facebook

ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണത്തിന് ആസ്തിവിവരപ്പട്ടിക വേണം: ഹൈക്കോടതി

2 Min Read

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ കൃത്യമായ ആസ്തിവിവരപ്പട്ടിക തയ്യാറാക്കണമെന്ന് ഹൈക്കോടതി. സ്വർണം, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ മൂല്യം, ശുദ്ധി, കാരറ്റ് തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തി ഇൻവെന്ററി തയ്യാറാക്കാനാണ് ഗുരുവായൂർ ദേവസ്വത്തിന് നിർദേശം നൽകിയിരിക്കുന്നത്. വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനൊപ്പം അവയുടെ കൃത്യമായ കണക്കും പരിപാലിക്കണമെന്ന് കോടതി വ്യക്തമാക്കി.

ആസ്തിവിവരപ്പട്ടിക വേണമെന്ന് ദേവസ്വം ബെഞ്ച്

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് നിർദേശം നൽകിയത്. ക്ഷേത്രത്തിലെ സ്വർണത്തിന്റെയും രത്നങ്ങളുടെയും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ മൂല്യം കണക്കാക്കി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര സ്വദേശി എം.കെ. ഹരിദാസ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

സ്വർണാഭരണങ്ങൾ എസ്.ബി.ഐയുടെ ബുള്ളിയൻ ബ്രാഞ്ചിൽ

ക്ഷേത്രത്തിൽ ലഭിക്കുന്ന സ്വർണാഭരണങ്ങൾ മുംബൈയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബുള്ളിയൻ ബ്രാഞ്ചിലാണ് നിക്ഷേപിക്കുന്നതെന്ന് ഗുരുവായൂർ ദേവസ്വം കോടതിയെ അറിയിച്ചു. റിസർവ് ബാങ്കിന്റെ കമ്മട്ടത്തിൽ എത്തിച്ച് ശുദ്ധീകരിച്ച ശേഷമാണ് സ്വർണം നിക്ഷേപിക്കുന്നത്.

അതേസമയം, രത്നങ്ങൾ പതിപ്പിച്ച കിരീടങ്ങൾ ഉൾപ്പെടെയുള്ള ആഭരണങ്ങൾ ലഭിച്ച അതേ രൂപത്തിൽതന്നെ സൂക്ഷിക്കുകയാണെന്നും ദേവസ്വം വ്യക്തമാക്കി. ഇവയുടെ തൂക്കം മാത്രമാണ് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

രത്നങ്ങളുടെ മൂല്യം പരിശോധിക്കാൻ ഏജൻസികളുടെ സഹായം

രത്നങ്ങളുടെ മൂല്യം നിർണയിക്കുന്നതിന് സംസ്ഥാന, കേന്ദ്ര ഏജൻസികളുടെ സഹായം തേടാറുണ്ടെന്നും ദേവസ്വം കോടതിയെ അറിയിച്ചു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് കോടതി കൂടുതൽ വിശദീകരണം തേടി.

വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ മാത്രം നടപടി ഒതുങ്ങരുതെന്നും അവയുടെ മൂല്യവും മറ്റ് സവിശേഷതകളും ഉൾപ്പെടുത്തിയ സമഗ്രമായ ആസ്തിവിവരപ്പട്ടിക തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും.

ശബരിമലയിലെ ആസ്തി വിവരങ്ങളും ഹർജിയിൽ

ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ ആസ്തിയും തിട്ടപ്പെടുത്തണമെന്ന ആവശ്യം ഹർജിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ, ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മറ്റൊരു ബെഞ്ചാണ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

English Summary:

The Kerala High Court has directed the Guruvayur Devaswom to prepare a detailed inventory of the temple’s valuable assets, including gold, jewellery and precious stones. The inventory should record their value, purity and carat details. The court also sought an explanation regarding the steps taken to assess the value of precious stones. The case will be considered again on the 30th.

Share This Article