തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ സഹോദരനായ എസ്.ആർ. വിനയകുമാർ പാർട്ടി അംഗത്വം പുതുക്കിയില്ല. പാർട്ടിയിൽ പിണറായിസം മാത്രമാണ് നിലനിൽക്കുന്നതെന്ന വിമർശനം ഉന്നയിച്ചാണ് വിനയകുമാർ സിപിഎമ്മിൽനിന്ന് അകന്നത്. 2009 മുതൽ പാർട്ടി അംഗമായിരുന്നെന്നും പട്ടം ബ്രാഞ്ച് അംഗമായി പ്രവർത്തിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. അടിമയെപ്പോലെ പാർട്ടിയിൽ തുടരുന്നതിൽ അർഥമില്ലെന്നും വിനയകുമാർ വ്യക്തമാക്കി.
പാർട്ടിയിൽ വിമർശനങ്ങൾക്ക് ഇടമില്ലെന്ന് ആരോപണം
നിലവിൽ സിപിഎമ്മിൽ പിണറായി വിജയൻ മാത്രമാണ് പ്രധാനമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടുകൾ അതാണ് വ്യക്തമാക്കുന്നതെന്നും വിനയകുമാർ ആരോപിച്ചു. നേതാക്കൾ പറയുന്ന കാര്യങ്ങൾ ചോദ്യം ചെയ്യാതെ അംഗീകരിക്കേണ്ട സാഹചര്യമാണുള്ളത്. വിമർശിക്കുന്നവരെ വർഗവഞ്ചകരായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിരോധം തീർക്കുന്നതിൽ മാത്രമാണ് പാർട്ടി ശ്രദ്ധിക്കുന്നതെന്നും മറ്റു പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും വിനയകുമാർ ആരോപിച്ചു.
പത്തു വർഷത്തെ ഭരണത്തിനുശേഷം പാർട്ടി ചരിത്രത്തിലില്ലാത്ത തോൽവി ഏറ്റുവാങ്ങിയിട്ടും നേതൃത്വം തിരുത്തലിന് തയ്യാറാകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
പിണറായിയും ഗോവിന്ദനും മാറാതെ പാർട്ടി രക്ഷപ്പെടില്ലെന്ന് വിമർശനം
തിരുത്തൽ ചർച്ചകൾക്കായി സംസ്ഥാന സമിതി ചേരുന്നതിന് തൊട്ടുമുമ്പ് എം.വി. ഗോവിന്ദൻ നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശങ്ങളും വിനയകുമാർ വിമർശിച്ചു. താനും പിണറായി വിജയനും മാറുന്നില്ലെന്ന സന്ദേശമാണ് അതിലൂടെ നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ സ്തുതിപാഠകരെയാണ് ഉൾപ്പെടുത്തിയതെന്നും തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം അണികളുടെ തലയിൽ കെട്ടിവയ്ക്കുകയാണെന്നും വിനയകുമാർ പറഞ്ഞു. പിണറായി വിജയനും എം.വി. ഗോവിന്ദനും മാറാതെ പാർട്ടിക്ക് മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുണൈറ്റഡ് ഇലക്ട്രിക്കൽസ് എംഡിയായിരുന്നു
ഇടതുഭരണകാലത്ത് വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസിന്റെ മാനേജിങ് ഡയറക്ടറായിരുന്നു എസ്.ആർ. വിനയകുമാർ.
ട്രിവാൻഡ്രം ക്ലബിൽ പണംവച്ച് ചീട്ടുകളിച്ചതിന് വിനയകുമാർ ഉൾപ്പെടെ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ എം.ഡി. സ്ഥാനത്തുനിന്ന് ഒഴിവാക്കി. ഈ സംഭവത്തെത്തുടർന്ന് പാർട്ടി നേതൃത്വവുമായി വിനയകുമാർ അകൽച്ചയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
English Summary:
S.R. Vinayakumar, brother of Vinodini, wife of former CPM state secretary Kodiyeri Balakrishnan, has not renewed his party membership. He said he had been associated with the CPM since 2009 and criticised what he described as the dominance of “Pinarayism” within the party. Vinayakumar also criticised state secretary M.V. Govindan and alleged that the party leadership was unwilling to correct its mistakes after the electoral defeat. He had earlier served as managing director of United Electricals, a public sector undertaking under the Industries Department.
