ശ്രീനഗർ: തെക്കൻ കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ ലഷ്കറെ തയിബയുമായി ബന്ധമുള്ള ഭീകരൻ മുഹമ്മദ് ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു.
കഴിഞ്ഞയാഴ്ച മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണത്തിന് നേതൃത്വം നൽകിയത് ഭട്ടാണെന്നാണ് സുരക്ഷാ ഏജൻസികളുടെ ആരോപണം.
ഒരു വർഷത്തോളമായി ഇയാൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു.
മരപ്പണിക്കാരനിൽനിന്ന് ഭീകര കമാൻഡറിലേക്ക്
23 വയസ്സുകാരനായ ലത്തീഫ് ഭട്ടിനെ തെക്കൻ കശ്മീരിലെ പ്രാദേശിക ഭീകര കമാൻഡറായാണ് സൈന്യം വിശേഷിപ്പിക്കുന്നത്.
2025 നവംബറിലാണ് ഇയാൾ ഒളിവിൽ പോയത്. അതിനുശേഷം സുരക്ഷാസേനയ്ക്കും സാധാരണക്കാർക്കും നേരെയുണ്ടായ നിരവധി ആക്രമണങ്ങളിൽ ഭട്ടിന് പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
മുൻപ് മരപ്പണിക്കാരനായി ജോലി ചെയ്തിരുന്ന ഭട്ട് ഭീകരസംഘടനയിൽ എത്തിയതെങ്ങനെയെന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങളില്ല.
2025 നവംബർ 17ന് ലഷ്കറെ തയിബയുമായി ബന്ധമുള്ള ‘കശ്മീർ റവല്യൂഷൻ ആർമി’യിൽ ചേർന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു.
നവംബർ 19ന് ഇയാളെ കാണാനില്ലെന്ന് കുടുംബം കുൽഗാം പൊലീസിൽ പരാതി നൽകിയിരുന്നു.
നിരവധി ആക്രമണങ്ങളിൽ പങ്കുണ്ടെന്ന് ആരോപണം
ജൂലൈ 31ന് കുൽഗാമിലെ ഇഷ്ടിക ചൂളയിൽ ഛത്തീസ്ഗഢിൽനിന്നുള്ള രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവവുമായി ഭട്ടിന് ബന്ധമുണ്ടെന്ന് സൈന്യം കണ്ടെത്തിയിരുന്നു.
ജൂലൈ 22ന് ജമ്മു കശ്മീർ പൊലീസ് ഹെഡ് കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയതിനു പിന്നിലും അമർനാഥ് തീർഥാടകർക്ക് നേരെ ആക്രമണം നടത്താൻ ശ്രമിച്ചതിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് സുരക്ഷാ ഏജൻസികളുടെ ആരോപണം.
ആൾക്കൂട്ടത്തിൽ ലയിച്ച് അടുത്തുനിന്ന് വെടിവെപ്പ്
കുൽഗാം സ്വദേശിയായതിനാൽ പ്രദേശത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ച് ഭട്ടിന് വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ആൾക്കൂട്ടത്തിന്റെ ഭാഗമായി സഞ്ചരിച്ച് ലക്ഷ്യത്തിനടുത്തെത്തിയ ശേഷം വെടിയുതിർക്കുന്ന രീതിയാണ് ഇയാൾ സ്വീകരിച്ചിരുന്നതെന്നാണ് വിവരം.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായ ശേഷം കുൽഗാമിലെ സർക്കാർ കോളജിൽ പ്രവേശനത്തിന് അപേക്ഷിച്ചെങ്കിലും ഭട്ടിന് പ്രവേശനം ലഭിച്ചിരുന്നില്ല.
സിസിടിവി ദൃശ്യങ്ങൾ നിർണായകമായി
കഴിഞ്ഞയാഴ്ച മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ ഏഴ് ദിവസമായി സുരക്ഷാസേന ഭട്ടിനായി തിരച്ചിൽ നടത്തിവരികയായിരുന്നു.
ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് സംഭവസമയത്ത് ഭട്ടിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു.
തിങ്കളാഴ്ച ഭട്ടിനെയും കൂട്ടാളിയെയും സൈന്യം കണ്ടെത്തി. ഏറ്റുമുട്ടലിൽ കൂട്ടാളി കൊല്ലപ്പെട്ടെങ്കിലും ഭട്ട് രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഭട്ടിനെ സുരക്ഷാസേന വധിച്ചത്.
English Summary:
Security forces neutralized 23-year-old Mohammad Lateef Bhat in Kulgam, South Kashmir, after an extensive search operation. Bhat, described as a local terror commander linked to Lashkar-e-Taiba, was allegedly involved in attacks on CRPF personnel, civilians and police officers. CCTV footage reportedly helped investigators identify his presence at the site of the recent attack.
