facebook

വാറന്റി സേവനം നിഷേധിച്ചു; സാംസങ് 58,999 രൂപ നൽകണം

2 Min Read

മലപ്പുറം: സ്മാർട്ട് വാച്ചിന് തകരാർ സംഭവിച്ചിട്ടും വാറന്റി സേവനം നിഷേധിച്ച സാംസങ് കമ്പനിക്കും സർവീസ് സെന്ററിനും തിരിച്ചടി. മമ്പാട് സ്വദേശി ഷബീർ അലിക്ക് 58,999 രൂപ നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. രണ്ടുവർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഉപഭോക്താവിന് അനുകൂലമായ വിധി ലഭിച്ചത്.

വാച്ച് തനിയെ ഓഫാകുകയും ഓണാകുകയും ചെയ്തു

2024 ജനുവരി മൂന്നിനാണ് ഷബീർ അലി 43,999 രൂപ വിലയുള്ള സാംസങ് ഗാലക്‌സി വാച്ച് 6 ക്ലാസിക് 47 എം.എം എൽ.ടി.ഇ മോഡൽ വാങ്ങിയത്. എന്നാൽ ഉപയോഗത്തിനിടെ വാച്ച് ഇടയ്ക്കിടെ തനിയെ ഓഫാകുകയും വീണ്ടും ഓണാകുകയും ചെയ്യുന്ന തകരാർ അനുഭവപ്പെട്ടു.

തുടർന്ന് സർവീസ് സെന്ററിനെ സമീപിച്ചെങ്കിലും വാച്ചിനുള്ളിൽ വെള്ളം കയറിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി വാറന്റി സേവനം നൽകാൻ അധികൃതർ വിസമ്മതിച്ചു. ഇതോടെയാണ് ഷബീർ അലി നിയമനടപടിയിലേക്ക് നീങ്ങിയത്.

2024ൽ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു

വാറന്റി സേവനം നിഷേധിച്ചതിനെതിരേ 2024 ഡിസംബർ 31നാണ് ഷബീർ അലി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകിയത്. ഇരുഭാഗങ്ങളുടെയും വാദങ്ങളും സമർപ്പിച്ച രേഖകളും പരിശോധിച്ച ശേഷമാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

ആകെ 58,999 രൂപ നൽകണം

വാച്ചിന്റെ വിലയായ 43,999 രൂപ പരാതിക്കാരന് തിരികെ നൽകാനാണ് സാംസങ് കമ്പനിക്ക് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. ഇതിനുപുറമേ കമ്പനിയും സർവീസ് സെന്ററും ചേർന്ന് 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നൽകണം.

ഇതോടെ പരാതിക്കാരന് ആകെ ലഭിക്കേണ്ട തുക 58,999 രൂപയായി. വിധി 45 ദിവസത്തിനകം നടപ്പാക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.

കെ. മോഹൻദാസ് പ്രസിഡന്റും സി. പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായീൽ എന്നിവർ അംഗങ്ങളുമായ കമ്മീഷനാണ് വിധി പുറപ്പെടുവിച്ചത്. പരാതിക്കാരനുവേണ്ടി അഡ്വ. പി.കെ. ഷരീഫ് മമ്പാട് ഹാജരായി.

English Summary:

The Malappuram Consumer Disputes Redressal Commission has ordered Samsung and its service centre to pay ₹58,999 to Mambad resident Shabeer Ali after warranty service was denied for his faulty Galaxy Watch 6 Classic. The amount includes a refund of ₹43,999, compensation of ₹10,000 and litigation costs of ₹5,000. The order must be implemented within 45 days.

Share This Article