facebook

ഗ്രിൽഡ് ചിക്കൻ പ്രേമികൾ ശ്രദ്ധിക്കുക;മുന്നറിയിപ്പുമായി ദുബായ് മുൻസിപ്പാലിറ്റി

2 Min Read

ദുബായ് :നോൺവെജ് വിഭവങ്ങളിൽ ഏറെ ജനപ്രിയമായ ഗ്രിൽഡ് ചിക്കന്റെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് മുന്നറിയിപ്പുമായി ദുബായ് മുൻസിപ്പാലിറ്റി.

നവംബർ 17ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന 20-ാമത് ദുബായ് ഇന്റർനാഷണൽ ഫുഡ് സേഫ്റ്റി കോൺഫറൻസിലായിരുന്നു നിർദേശങ്ങൾ.

‘ഗ്രിൽ സേഫ്’ എന്ന പേരിൽ നടത്തിയ ഭക്ഷ്യസുരക്ഷാ ക്ലാസിലാണ് ഗ്രിൽഡ് ചിക്കനുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ വിശദീകരിച്ചത്.

പ്രിൻസിപ്പൽ ഫുഡ് സേഫ്റ്റി സ്പെഷ്യലിസ്റ്റ് ബോബി കൃഷ്ണ നയിച്ച ക്ലാസിൽ ഷെഫുമാർ, റസ്റ്റോറന്റ് മാനേജർമാർ, ഭക്ഷ്യസുരക്ഷാ ചുമതലയുള്ളവർ എന്നിവർ പങ്കെടുത്തു.

ഗ്രിൽഡ് ചിക്കനിൽ ബാക്ടീരിയ അണുബാധ ഉണ്ടാകുന്നത് തടയുന്നതിനുള്ള മാർഗങ്ങളാണ് ക്ലാസിൽ വിശദീകരിച്ചത്.

ഗ്രിൽഡ് ചിക്കനിലെ കൊഴുപ്പും നീരും

ഗ്രിൽ മെഷീനുകൾക്ക് താഴെ വീഴുന്ന കൊഴുപ്പും നീരും ശേഖരിച്ച് ഗ്രേവിയായോ ചട്നിയായോ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അപകടകരമാണെന്ന് ദുബായ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.

ഇത്തരം ഗ്രേവി വിളമ്പുന്നത് മുനിസിപ്പാലിറ്റി വിലക്കിയിട്ടുണ്ട്.വേവാത്ത കോഴിയിറച്ചിയിൽ നിന്നുള്ള നീര് ഇതിൽ കലരാൻ സാധ്യതയുണ്ട്.

കൂടാതെ ശരിയായ താപനിലയിൽ വേവാത്തതിനാൽ ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് ഇത് കാരണമാകാമെന്നും മുന്നറിയിപ്പ് നൽകി.

റെസ്റ്റോറന്റുകൾക്ക് കർശന നിർദേശങ്ങൾ

പകുതി വെന്തതോ പൂർണമായി വെന്തതോ ആയ ചിക്കന് മുകളിൽ വേവാത്ത കോഴിയിറച്ചി ഗ്രിൽ ചെയ്യാൻ വയ്ക്കരുതെന്ന് ജീവനക്കാർക്ക് നിർദേശം നൽകി.

ഇതിലൂടെ വേവാത്ത ഇറച്ചിയിൽ നിന്നുള്ള അണുബാധയ്ക്കുള്ള സാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യം.വിൽക്കാതെ ബാക്കിയാകുന്ന ചിക്കൻ കഷ്ണങ്ങൾ ഗ്രിൽ മെഷീന്റെ താഴത്തെ ട്രേയിൽ വീണ്ടും വയ്ക്കാനും പാടില്ല.

പകരം കൃത്യമായ താപനില നിയന്ത്രിക്കുന്ന സ്റ്റോറേജ് യൂണിറ്റുകളിലേക്ക് മാറ്റണമെന്നും ജീവനക്കാരോട് ആവശ്യപ്പെട്ടു.

അഞ്ച് ഭാഷകളിൽ ഭക്ഷ്യസുരക്ഷാ ക്ലാസ്

ഭക്ഷ്യസുരക്ഷാ ക്ലാസിൽ അറബിക്, ഇംഗ്ലീഷ്, മലയാളം, ഉറുദു, തഗാലോഗ് എന്നീ അഞ്ച് ഭാഷകളിലാണ് പരിശീലനം നൽകിയത്.

ഒരേസമയം ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ഭക്ഷ്യസുരക്ഷാ ക്ലാസ് എന്ന ലോക റെക്കോർഡും ഈ പരിപാടിയിലൂടെ ദുബായ് മുൻസിപ്പാലിറ്റി നേടി.

English Summary : Dubai Municipality has issued food safety warnings related to grilled chicken during the 20th Dubai International Food Safety Conference held on November 17. The “Grill Safe” session highlighted the risks of using drippings from raw chicken as gravy or chutney and provided safety instructions to restaurant staff. The training was conducted in Arabic, English, Malayalam, Urdu and Tagalog, and set a world record for the largest food safety class held with simultaneous participation.

Share This Article