ചണ്ഡിഗഡ്: സ്ത്രീധനമായി ആവശ്യപ്പെട്ട കാർ ലഭിക്കാത്തതിനെ തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന് പരാതി.
ഡൽഹി പൊലീസ് ഉദ്യോഗസ്ഥനായ കുൽദീപാണ് വിവാഹവേദിയിൽ നിന്ന് വധുവിനെയും കുടുംബത്തെയും അപമാനിച്ച് മടങ്ങിയതെന്ന് വധുവിന്റെ പിതാവ് സുഭാഷ് കുമാർ നൽകിയ പരാതിയിൽ പറയുന്നു.
9.5 ലക്ഷം രൂപ വിലയുള്ള കാർ നേരത്തെ ബുക്ക് ചെയ്തിരുന്നെങ്കിലും വിവാഹത്തിന്റെ തലേദിവസം 13 ലക്ഷം രൂപ വിലമതിക്കുന്ന കാർ ആവശ്യപ്പെട്ടെന്നാണ് ആരോപണം.
ആവശ്യപ്പെട്ട കാർ ലഭ്യമാക്കാൻ കഴിയാതായതോടെ വിവാഹം മുടങ്ങിയെന്നാണ് പരാതി. ആറുമാസം മുൻപാണ് സുഭാഷ് കുമാറിന്റെ മകൾ ഹീനയും കുൽദീപും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്.
വിവാഹാലോചന ഉറപ്പിച്ചതു മുതൽ വരന്റെ കുടുംബം കാറിനും സ്വർണാഭരണങ്ങൾക്കുമായി സമ്മർദം ചെലുത്തിയിരുന്നുവെന്നും പിതാവ് ആരോപിക്കുന്നു.
വിവാഹ ഒരുക്കങ്ങൾക്കായി ലക്ഷങ്ങൾ ചെലവഴിച്ചു
9.5 ലക്ഷം രൂപ വിലയുള്ള കാർ വധുവിന്റെ കുടുംബം നേരത്തെ ബുക്ക് ചെയ്തിരുന്നു. എന്നാൽ വിവാഹത്തിന് ഒരു ദിവസം മുൻപ് 13 ലക്ഷം രൂപ വിലയുള്ള കാർ തന്നെ വേണമെന്ന് കുൽദീപ് ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു.
തുടർന്ന് നേരത്തെ ബുക്ക് ചെയ്ത കാർ റദ്ദാക്കി പുതിയ വാഹനം കണ്ടെത്താൻ കുടുംബം ശ്രമിച്ചെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ കാർ ലഭ്യമാക്കാൻ സാധിച്ചില്ല.
വരന് രണ്ട് പവൻ സ്വർണമാല, അമ്മയ്ക്ക് നാല് പവൻ സ്വർണക്കമ്മൽ, വെള്ളി പാദസരം എന്നിവ നൽകാനും വരന്റെ സഹോദരനും ഭാര്യയ്ക്കും ആഭരണങ്ങൾ നൽകാനും വധുവിന്റെ കുടുംബം സമ്മതിച്ചിരുന്നതായും പരാതിയിൽ പറയുന്നു.
ഇതിനായി ആഭരണങ്ങൾക്ക് ഓർഡർ നൽകിയിരുന്നു. 1.32 ലക്ഷം രൂപയുടെ ഫർണിച്ചറുകളും മറ്റ് വീട്ടുപകരണങ്ങളും ഒരുക്കിയിരുന്നു.
വിവാഹച്ചെലവുകൾക്കായി 25 മുതൽ 30 ലക്ഷം രൂപ വരെ ചെലവഴിച്ചതായും സുഭാഷ് കുമാർ പറഞ്ഞു.
കാർ എത്തിയില്ലെന്ന് അറിഞ്ഞതോടെ തർക്കം
വിവാഹദിവസം ഏകദേശം 1,200 അതിഥികൾക്കുള്ള ഭക്ഷണം ഉൾപ്പെടെയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു.
എന്നാൽ ആഘോഷപൂർവം എത്തുന്നതിന് പകരം സാധാരണ വേഷത്തിൽ അമ്മയ്ക്കൊപ്പമാണ് കുൽദീപ് വിവാഹവേദിയിലെത്തിയതെന്ന് പരാതിയിൽ പറയുന്നു.
വേദിയിലെത്തിയതിന് പിന്നാലെ കാർ എവിടെയെന്ന് കുൽദീപ് അന്വേഷിച്ചു. കാർ എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ ഇരുകുടുംബങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി.
വരൻ അസഭ്യം പറയുകയും വധുവിന്റെ സഹോദരനുമായി തർക്കത്തിലേർപ്പെടുകയും ചെയ്തതായി സുഭാഷ് കുമാർ ആരോപിക്കുന്നു.
ബന്ധുക്കളുടെ അഭ്യർഥനയും ഫലം കണ്ടില്ല
വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കണമെന്ന് ബന്ധുക്കൾ കുൽദീപിനോടും അമ്മയോടും അഭ്യർഥിച്ചെങ്കിലും ഇരുവരും വഴങ്ങിയില്ലെന്നും വിവാഹവേദിയിൽ നിന്ന് മടങ്ങിയെന്നും പരാതിയിൽ പറയുന്നു.
വിവാഹവേഷത്തിൽ മണ്ഡപത്തിൽ കാത്തുനിന്ന ഹീന ഇതോടെ തളർന്നുപോയതായും പിതാവ് പറഞ്ഞു.വരന്റെ ഭാഗത്തുനിന്ന് 20 മുതൽ 30 പേർ മാത്രമാണ് ചടങ്ങിനെത്തിയത്.
വരൻ മടങ്ങിയതോടെ വധുവിന്റെ ബന്ധുക്കളിൽ പലരും ഭക്ഷണം കഴിക്കാതെ മടങ്ങിയെന്നും സുഭാഷ് കുമാർ പറയുന്നു. എം.എ. ബിരുദധാരിയാണ് ഹീന.
കുൽദീപിനും കുടുംബത്തിനുമെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുഭാഷ് കുമാർ പൊലീസിൽ രേഖാമൂലം പരാതി നൽകി.
English Summary : A Delhi police officer allegedly called off his wedding after demanding a car worth ₹13 lakh as dowry, according to a complaint filed by the bride’s father in Chandigarh. The family had earlier booked a car worth ₹9.5 lakh but could not arrange the more expensive vehicle at short notice. The bride’s father has sought strict legal action against the groom and his family. Po
