തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ പേരിലുള്ള ഫുട്ബോൾ സ്പോൺസർഷിപ്പ് വിവാദത്തിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർത്ത് അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് അനുമതി നൽകി.
ഇതുസംബന്ധിച്ച ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കി.അബ്ദുറഹ്മാനെ കേസിൽ പ്രതിചേർക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് നേരത്തെ നിയമോപദേശം തേടിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസ് എടുക്കാൻ തീരുമാനിച്ചത്.
ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളാണ് അന്വേഷണത്തിന്റെ പരിധിയിൽ വരുന്നത്.
കേസിൽ മുൻ മന്ത്രിയുടെ പങ്ക് എന്താണെന്ന് കൃത്യമായി പരിശോധിക്കാനാണ് ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.
മെസിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനം
മെസിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനം നൽകിയതിലും തുടർന്ന് ഒരു സ്വകാര്യ സ്ഥാപനം മുൻകൈയെടുത്ത് നടത്തിയ പദ്ധതിക്ക് മന്ത്രി തന്നെ നേതൃത്വം നൽകുന്നതായ പ്രതിച്ഛായ സൃഷ്ടിച്ചതിലും അന്വേഷണം നടക്കും.
ഇതുമായി ബന്ധപ്പെട്ട് വി. അബ്ദുറഹ്മാൻ വിദേശ സന്ദർശനങ്ങൾ നടത്തുകയും വിവിധ കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഈ നടപടികളിലും മുൻ മന്ത്രിയുടെ പങ്ക് അന്വേഷണ വിധേയമാകും.
സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം
വിഷയത്തിൽ റിപ്പോർട്ടർ ടിവിക്ക് അപ്പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നും അബ്ദുറഹ്മാനെതിരേ അന്വേഷണം നടത്തണമെന്നും നേരത്തെ ആവശ്യം ഉയർന്നിരുന്നു.
ഇതിന്റെ തുടർച്ചയായാണ് മുൻ മന്ത്രിയെയും പ്രതിചേർത്ത് അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിരിക്കുന്നത്.
മെസിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളിലും ക്രമക്കേടുകളിലുമാണ് അന്വേഷണം പ്രധാനമായും കേന്ദ്രീകരിക്കുന്നത്.
മുൻ മന്ത്രിക്ക് സംഭവത്തിൽ ഏതുതരത്തിലുള്ള പങ്കാണ് ഉണ്ടായിരുന്നതെന്ന് അന്വേഷണത്തിലൂടെ പരിശോധിക്കും.
വേഗത്തിൽ അന്വേഷണം നടത്താൻ നിർദേശം
മുൻ മന്ത്രിയുടെ പങ്ക് സംബന്ധിച്ച് വിശദമായ പരിശോധന നടത്തുന്നതിനൊപ്പം കേസിൽ തുടർനടപടികൾ വേഗത്തിൽ സ്വീകരിക്കാനും ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസ് എടുക്കുന്നതിനുള്ള അനുമതിയാണ് ആഭ്യന്തരവകുപ്പ് നൽകിയിരിക്കുന്നത്.
English Summary : The Kerala Home Department has given permission to include former Sports Minister V. Abdurahiman as an accused in the football sponsorship controversy linked to Lionel Messi. The decision follows legal advice sought by the department, with provisions of the Prevention of Corruption Act among those to be invoked. The investigation will examine Abdurahiman’s alleged role in the project and financial irregularities related to the promise of bringing Messi to Kerala.
