യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പേ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള നീക്കങ്ങൾ സജീവമായിരുന്നു.
സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഘട്ടത്തിൽ തന്നെ ഇതുസംബന്ധിച്ച അണിയറ നീക്കങ്ങൾ തുടങ്ങിയിരുന്നു.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് നിരവധി എം.പിമാരും നേതാക്കളും പരിഗണനയിലിരിക്കെയാണ് വി.ഡി. സതീശൻ പക്ഷം പുതിയ നീക്കവുമായി രംഗത്തെത്തുന്നത്.
കെ.പി.സി.സി അധ്യക്ഷനൊപ്പം യുഡിഎഫ് കൺവീനറെയും മാറ്റണമെന്നാണ് വി.ഡി. പക്ഷത്തിന്റെ നിലപാട്.
നേതൃമാറ്റം പാക്കേജായി വരുമ്പോൾ കൺവീനർ സ്ഥാനവും അതിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. മുൻകാലങ്ങളിലും സമാനമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന വാദവും പക്ഷം മുന്നോട്ടുവയ്ക്കുന്നു.
അടൂർ പ്രകാശിനെ ലക്ഷ്യമിട്ട് നീക്കം
സണ്ണി ജോസഫ് കെ.പി.സി.സി അധ്യക്ഷനായപ്പോഴാണ് അടൂർ പ്രകാശ് യുഡിഎഫ് കൺവീനറായതെന്ന കീഴ്വഴക്കവും വി.ഡി. പക്ഷം ചൂണ്ടിക്കാട്ടുന്നു.
മുന്നണി തീരുമാനങ്ങൾ താൻ അറിയുന്നില്ലെന്നും മുഖ്യമന്ത്രിക്കെതിരെ പരസ്യവിമർശനം ഉന്നയിച്ചെന്നും ചൂണ്ടിക്കാട്ടി അടൂർ പ്രകാശിനെതിരെ ഘടകകക്ഷികളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമവും നടക്കുന്നതായാണ് വിവരം.
എം.കെ. മുനീറിനും ജി. ദേവരാജനും ക്യാബിനറ്റ് പദവികൾ നൽകിയത് തന്നോട് ആലോചിക്കാതെയാണെന്നായിരുന്നു അടൂർ പ്രകാശിന്റെ പരസ്യവിമർശനം.
കൺവീനറുടെ വിമർശനത്തിൽ ലീഗ് നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യമാണ് മാറ്റനീക്കത്തിന് അനുകൂലമായി ഉപയോഗിക്കാൻ വി.ഡി. പക്ഷം ശ്രമിക്കുന്നതെന്നാണ് സൂചന.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കും ചർച്ച
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സി. വേണുഗോപാൽ പക്ഷത്തെ ഒരാൾ എത്തുമെന്ന സാധ്യതയും വി.ഡി. പക്ഷം മുൻകൂട്ടി കാണുന്നുണ്ട്.
ഉമ്മൻചാണ്ടി-വി.എം. സുധീരൻ കാലത്തെ മാതൃക ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് താൽപര്യമുള്ളയാൾ അധ്യക്ഷ സ്ഥാനത്ത് വരണമെന്ന ആവശ്യം ഉയർത്തിയേക്കാം.
എന്നാൽ ഒടുവിൽ അധ്യക്ഷ സ്ഥാനത്ത് വിട്ടുവീഴ്ച ചെയ്യേണ്ടിവന്നാലും യുഡിഎഫ് കൺവീനർ സ്ഥാനത്ത് മാറ്റം കൊണ്ടുവരാനാകുമെന്നാണ് വി.ഡി. പക്ഷത്തിന്റെ കണക്കുകൂട്ടൽ.
‘ഒരാൾക്ക് ഒരു പദവി’ മാനദണ്ഡം നടപ്പാക്കിയാൽ കെ.പി.സി.സി അധ്യക്ഷനാകാമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന ജോസഫ് വാഴക്കന്റെ പേര് ഗ്രൂപ്പ് താൽപര്യത്തെ തുടർന്ന് പരിഗണിക്കപ്പെടാതെ പോയാൽ കൺവീനർ സ്ഥാനത്തേക്ക് അദ്ദേഹത്തെ എതിർക്കില്ലെന്നും പക്ഷത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കൺവീനർ സ്ഥാനത്തേക്ക് പുതിയ സമവാക്യം
അടൂർ പ്രകാശിനെ മാറ്റിയാൽ നേതൃപദവിയിലെ ഈഴവ പ്രാതിനിധ്യം നഷ്ടപ്പെടുമെന്ന വാദവും ഉയരാനിടയുണ്ട്. ഇതിന് വർക്കിങ് പ്രസിഡന്റുമാരിലൂടെ പരിഹാരം കാണാമെന്ന ഫോർമുലയാണ് വി.ഡി. പക്ഷം മുന്നോട്ടുവയ്ക്കുന്നത്.
