മുംബൈയിലെ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കുടുംബം ഒരുകാലത്ത് താമസിച്ചിരുന്ന ഭെണ്ടി ബസാറിലെ കെട്ടിടം പൊളിക്കുന്നത് ബോംബെ ഹൈക്കോടതി തടഞ്ഞു.
വഖഫ് ബോർഡിന്റെ ഹർജിയിൽ ഇടപെട്ട കോടതി, ഹാജി ഇസ്മായിൽ ഹാജി ഹബീബ് മുസാഫിർഖാന നവംബർ 25 വരെ പൊളിക്കരുതെന്ന് ഉത്തരവിട്ടു.
ഇതോടെ പാതി പൊളിച്ച കെട്ടിടത്തിലെ തുടർനടപടികൾ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നിർത്തിവച്ചു.
വഖഫ് ബോർഡിന്റെ ഹർജിയിൽ കോടതി ഇടപെടൽ
കെട്ടിടം പൊളിക്കുന്നതിനെതിരെ മുസാഫിർഖാന ട്രസ്റ്റിന്റെ ഗുണഭോക്താക്കളാണെന്ന് അവകാശപ്പെടുന്ന രണ്ടുപേരാണ് കോടതിയെ സമീപിച്ചത്.
1864-ൽ പള്ളിയോട് ചേർന്ന് ഹജ്ജ് തീർഥാടകർക്ക് വിശ്രമിക്കാനുള്ള കേന്ദ്രമായി മാറ്റിവച്ച സ്വത്താണ് ഇതെന്നാണ് ഹർജിക്കാരുടെ വാദം.
സംരക്ഷിത വഖഫ് സ്വത്തായതിനാൽ കെട്ടിടം പൊളിക്കാൻ ബിഎംസിക്ക് അധികാരമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
വസ്തുതകളെച്ചൊല്ലി കേസിൽ വലിയ തർക്കങ്ങളുണ്ടെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠിയും ജസ്റ്റിസ് അദ്വൈത് സേത്നയും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
നവംബർ 25 വരെ പൊളിക്കൽ പാടില്ല
സുപ്രീം കോടതിയുടെയും വഖഫ് ട്രൈബ്യൂണലിന്റെയും സ്റ്റേ ഉത്തരവുകൾ നിലനിൽക്കെ ബിഎംസി നിയമനടപടികൾ അവഗണിച്ചെന്നാണ് ഹർജിക്കാരുടെ ആരോപണം.
1944-ലെ ഗസറ്റ് രേഖകളും 1991-ലെ ബിഎംസി രേഖകളും ഈ സ്ഥലം വഖഫ് പള്ളിയാണെന്ന് വ്യക്തമാക്കുന്നതായി പ്രാദേശിക എംഎൽഎ അമീൻ പട്ടേലും ചൂണ്ടിക്കാട്ടി.
കെട്ടിടം ജീർണാവസ്ഥയിലാണെങ്കിൽ അറ്റകുറ്റപ്പണികൾ നടത്താൻ വഖഫ് ബോർഡിനോട് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കെട്ടിടം കൂടുതൽ പൊളിക്കുന്നത് മുനിസിപ്പൽ അധികൃതർ നിർത്തിവച്ചു.
പള്ളിയും പൊളിക്കൽ നടപടിയുടെ പരിധിയിൽ
കെട്ടിട സമുച്ചയത്തിനുള്ളിൽ പ്രവർത്തിക്കുന്ന പള്ളിയും പൊളിക്കൽ നടപടിയുടെ പരിധിയിൽ വരുമെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
മുസാഫിർഖാന നിശ്ചിത സമയപരിധിക്കുള്ളിൽ പൊളിച്ചുനീക്കണമെന്ന് ബിഎംസി നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ പ്രദേശവാസികളും കോൺഗ്രസ്, എഐഎംഐഎം നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കെട്ടിടത്തിലെ പ്രാർഥനാ ഹാൾ മസ്ജിദാണെന്നാണ് ഇവരുടെ വാദം.
ദാവൂദിന്റെ കുടുംബം താമസിച്ചിരുന്ന കെട്ടിടം
മുംബൈയിലെ ഭെണ്ടി ബസാറിലെ പക്മോഡിയ സ്ട്രീറ്റിലാണ് ഹാജി ഇസ്മായിൽ ഹാജി ഹബീബ് മുസാഫിർഖാന സ്ഥിതി ചെയ്യുന്നത്.
ഹജ്ജ് തീർഥാടകർക്ക് താമസസൗകര്യം ഒരുക്കുന്നതിനായി 1939-ലാണ് കെട്ടിടം നിർമിച്ചത്. ആകെ 36 മുറികളുണ്ടായിരുന്ന ഇവിടെ പിന്നീട് തീർഥാടകരുടെ എണ്ണം കുറഞ്ഞതോടെ മുറികൾ വാടകയ്ക്ക് നൽകുകയായിരുന്നു.
പൊലീസ് ഹെഡ് കോൺസ്റ്റബിളായിരുന്ന ഇബ്രാഹിം കസ്കറിന്റെ മകനായ ദാവൂദ് ഇബ്രാഹിമും കുടുംബവും സാധാരണ വാടകക്കാരായാണ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താമസിച്ചിരുന്നത്.
താഴത്തെ നിലയിൽ കടകളും വെയർഹൗസുകളുമായിരുന്നു പ്രവർത്തിച്ചിരുന്നത്. 1970-കളിൽ ദാവൂദിന്റെ കുടുംബം ഇവിടെനിന്ന് താമസം മാറി.
English Summary:
The Bombay High Court has stayed the demolition of Haji Ismail Haji Habib Musafirkhana in Mumbai’s Bhendi Bazaar, where underworld figure Dawood Ibrahim and his family once lived. Acting on a petition filed by two alleged beneficiaries of the trust, the court directed the Brihanmumbai Municipal Corporation (BMC) not to demolish the building until November 25, 2026. The petitioners claim that the property is protected Waqf land and that existing court orders prohibit demolition. Following the order, the BMC halted further demolition work. The building was constructed in 1939 to accommodate Hajj pilgrims and reportedly had 36 rooms.
