ലണ്ടനിൽ ബംഗ്ലാദേശ് രാഷ്ട്രീയ സംഘർഷം രൂക്ഷമായി. നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) അധ്യക്ഷൻ നഹീദ് ഇസ്ലാമിന് സ്വീകരണം നൽകുന്നതിനിടെ റോംഫോർഡിൽ അവാമി ലീഗ് പ്രവർത്തകരും എൻസിപി അനുകൂലികളും തമ്മിൽ ഏറ്റുമുട്ടി.
തിങ്കളാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. സ്ഥിതിഗതികൾ വഷളായതോടെ നഹീദ് ഇസ്ലാമിന് വേദിയിൽനിന്ന് പെട്ടെന്ന് മടങ്ങേണ്ടിവന്നു.
ഈസ്റ്റ് ലണ്ടനിലെ റോംഫോർഡിലുള്ള മേയ്ഫെയർ ഹാളിലായിരുന്നു പരിപാടി. ബംഗ്ലാദേശി സമൂഹമാണ് ധാക്ക-11 മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നഹീദ് ഇസ്ലാമിന് സ്വീകരണം സംഘടിപ്പിച്ചത്.
പരിപാടിക്കിടെ ഹാളിന് പുറത്ത് അവാമി ലീഗ് പ്രവർത്തകരും അനുഭാവികളും സംഘടിച്ചെത്തിയതായി ദൃക്സാക്ഷികളും സംഘാടകരും പറഞ്ഞു.
റോംഫോർഡിൽ ഏറ്റുമുട്ടൽ
സ്വീകരണത്തിനെത്തിയവർക്കുനേരെ മുട്ടയും വെള്ളക്കുപ്പികളും എറിഞ്ഞതായും പുറത്തുവെച്ച് അതിഥികളെ തടഞ്ഞ് ചോദ്യം ചെയ്തതായും സംഘാടകർ ആരോപിച്ചു. പരിപാടി അവസാനിച്ചതിന് പിന്നാലെ സംഘർഷം കൂടുതൽ രൂക്ഷമായി.
ഹാളിന് പിന്നിലെ റോഡിൽ അവാമി ലീഗ്, എൻസിപി പ്രവർത്തകർ ഏറ്റുമുട്ടി. ഏകദേശം 20 മിനിറ്റ് തെരുവിൽ സംഘർഷം നീണ്ടുനിന്നതായി ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. തുടർന്ന് ലണ്ടൻ പോലീസ് ഇടപെട്ട് പലതവണ ലാത്തിവീശി ആളുകളെ പിരിച്ചുവിട്ടു.
പരിക്കേറ്റവരുടെ എണ്ണത്തിൽ വ്യത്യസ്ത റിപ്പോർട്ടുകൾ
സംഘർഷത്തിൽ കുറഞ്ഞത് നാല് പേർക്ക് പരിക്കേറ്റതായും ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. എന്നാൽ അഞ്ച് പേർക്ക് പരിക്കേറ്റതായും ഇവരെ ലണ്ടനിലെ കിങ്സ് കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുമാണ് പ്രഥം ആലോ റിപ്പോർട്ട് ചെയ്തത്.
സംഭവത്തിൽ വേഗത്തിലുള്ള അന്വേഷണം ഉറപ്പാക്കണമെന്ന് നഹീദ് ഇസ്ലാം ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടു.
വിദേശരാജ്യങ്ങളിൽപ്പോലും അക്രമത്തിലൂടെയും ഭീഷണിയിലൂടെയും എതിർശബ്ദങ്ങളെ അടിച്ചമർത്താൻ അവാമി ലീഗുമായി ബന്ധപ്പെട്ടവർ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അവാമി ലീഗിനെ ‘ഫാസിസ്റ്റ് രാഷ്ട്രീയ ശക്തി’യെന്നും നഹീദ് വിശേഷിപ്പിച്ചു.
നഹീദിന്റെ ബ്രിട്ടൻ സന്ദർശനത്തിനിടെ നേരത്തെയും സംഘർഷം
നഹീദ് ഇസ്ലാമിന്റെ ബ്രിട്ടൻ സന്ദർശനത്തിനിടെ അവാമി ലീഗ് അനുകൂലികളുമായി സംഘർഷമുണ്ടാകുന്നത് ഇതാദ്യമല്ല.
നവംബർ 14-ന് കേംബ്രിഡ്ജ് സർവകലാശാലയിൽ ബംഗാളി സൊസൈറ്റി സംഘടിപ്പിച്ച പരിപാടിക്ക് പുറത്ത് നഹീദിനെ അവാമി ലീഗ് അനുഭാവികൾ പരിഹസിക്കാനും തടസ്സപ്പെടുത്താനും ശ്രമിച്ചതായി പ്രഥം ആലോ റിപ്പോർട്ട് ചെയ്തു.
എൻസിപി പ്രവർത്തകർ ഇടപെട്ടതോടെ വലിയ പ്രശ്നങ്ങളില്ലാതെ നഹീദ് അവിടെനിന്ന് മടങ്ങി. ഈ വർഷം ജൂണിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
എൻസിപി നേതാവും കൊമില്ല-4 മണ്ഡലത്തിലെ എംപിയുമായ ഹസ്നത്ത് അബ്ദുള്ളയുടെ ഈസ്റ്റ് ലണ്ടൻ സന്ദർശനത്തിനിടെയായിരുന്നു സംഭവം.
ഹസ്നത്തും സംഘവും എത്തിയ വേദിക്ക് പുറത്ത് അവാമി ലീഗ് അനുകൂലികൾ പ്രതിഷേധിക്കുകയും എൻസിപി പ്രവർത്തകർക്കുനേരെ ആക്രമണം നടത്തുകയും ചെയ്തതായി പ്രഥം ആലോ റിപ്പോർട്ട് ചെയ്തിരുന്നു.
ബംഗ്ലാദേശിലെ രാഷ്ട്രീയ സംഘർഷത്തിനിടെ ലണ്ടനിലും ഏറ്റുമുട്ടൽ
ബംഗ്ലാദേശിൽ വീണ്ടും രാഷ്ട്രീയ സംഘർഷം ശക്തമാകുന്നതിനിടെയാണ് ബ്രിട്ടനിലും ഏറ്റുമുട്ടലുണ്ടായത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബറോടെ രാജ്യത്തേക്ക് മടങ്ങിയെത്തുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
2024 ഓഗസ്റ്റിൽ ബംഗ്ലാദേശിൽനിന്ന് പലായനം ചെയ്ത ഹസീന നിലവിൽ ഇന്ത്യയിലാണ് കഴിയുന്നത്. ഹസീനയുടെ തിരിച്ചുവരവിനുള്ള നീക്കങ്ങൾ രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വം വർധിപ്പിച്ച സാഹചര്യത്തിലാണ് ലണ്ടനിലും ബംഗ്ലാദേശി രാഷ്ട്രീയ വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
English SummaryPolitical tensions involving Bangladesh have spilled over into London, where supporters of the Awami League and the National Citizen Party (NCP) clashed during a reception for NCP chairman Nahid Islam in Romford. Reports said several people were injured, while Nahid had to leave the venue after the situation escalated. London police intervened to disperse the crowd.
