ന് ദമ്പതികൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അവർ അത് പാലിച്ചില്ലെന്നാണ് ഉടമയുടെ വാദം.
തണുപ്പ് കൂടുതലായതോടെ ദമ്പതികളുടെ ആവശ്യപ്രകാരം പുറത്തുനിന്നുള്ള ഒരാൾ തീയിലേക്ക് മണ്ണെണ്ണ ഒഴിച്ചതായും ഉടമ പറഞ്ഞു. ഇയാൾ ഹോംസ്റ്റേ ജീവനക്കാരനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോംസ്റ്റേ ജീവനക്കാരൻ ഭക്ഷണക്രമീകരണത്തിനായി പോയ സമയത്താണ് ദമ്പതികളുടെ ആവശ്യപ്രകാരം മറ്റൊരാൾ തീയിലേക്ക് മണ്ണെണ്ണ ഒഴിച്ചതെന്നും ഉടമ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും റിസോർട്ട് ഉടമ പുറത്തുവിട്ടു.
പൊലീസ് അന്വേഷണം ആരംഭിച്ചു
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അപകടത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ചും ഹോംസ്റ്റേ അധികൃതർക്കെതിരായ ആരോപണങ്ങളെക്കുറിച്ചും പൊലീസ് പരിശോധന നടത്തുകയാണ്.
English Summary : A woman named Nikita Saha died after suffering severe burns during her honeymoon in Darjeeling. She was injured while a barbecue was being prepared at the homestay where she was staying with her husband Sameer on September 13. Nikita, who suffered around 60% burns, died at a hospital in Kolkata while undergoing treatment. Police have registered a case and launched an investigation into the incident.
