ആലപ്പുഴ: സ്കൂളിലും യാത്രകളിലുമൊക്കെ കണ്ടതും കേട്ടതുമായ കാര്യങ്ങൾ അമ്മയോട് കഥകളായി പങ്കുവയ്ക്കുന്ന രണ്ട് കുഞ്ഞുങ്ങൾ. അവരുടെ വാക്കുകൾ അതേപടി അമ്മ എഴുതി സൂക്ഷിച്ചു. ഒടുവിൽ ആ കുഞ്ഞുമനസ്സിലെ ചിന്തകൾ രണ്ട് കഥാപുസ്തകങ്ങളായി. ഒന്നാം ക്ലാസുകാരൻ ലൂക്കയുടെയും യു.കെ.ജി വിദ്യാർഥിനി ലോറയുടെയും കഥകളാണ് പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നത്.
കുഞ്ഞുവാക്കുകൾക്ക് പുസ്തകരൂപം
കോടുകുളഞ്ഞി ക്രൈസ്റ്റ് ചർച്ച് വിദ്യാപീഠത്തിലെ വിദ്യാർഥികളാണ് ലൂക്കയും ലോറയും. സ്കൂളിലും യാത്രകളിലും കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങൾ ഇരുവരും അമ്മ ലിനു മരിയം എബ്രഹാമിനോട് പങ്കുവയ്ക്കും.
ഫെഡറൽ ബാങ്ക് ചെങ്ങന്നൂർ ബ്രാഞ്ച് മാനേജരായ ലിനു, രാത്രിയിലെ തിരക്കുകൾ ഒഴിഞ്ഞശേഷമാണ് മക്കൾ പറയുന്ന കാര്യങ്ങൾ എഴുതിവയ്ക്കുന്നത്. കുട്ടികൾ സംസാരിക്കുന്ന ഭാഷയിൽ തന്നെ അവരുടെ കഥകൾ പകർത്തുകയായിരുന്നു.
‘ലൂക്കായുടെ പുസ്തകവും’ ‘ലോറയുടെ പ്രയാണവും’
കുഞ്ഞുങ്ങളുടെ ചിന്തകളും അനുഭവങ്ങളും ഉൾപ്പെടുത്തിയ രണ്ട് പുസ്തകങ്ങളാണ് ഒരുങ്ങിയത്. ‘ലൂക്കായുടെ പുസ്തകം’, ‘ലോറയുടെ പ്രയാണം’ എന്നിവയാണ് പുസ്തകങ്ങളുടെ പേരുകൾ.
പുസ്തകത്തിലെ കുഞ്ഞുകഥകൾക്ക് ചിത്രങ്ങൾ വരച്ചതും പേരുകൾ നിർദേശിച്ചതും ലൂക്ക തന്നെയാണ്. വാക്കുകൾക്ക് പൂർണതയോ ആശയങ്ങൾക്ക് കൃത്യമായ ക്രമമോ ഉണ്ടാകണമെന്നില്ലെങ്കിലും കുട്ടികൾ പറഞ്ഞത് എഡിറ്റിങ് നടത്താതെ അതേപടി പ്രസിദ്ധീകരിക്കാനാണ് തീരുമാനമെന്ന് ലിനു പറയുന്നു.
ശിശുദിനത്തിൽ വയലാർ ശരത്ചന്ദ്രവർമ്മ പ്രകാശനം ചെയ്യും
ശിശുദിനമായ നവംബർ 14-ന് ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. വെൺമണി വെൺസെക് പ്രയർ ഹാളിൽ വൈകിട്ട് മൂന്നിനാണ് ചടങ്ങ്. ഡ്രീംബുക്ക് ബൈൻഡറിയാണ് പ്രസാധകർ.
കുട്ടികളുടെ സംസാരശൈലിയും സ്വാഭാവികമായ ചിന്തകളും അതേപടി വായനക്കാരിലേക്ക് എത്തിക്കുകയാണ് പുസ്തകങ്ങളുടെ ലക്ഷ്യം.
അമ്മയും എഴുത്തിന്റെ ലോകത്ത്
ലിനുവും എഴുത്തുകാരിയാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ‘മഴവില്ല്’ എന്ന ആദ്യ കവിതാസമാഹാരം പുറത്തിറക്കിയത്. ഇതുവരെ അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുട്ടിക്കഥകളുടെ സമാഹാരമായ ‘ക്യാപ്സ്യൂൾ 22’, ഒറ്റവാക്യത്തിലുള്ള നൂറ് കഥകൾ ഉൾപ്പെടുത്തിയ ‘ഇമ്മിണി ചെറിയ 100 ഒന്ന്’, ഇംഗ്ലീഷ് കവിതാസമാഹാരങ്ങളായ ‘ഇറ്റ്സ് ഓക്കെ’, ‘ലെറ്റ് മേ ബീ’ എന്നിവയാണ് മറ്റ് കൃതികൾ.
ചെങ്ങന്നൂർ വെൺമണി ചിറ്റക്കാട്ടു വീട്ടിലാണ് ലിനുവിന്റെയും കുടുംബത്തിന്റെയും താമസം. ഭർത്താവ് ലിജിൻ കെ. ദേവസ്യ ഖത്തറിൽ എൻജിനിയറാണ്.
English Summary: Linu Mariam Abraham, a writer and bank branch manager in Chengannur, has turned the stories and thoughts shared by her children, Luca and Lora, into two books titled ‘Luca’s Book’ and ‘Lora’s Journey’. The books, featuring the children’s original expressions and ideas, will be released on Children’s Day by lyricist Vayalar Sarathchandra Varma.
