ഛഠ് പൂജയോടനുബന്ധിച്ച് ബിഹാറിലെ സ്ത്രീകൾ അണിയുന്ന സിന്ദൂര തിലകത്തെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സ്റ്റാൻഡ് അപ് കൊമേഡിയൻ യഷ് മഹേശ്വരിക്കെതിരെ പൊലീസ് കേസെടുത്തു. വിവാദ പരാമർശങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു. ക്ഷമാപണ വിഡിയോ പുറത്തുവിട്ടെങ്കിലും പ്രതിഷേധം അവസാനിച്ചിട്ടില്ല. പട്ന സൈബർ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സിന്ദൂര ആചാരത്തെ പരിഹസിച്ച് വിവാദ പരാമർശം
നവംബർ 21ന് യഷ് മഹേശ്വരി തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ് ബിഹാറി സ്ത്രീകൾ ഛഠ് പൂജയ്ക്കായി അണിയുന്ന നീളത്തിലുള്ള സിന്ദൂരത്തെ ലൈംഗികചുവയുള്ള പരാമർശത്തിലൂടെ പരിഹസിച്ചത്.
മൂക്കിൻതുമ്പിൽനിന്ന് നെറുകവരെ നീളത്തിൽ ഓറഞ്ച് നിറത്തിലുള്ള സിന്ദൂരം ചാർത്തുന്ന ആചാരത്തെ പുരുഷ ലൈംഗികാവയവവുമായി ഉപമിച്ചതായാണ് ആരോപണം. സിന്ദൂരമണിഞ്ഞ സ്ത്രീകളെ ഹനുമാനോടും ഉപമിച്ച ഇയാൾ, ഇത്തരക്കാർ എന്തിനാണ് ദൈവത്തെപ്പോലെ വേഷംകെട്ടി തന്റെ വീടിനു ചുറ്റും കറങ്ങുന്നതെന്നും ചോദിച്ചിരുന്നു.
ബിഹാറി സ്ത്രീകളെക്കുറിച്ചുള്ള പരാമർശവും പ്രതിഷേധത്തിന് ഇടയാക്കി
മറ്റൊരു വിഡിയോയിൽ ബിഹാറി സ്ത്രീകൾക്ക് മർദനം ഏൽക്കാനാണ് ഇഷ്ടമെന്നും ഹരിയാനയിലെ പുരുഷന്മാർക്ക് സ്ത്രീകളെ തല്ലാനാണ് ഇഷ്ടമെന്നും യഷ് പറഞ്ഞിരുന്നു. അതിനാൽ ബിഹാറി സ്ത്രീകളെ ഹരിയാനയിലെ പുരുഷന്മാർക്ക് വിവാഹം കഴിച്ചുകൊടുക്കണമെന്നായിരുന്നു പരാമർശം.
നേരത്തെ നടന്ന സ്റ്റാൻഡ് അപ് പരിപാടിയുടെ വിഡിയോയാണ് യഷ് യുട്യൂബ് ചാനലിൽ പങ്കുവച്ചത്. പരിപാടിക്കിടെ ചിലർ ചിരിക്കുകയും കൈയടിക്കുകയും ചെയ്തെങ്കിലും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധം ഉയർന്നു.
ബിഹാറിലെ സ്ത്രീകളെയും സംസ്കാരത്തെയും ആചാരങ്ങളെയും അപമാനിച്ചെന്നാരോപിച്ച് രാഷ്ട്രീയ നേതാക്കളും അഭിഭാഷകരും പൊതുജനങ്ങളും രംഗത്തെത്തി.
പട്ന സൈബർ പൊലീസ് കേസെടുത്തു
ബിഹാറിലെ എല്ലാ ജില്ലകളിലും യഷിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ബിജെപി നേതാവ് ഋതു ജയ്സ്വാൾ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര ഇടപെടലും കർശന നിയമനടപടിയും വേണമെന്ന് കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് മനു സിങ്വിയും ആവശ്യപ്പെട്ടു.
പ്രതിഷേധം ശക്തമായതോടെ പട്ന സൈബർ പൊലീസ് സ്റ്റേഷനിൽ യഷ് മഹേശ്വരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 75(1), 79, 351, 352 വകുപ്പുകളും ഐടി ആക്ടിലെ 66C, 66D വകുപ്പുകളും ചുമത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
സ്ത്രീകൾക്കെതിരായ ഇത്തരം പരാമർശങ്ങൾ സാമൂഹിക സൗഹാർദം തകർക്കാനും വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താനും ഇടയാക്കുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. അന്വേഷണം പുരോഗമിക്കുകയാണെന്നും തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും പട്ന പൊലീസ് അറിയിച്ചു.
വിവാദത്തിൽ ക്ഷമാപണവുമായി യഷ് മഹേശ്വരി
പ്രതിഷേധം വ്യാപകമായതോടെ ചൊവ്വാഴ്ച വൈകുന്നേരം യഷ് മഹേശ്വരി യുട്യൂബ് ചാനലിലൂടെ ക്ഷമാപണ വിഡിയോ പങ്കുവച്ചു.
ഒരു മതവിശ്വാസത്തെയോ ഉത്സവത്തെയോ മറ്റുള്ളവരുടെ വികാരങ്ങളെയോ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ പരാമർശങ്ങൾ തെറ്റായ രീതിയിൽ ആളുകളിലേക്ക് എത്തിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റിന് ആത്മാർഥമായി ക്ഷമ ചോദിക്കുന്നതായും ഭാവിയിൽ ഇത്തരം ഉള്ളടക്കങ്ങൾ ഉണ്ടാകില്ലെന്നും വിഡിയോയിൽ ഉറപ്പുനൽകി.
എന്നാൽ ക്ഷമാപണത്തിനു പിന്നാലെയും സംഭവത്തിൽ പ്രതിഷേധം തുടരുകയാണ്.
English Summary:
Patna cyber police have registered a case against stand-up comedian Yash Maheshwari over alleged vulgar remarks about Bihar women’s Chhath sindoor tradition. His videos triggered widespread outrage, with political leaders and the public demanding action. The comedian later issued an apology, but protests continue.
