കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽനിന്ന് അനധികൃതമായി വായ്പയെടുത്ത കേസിൽ പിഎംഎൽഎ നടപടികളിൽനിന്ന് ഒഴിവാക്കണമെന്ന എ.ജെ. പോൾസന്റെ ആവശ്യം ഹൈക്കോടതി തള്ളി.
വായ്പത്തുക പൂർണമായി തിരിച്ചടച്ചതുകൊണ്ട് മാത്രം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള നടപടികളിൽനിന്ന് ഒഴിവാകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
അടിസ്ഥാന കേസിൽ പ്രതിയല്ലെങ്കിലും പിഎംഎൽഎ നിയമം ബാധകമാകാമെന്നും ജസ്റ്റിസ് ജി. ഗിരീഷ് വ്യക്തമാക്കി.വായ്പ തിരിച്ചടച്ചത് പിഎംഎൽഎ പ്രകാരമുള്ള കുറ്റത്തിന്റെ സാധുത ഇല്ലാതാക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസിൽനിന്ന് ഒഴിവാക്കണമെന്നും സ്വത്തുക്കൾ കണ്ടുകെട്ടിയത് നീക്കണമെന്നും ഇഡി പിടിച്ചെടുത്ത രേഖകൾ തിരികെ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പോൾസന്റെ ഹർജികൾ.
കരുവന്നൂർ ബാങ്കിൽ നിന്ന് 2.5 കോടി വായ്പ
2014-ൽ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽനിന്ന് പോൾസണും ഭാര്യയും മകനും ഭാര്യാപിതാവും ഭാര്യാമാതാവും 50 ലക്ഷം രൂപ വീതം വായ്പയെടുത്തിരുന്നു.
ബാങ്ക് ഭാരവാഹികളുമായി ഒത്തുകളിച്ച് തന്റെയും ബന്ധുക്കളുടെയും പേരിൽ അനധികൃതമായി വായ്പകൾ നേടിയെന്നാണ് പോൾസനെതിരെ ഇ.ഡി ആരോപിക്കുന്നത്.
ഇത്തരത്തിൽ ലഭിച്ച 2.5 കോടി രൂപ കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണമാണെന്നും ഇത് ഉപയോഗിച്ച് കർണാടകയിലെ ഗുണ്ടൽപേട്ടിൽ ഭൂമി വാങ്ങിയെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു.
കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം മറച്ചുവെക്കുകയും അതിന്റെ ഉറവിടം മറച്ചുവെച്ച് സ്വത്തുക്കൾ സമ്പാദിക്കുകയും ചെയ്തുവെന്നാണ് കേസ്.
4.30 കോടി രൂപ തിരിച്ചടച്ചു
കേസുമായി ബന്ധപ്പെട്ട് പോൾസന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. 2025 നവംബറിൽ പോൾസണും കുടുംബാംഗങ്ങളും അഞ്ച് വായ്പകളുടെയും കുടിശ്ശിക പൂർണമായി തിരിച്ചടച്ചു. ആകെ 4,30,85,889 രൂപയാണ് ബാങ്കിൽ അടച്ചത്.
വായ്പ തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട നടപടികൾ ഇതോടെ അവസാനിപ്പിക്കുകയും ചെയ്തു. വായ്പ തിരിച്ചടച്ച സാഹചര്യത്തിൽ പിഎംഎൽഎ കേസ് തുടരാൻ നിയമപരമായ അടിസ്ഥാനമില്ലെന്നായിരുന്നു പോൾസന്റെ വാദം.
ഹർജി തള്ളി ഹൈക്കോടതി
വായ്പ തിരിച്ചടച്ചത് പിഎംഎൽഎ കേസിന്റെ സാധുത ഇല്ലാതാക്കുന്നില്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. അടിസ്ഥാന കേസിൽ പ്രതിയല്ലെങ്കിലും പിഎംഎൽഎ നിയമം ബാധകമാകാമെന്നും ജസ്റ്റിസ് ജി. ഗിരീഷ് വ്യക്തമാക്കി.
കേസിൽനിന്ന് ഒഴിവാക്കുക, കണ്ടുകെട്ടിയ സ്വത്തുക്കൾ വിട്ടുനൽകുക, ഇഡി പിടിച്ചെടുത്ത രേഖകൾ തിരികെ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് പോൾസൻ ഉന്നയിച്ചിരുന്നത്. ഇവയുമായി ബന്ധപ്പെട്ട ഹർജികളാണ് ഹൈക്കോടതി തള്ളിയത്.
English Summary : The Kerala High Court has rejected A.J. Paulson’s plea seeking relief from PMLA proceedings in the Karuvannur loan fraud case. The court held that full repayment of the loan does not invalidate proceedings under the Prevention of Money Laundering Act. Justice G. Girish also observed that PMLA can apply even if a person is not an accused in the scheduled offence.
