ന്യൂഡൽഹി: ബ്രിട്ടീഷ് ഭരണകാലത്ത് രൂപപ്പെടുത്തിയ ജയിൽ നിയമങ്ങൾക്ക് പകരമായി അന്തമാൻ നിക്കോബാർ ദ്വീപുകളിൽ പുതിയ നിയമം നടപ്പാക്കുന്നു.
130 വർഷത്തോളം പഴക്കമുള്ള നിയമങ്ങൾ മാറ്റുന്ന പരിഷ്കാരം ചരിത്രപ്രസിദ്ധമായ സെല്ലുലാർ ജയിലായ കാലാപാനിയിലും ബാധകമാകും.
തടവുകാരുടെ പുനരധിവാസം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, മനുഷ്യാവകാശം എന്നിവയ്ക്ക് മുൻഗണന നൽകുന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത.
അന്തമാൻ പുതിയ ജയിൽ നിയമം 2026: മൂന്ന് പഴയ നിയമങ്ങൾ മാറുന്നു
ഇന്ത്യൻ ഭരണഘടനയുടെ 240-ാം അനുച്ഛേദപ്രകാരമാണ് ‘അന്തമാൻ ആൻഡ് നിക്കോബാർ ഐലൻഡ്സ് പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് റെഗുലേഷൻ, 2026’ നടപ്പാക്കുന്നത്.
1894-ലെ പ്രിസൺസ് ആക്ട്, 1900-ലെ പ്രിസണേഴ്സ് ആക്ട്, 1950-ലെ ട്രാൻസ്ഫർ ഓഫ് പ്രിസണേഴ്സ് ആക്ട് എന്നിവയ്ക്ക് പകരമായാണ് പുതിയ നിയമം വരുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ 2023-ലെ മാതൃകാ ജയിൽ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിഷ്കരണം.
ശിക്ഷയ്ക്കൊപ്പം തടവുകാരുടെ പുനരധിവാസത്തിനും മുൻഗണന
തടവുകാരെ ശിക്ഷിക്കുന്ന പരമ്പരാഗത രീതിയിൽനിന്ന് മാറി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കുകയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം.
ഇതിനായി വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, നൈപുണ്യ വികസനം തുടങ്ങിയ അവസരങ്ങൾ തടവുകാർക്ക് ലഭ്യമാക്കും. കൂടാതെ തുറന്ന ജയിലുകളും ഭാഗികമായി തുറന്ന ജയിലുകളും സ്ഥാപിക്കാനും വ്യവസ്ഥയുണ്ട്.
തടവുകാരുടെ പ്രായം, ആരോഗ്യസ്ഥിതി, സുരക്ഷാ ഭീഷണി എന്നിവ പരിഗണിച്ച് വ്യത്യസ്ത വിഭാഗങ്ങളായി തിരിക്കും.
ജയിൽ സുരക്ഷയ്ക്ക് ആധുനിക സാങ്കേതികവിദ്യ
ജയിലുകളുടെ സുരക്ഷാ സംവിധാനത്തിലും സാങ്കേതികവിദ്യയുടെ സഹായത്തോടെ മാറ്റങ്ങൾ കൊണ്ടുവരും.
സിസിടിവി ക്യാമറകൾ, ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം, ആർഎഫ്ഐഡി സാങ്കേതികവിദ്യ എന്നിവ നടപ്പാക്കും.
ഇതിനുപുറമെ ഡിജിറ്റൽ രേഖകൾ, വീഡിയോ കോൺഫറൻസിങ് തുടങ്ങിയ സംവിധാനങ്ങളും പ്രാബല്യത്തിൽ വരും.
ജയിലിനുള്ളിൽ നിരോധിത ആശയവിനിമയ ഉപകരണങ്ങൾ കൈവശംവയ്ക്കുന്നവർക്ക് മൂന്ന് വർഷംവരെ തടവുശിക്ഷ നൽകാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
ജാതിവിവേചനത്തിന് പൂർണ നിരോധനം; സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം
ജയിൽ ജോലികളിൽ ജാതിയുടെ പേരിലുള്ള വേർതിരിവുകളും വിവേചനങ്ങളും പുതിയ നിയമം പൂർണമായി നിരോധിക്കുന്നു.
വനിതാ തടവുകാരുടെ മാതൃസംരക്ഷണത്തിനും പ്രത്യേക പരിഗണന നൽകും. അമ്മമാരോടൊപ്പം ജയിലിൽ കഴിയുന്ന ആറു വയസ്സുവരെയുള്ള കുട്ടികൾക്ക് ആരോഗ്യസംരക്ഷണവും വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പാക്കും.
അതേസമയം, ട്രാൻസ്ജെൻഡർ തടവുകാർക്കും ഭിന്നശേഷിക്കാർക്കും അവരുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ചുള്ള സൗകര്യങ്ങൾ ലഭ്യമാക്കും. മാനസികാരോഗ്യ സംരക്ഷണത്തിനും പ്രത്യേക സംവിധാനങ്ങളുണ്ടാകും.
വിചാരണത്തടവുകാർക്ക് നിയമസഹായം; കേസുകൾ വേഗത്തിൽ പരിശോധിക്കും
ദീർഘകാലം വിചാരണ കാത്ത് ജയിലുകളിൽ കഴിയുന്നവരുടെ കേസുകൾ വേഗത്തിൽ പരിശോധിക്കാനും പുതിയ നിയമം പ്രാധാന്യം നൽകുന്നു.
ജില്ലാ സെഷൻസ് ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതികൾ രൂപീകരിച്ച് വിചാരണത്തടവുകാരുടെ കേസുകൾ പരിശോധിക്കും. അർഹരായവർക്ക് നിയമസഹായം ലഭ്യമാക്കുന്നതിനൊപ്പം കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായും ബന്ധപ്പെടാനുള്ള സൗകര്യങ്ങളും ഉറപ്പാക്കും.
പരോൾ, ഫർലോ, ശിക്ഷാ ഇളവ് എന്നിവയ്ക്കും പുതിയ വ്യവസ്ഥകൾ
പരോൾ, ഫർലോ, ശിക്ഷാ ഇളവ്, പുനരധിവാസം തുടങ്ങിയ വിഷയങ്ങളിലും പുതിയ നിയമം വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു.
ഇതോടെ ബ്രിട്ടീഷ് ഭരണകാലത്തെ ജയിൽ സംവിധാനത്തിന്റെ അവശേഷിപ്പുകൾ മാറ്റി കൂടുതൽ മാനുഷികവും ആധുനികവുമായ തടവറാ സംവിധാനം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.
സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തിന്റെ ഓർമകൾ പേറുന്ന കാലാപാനി ഉൾപ്പെടെയുള്ള ജയിലുകളിലും പുതിയ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരും.
English Summary:
The Andaman and Nicobar Islands are introducing a new prison regulation in 2026, replacing three colonial-era laws dating back to 1894, 1900 and 1950. The reforms will also apply to the historic Cellular Jail, popularly known as Kala Pani. The new framework focuses on prisoner rehabilitation, education, vocational training, healthcare and human rights. It also introduces modern security technologies, prohibits caste discrimination in prison work, provides special protections for women, children, transgender prisoners and persons with disabilities, and strengthens legal assistance for undertrial prisoners.