അതേസമയം, പാർട്ടിയിലെ നിയന്ത്രണം കൂടി നഷ്ടപ്പെടുന്ന തരത്തിലുള്ള നീക്കത്തോട് കെ.സി. വേണുഗോപാൽ പക്ഷത്തിന് യോജിപ്പില്ല. കെ.സി.ക്ക് താൽപര്യമുള്ളയാൾ തന്നെ കെ.പി.സി.സി അധ്യക്ഷനാകണമെന്നാണ് പക്ഷത്തിന്റെ നിലപാട്.
മുഖ്യമന്ത്രിയുമായുള്ള ചർച്ചകളിൽ കെ.സിക്കുവേണ്ടി നിലകൊണ്ട ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ, ആനോ ആന്റണി തുടങ്ങിയ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നുണ്ട്.
മന്ത്രി സ്ഥാനം ഒഴിഞ്ഞ് എ.പി. അനിൽകുമാറിനെ കെ.പി.സി.സി അധ്യക്ഷനാക്കാനുള്ള കെ.സി. പക്ഷത്തിന്റെ നീക്കവും ഈ ഗ്രൂപ്പ് നിലപാടിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, അധികാരത്തിലെത്തി ആറുമാസം തികയുമ്പോഴേക്കും മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതിനോട് മുഖ്യമന്ത്രിക്ക് യോജിപ്പില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പിന്നിലാകുമോ അടൂർ?
നേതൃമാറ്റത്തിനൊപ്പം യുഡിഎഫ് കൺവീനർമാരെയും മാറ്റുന്ന രീതി അടുത്തകാലത്താണ് സജീവമായത്. 1979ൽ കെ. കരുണാകരൻ രൂപം നൽകിയ യുഡിഎഫിന്റെ ആദ്യ കൺവീനർ പി.ജെ. ജോസഫായിരുന്നു.
1982ൽ പി.ജെ. ജോസഫ് ഒഴിഞ്ഞതോടെ കൺവീനറായ ഉമ്മൻചാണ്ടി 1985 വരെ ആ പദവിയിൽ തുടർന്നു.തുടർന്ന് കൺവീനറായ കെ. ശങ്കരനാരായണൻ 1985 മുതൽ 2011 വരെ 16 വർഷം ആ സ്ഥാനത്ത് തുടർന്നു.
ആന്റണി മന്ത്രിസഭയുടെ കാലത്ത് ശങ്കരനാരായണൻ മന്ത്രിയായതോടെ ഉമ്മൻചാണ്ടി 2001 മുതൽ 2004 വരെ വീണ്ടും കൺവീനറായി.ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായതോടെ പി.പി. തങ്കച്ചൻ കൺവീനർ സ്ഥാനം ഏറ്റെടുത്തു.
2004 മുതൽ 2018 വരെ 14 വർഷം അദ്ദേഹം പദവിയിൽ തുടർന്നു. 2018ൽ ബെന്നി ബഹനാൻ കൺവീനറായി. എന്നാൽ ഈ കാലയളവിൽ കേരള കോൺഗ്രസ് (എം) മുന്നണി വിട്ടത് അദ്ദേഹത്തിന് തിരിച്ചടിയായി.
2020ൽ എം.എം. ഹസൻ കൺവീനറായി. അദ്ദേഹത്തിന്റെ പിൻഗാമിയായാണ് 2025ൽ അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ സ്ഥാനത്തെത്തിയത്.
വി.ഡി. പക്ഷത്തിന്റെ നീക്കം വിജയിച്ചാൽ, ഏറ്റവും കുറഞ്ഞ കാലയളവിൽ യുഡിഎഫ് കൺവീനർ പദവിയിൽ തുടർന്ന വ്യക്തിയായി അടൂർ പ്രകാശ് മാറും.
English Summary : Moves for a leadership reshuffle in the UDF are gaining momentum, with the V.D. Satheesan faction seeking a change in the UDF convener post along with the KPCC president. The faction is reportedly targeting incumbent convener Adoor Prakash amid his public criticism of the Chief Minister and the government. The discussion comes as different Congress factions prepare for possible changes in the party leadership.
