ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വേഗത്തിലാക്കാനും സ്വയംപര്യാപ്തത ഉറപ്പാക്കാനും അടുത്ത രണ്ട് പതിറ്റാണ്ടിലെ ദീർഘകാല നിക്ഷേപ തീരുമാനങ്ങളിൽ ‘ഇന്ത്യ ഫസ്റ്റ്’ സമീപനം സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യൻ വ്യവസായ മേഖലയോടാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്. മഹാത്മാഗാന്ധി 1930-ൽ മുന്നോട്ടുവച്ച സ്വദേശി ആശയത്തിന് ഇന്നും പ്രസക്തിയുണ്ടെന്നും സാമ്പത്തിക സ്വയംപര്യാപ്തത രാജ്യത്തിന്റെ പ്രധാന ലക്ഷ്യമായി തുടരണമെന്നും മോദി പറഞ്ഞു.
സ്വദേശി സന്ദേശം ഓരോ വീട്ടിലുമെത്തിക്കണം
ഫിക്കിയുടെ (FICCI) ശതാബ്ദി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സ്വദേശിയുടെയും സ്വയംപര്യാപ്ത ഇന്ത്യയുടെയും സന്ദേശം രാജ്യത്തെ ഓരോ വീട്ടിലും എത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ഗാന്ധിജി മുന്നോട്ടുവച്ച സ്വദേശി ആശയങ്ങൾ വീണ്ടും ഓർമിപ്പിക്കേണ്ടിവരുന്നത് ശ്രദ്ധേയമാണെന്നും മോദി പറഞ്ഞു.
രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വളർച്ചയ്ക്ക് ആഭ്യന്തര ഉൽപ്പാദനവും സ്വയംപര്യാപ്തതയും പ്രധാനമാണെന്ന സന്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.
കാർഷിക മേഖലയിലെ നിക്ഷേപം വർധിപ്പിക്കണം
കാർഷിക മേഖലയിലെ നിക്ഷേപം വർധിപ്പിക്കാനും പ്രധാനമന്ത്രി വ്യവസായികളോട് ആവശ്യപ്പെട്ടു.
കർഷകർ, ചെറുകിട സംരംഭകർ, വ്യവസായികൾ, സമ്പത്ത് സൃഷ്ടിക്കുന്നവർ, നികുതിദായകർ എന്നിവരെ ബഹുമാനിക്കുന്ന സമീപനമാണ് രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ രാജ്യത്തിനായി പ്രവർത്തിക്കുന്നവരെ നിരന്തരം വിമർശിക്കുന്നതുകൊണ്ട് വികസനം സാധ്യമാകില്ലെന്നും മോദി വ്യക്തമാക്കി.
സാമ്പത്തിക വളർച്ചയിൽ വിവിധ മേഖലകളിലെ സംരംഭകരുടെയും നിക്ഷേപകരുടെയും പങ്ക് അംഗീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 22 ശതമാനമായി
ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റ ആദ്യകാലത്തെ അനുഭവവും പ്രധാനമന്ത്രി പങ്കുവച്ചു. 2001-02 കാലഘട്ടത്തിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ എല്ലാവരെയും സംശയത്തോടെ കാണുന്ന സമീപനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന എല്ലാവരും ബഹുമാനം അർഹിക്കുന്നവരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വ്യവസായ സൗഹൃദ നയങ്ങളുടെ ഭാഗമായി കോർപ്പറേറ്റ് നികുതി നിരക്ക് കുറച്ചതും നികുതി നടപടികൾ ലളിതമാക്കിയതും മോദി ചൂണ്ടിക്കാട്ടി.
2014-ൽ 30 ശതമാനമായിരുന്ന അടിസ്ഥാന കോർപ്പറേറ്റ് നികുതി നിരക്ക് 22 ശതമാനമായി കുറച്ചതായി അദ്ദേഹം പറഞ്ഞു. 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നിലവിൽ ആദായനികുതി ഒഴിവാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.
നികുതി ഇളവുകൾ തൊഴിലവസരങ്ങളായി മാറിയോ?
നികുതി റിട്ടേൺ സമർപ്പിക്കലും റീഫണ്ട് നടപടികളും ലളിതമാക്കിയിട്ടുണ്ട്. നേരത്തേ നികുതി റീഫണ്ട് ലഭിക്കാൻ എട്ടുമാസം വരെ കാത്തിരിക്കേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, നികുതി ഇളവുകൾ വ്യവസായ മേഖലയ്ക്ക് ലഭിച്ച നേട്ടം ജീവനക്കാരുടെ ശമ്പള വർധനയിലൂടെയോ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയോ പ്രതിഫലിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം വ്യവസായികളോട് ചോദിച്ചു.
നികുതി ഇളവുകളുടെ ഗുണഫലങ്ങൾ സമ്പദ്വ്യവസ്ഥയിലേക്കും തൊഴിലാളികളിലേക്കും എത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ ചോദ്യത്തിലൂടെ മോദി ഉന്നയിച്ചത്.
50 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽനിന്ന് കരകയറിയെന്ന് മോദി
കഴിഞ്ഞ 12-13 വർഷത്തിനിടെ ഏകദേശം 50 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽനിന്ന് കരകയറിയെന്നാണ് ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.
1970-കളിൽ ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം ഉയർന്ന കാലത്ത് ഇന്ത്യയിലെ ജനസംഖ്യ ഏകദേശം 50 കോടിയായിരുന്നു. അന്ന് ശരിയായ നയങ്ങൾ നടപ്പാക്കിയിരുന്നെങ്കിൽ ദാരിദ്ര്യനിർമാർജനത്തിൽ വലിയ നേട്ടം കൈവരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കൃത്യമായ നയങ്ങളും ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങളും ഇന്ന് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാൻ സഹായിച്ചിട്ടുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. സാമ്പത്തിക സ്വയംപര്യാപ്തതയും ദീർഘകാല നിക്ഷേപവും മുൻനിർത്തിയുള്ള വികസന സമീപനമാണ് ഇന്ത്യ മുന്നോട്ടുകൊണ്ടുപോകേണ്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
English Summary:
Prime Minister Narendra Modi has urged Indian industries to adopt an “India First” approach in long-term investment decisions over the next two decades. Speaking at FICCI’s centenary conference, he highlighted the continuing relevance of the Swadeshi movement, called for increased investment in agriculture and cited tax reforms and poverty reduction as key developments.
