facebook

എ.കെ. ആന്റണിയുടെ ഭാര്യയുടെ പരാതി; ആളറിയാതെ ഇടപെട്ട് മ്യൂസിയം പൊലീസ്

1 Min Read

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് നൽകിയ പരാതിയിൽ പരാതിക്കാരിയുടെ വ്യക്തിവിവരം അറിയാതെ ഇടപെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസ്. ഇമെയിൽ വഴിയാണ് എലിസബത്ത് സ്റ്റേഷനിലേക്ക് പരാതി അയച്ചത്. പേരിനൊപ്പം ‘വൈഫ് ഓഫ് എ.കെ. ആന്റണി’ എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും പരാതിക്കാരി ആരാണെന്ന് ആദ്യം പൊലീസ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിരുന്നില്ല.

പരാതിക്കാരിയെ സ്റ്റേഷനിലേക്ക് വിളിച്ചു

പരാതി പരിശോധിച്ച ഉദ്യോഗസ്ഥൻ എലിസബത്തിനെ ഫോണിൽ ബന്ധപ്പെട്ടു. ഭർത്താവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തണമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ നിർദേശം. പിന്നീടാണ് പരാതിക്കാരി മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ ഭാര്യയാണെന്ന് പൊലീസ് മനസ്സിലാക്കിയത്.

തുടർന്ന് എലിസബത്തിനെ നേരിൽക്കണ്ട് ക്ഷമ ചോദിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ മ്യൂസിയം സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദേശം നൽകി. എന്നാൽ, അതിന്റെ ആവശ്യമില്ലെന്ന് അറിയിച്ച് എലിസബത്ത് വിഷയം പരിഹരിച്ചു.

വീട്ടിലെ അറ്റകുറ്റപ്പണിയിലെ തർക്കം

വീട്ടിലെ അറ്റകുറ്റപ്പണികൾക്കായി ഏർപ്പാടാക്കിയ വ്യക്തി മുൻകൂർ പണം വാങ്ങിയശേഷം ജോലി പൂർത്തിയാക്കിയില്ലെന്നായിരുന്നു എലിസബത്തിന്റെ പരാതി. ഇയാളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതോടെയാണ് സഹായം അഭ്യർഥിച്ച് പൊലീസിനെ സമീപിച്ചത്.

പൊലീസ് ഇടപെട്ട് പണി പൂർത്തിയാക്കാൻ നിർദേശം

പരാതിയിൽ ഇടപെട്ട പൊലീസ് ബന്ധപ്പെട്ട വ്യക്തിയെ വിളിച്ചുവരുത്തി. വീട്ടിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഇയാൾക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഇതോടെയാണ് പരാതിക്ക് പരിഹാരമായത്.

English Summary: Elizabeth, wife of former Kerala Chief Minister A.K. Antony, approached Thiruvananthapuram’s Museum Police over a contractor who allegedly took advance payment but failed to complete repair work at her house. Police initially contacted her without recognising her identity and later intervened to resolve the issue.

Share This Article