മട്ടാഞ്ചേരി: സ്വർണവിലയിലെ ഇടിവും വിപണിയിലെ അനിശ്ചിതത്വവും രാജ്യത്തെ സ്വർണ പണയ വായ്പാ മേഖലയെ ആശങ്കയിലാക്കുന്നു. സ്വർണത്തിന്റെ വിപണിമൂല്യം കുറഞ്ഞാൽ വായ്പയുടെ സുരക്ഷ ഉറപ്പാക്കാൻ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഇടപാടുകാർക്കെതിരെ നടപടികൾ സ്വീകരിച്ചേക്കും. മാർജിൻ കോൾ നോട്ടീസ് നൽകുന്നതും തിരിച്ചടവ് മുടങ്ങിയാൽ പണയം വെച്ച സ്വർണം ലേലം ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു.
രാജ്യത്ത് 23 ലക്ഷം കോടി രൂപയുടെ സ്വർണവായ്പ
രാജ്യത്തെ ബാങ്കുകളിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലുമായി ഏകദേശം 3,000 ടൺ സ്വർണം വായ്പയ്ക്കായി പണയം വെച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ 2,400 ടണ്ണോളം ബാങ്കുകളിലും 600 ടണ്ണോളം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലുമാണുള്ളത്.
2026 ജൂണിലെ നിരക്കുകൾ അടിസ്ഥാനമാക്കി ഈ സ്വർണത്തിന്റെ മൂല്യം ഏകദേശം 23 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. സ്വർണത്തിന്റെ വിപണിവിലയെ അടിസ്ഥാനമാക്കിയാണ് വായ്പാ തുക നിശ്ചയിക്കുന്നത്. ബാങ്കുകൾ സാധാരണയായി വിപണിവിലയുടെ 75 മുതൽ 80 ശതമാനം വരെയും ബാങ്കിതര സ്ഥാപനങ്ങൾ 90 ശതമാനം വരെയും വായ്പ നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ബാങ്കുകളിൽ സ്വർണവായ്പയ്ക്ക് എട്ട് മുതൽ പത്ത് ശതമാനം വരെയും ബാങ്കിതര സ്ഥാപനങ്ങളിൽ 18 ശതമാനം വരെയും പലിശ ഈടാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വില ഇടിഞ്ഞാൽ മാർജിൻ കോൾ നോട്ടീസ്
സ്വർണത്തിന്റെ വിപണിവില വായ്പയെടുക്കുമ്പോഴുള്ള നിലവാരത്തിൽനിന്ന് ഗണ്യമായി താഴ്ന്നാൽ വായ്പയുടെ മൂല്യവും പണയത്തിന്റെ മൂല്യവും തമ്മിൽ വ്യത്യാസമുണ്ടാകാം. ഇത്തരമൊരു സാഹചര്യം തുടർന്നാൽ വായ്പയുടെ സുരക്ഷ ഉറപ്പാക്കാൻ ബാങ്കുകൾ ഇടപാടുകാരോട് അധിക തുക അടയ്ക്കാനോ ആവശ്യമായ സ്വർണം നൽകാനോ ആവശ്യപ്പെട്ടേക്കാം.
ഇതിനായാണ് മാർജിൻ കോൾ നോട്ടീസ് നൽകുന്നത്. നിശ്ചിത സമയത്തിനുള്ളിൽ ആവശ്യമായ തുക അടയ്ക്കുകയോ മറ്റ് നിർദേശങ്ങൾ പാലിക്കുകയോ ചെയ്തില്ലെങ്കിൽ തുടർനടപടികളിലേക്ക് കടക്കാം. വായ്പാ കരാറിന്റെയും ബാധകമായ ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ പണയം വെച്ച സ്വർണം ലേലം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കാം.
തിരിച്ചടവ് മുടങ്ങിയാൽ ലേല നടപടികൾ
ധനകാര്യ മേഖലയിലുള്ളവരുടെ കണക്കനുസരിച്ച് സ്വർണ പണയ വായ്പകളിൽ ഏകദേശം 50 ശതമാനം ഇടപാടുകളും നിശ്ചിത കാലാവധിക്കുള്ളിൽ പൂർത്തിയാക്കുന്നവയാണ്. 30 ശതമാനം വായ്പകൾ പുതുക്കുകയോ വീണ്ടും വായ്പയെടുക്കുകയോ ചെയ്യുന്നു. ഏകദേശം പത്ത് ശതമാനം ഇടപാടുകളിലാണ് തിരിച്ചടവ് മുടങ്ങി ലേല നടപടികളിലേക്ക് നീങ്ങുന്നത്.
സ്വർണവിലയിലെ തുടർച്ചയായ ഇടിവ് വായ്പയുടെ ഈടിന്റെ മൂല്യത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ധനകാര്യ സ്ഥാപനങ്ങൾ. തിരിച്ചടവ് മുടങ്ങിയാൽ ബാങ്കുകൾ നോട്ടീസ് നൽകി ലേല നടപടികൾ ആരംഭിക്കാം. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ബാധകമായ നിയമനടപടികൾ സ്വീകരിക്കും.
വായ്പാ മേഖലയിൽ മൂല്യനഷ്ട ആശങ്ക
കഴിഞ്ഞ രണ്ട് മാസത്തെ സ്വർണവിലയിലെ ചാഞ്ചാട്ടവും ഇടിവും സ്വർണ പണയ വായ്പകളുടെ ഈടുമൂല്യത്തിൽ വലിയ മാറ്റമുണ്ടാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നാല് മുതൽ ആറ് ലക്ഷം കോടി രൂപ വരെയുള്ള മൂല്യനഷ്ടമാണ് ഈ മേഖലയിൽ കണക്കാക്കുന്നത്.
2027 മാർച്ചിനകം സ്വർണത്തിന്റെ വിപണിമൂല്യത്തിലും വായ്പാ തുകയിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ ബാങ്കുകളുടെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും സാമ്പത്തിക കണക്കുകളിലും പ്രതിഫലിച്ചേക്കാം. ഇതിന്റെ പശ്ചാത്തലത്തിൽ വായ്പാ തിരിച്ചടവും പണയസ്വർണത്തിന്റെ മൂല്യവും നിരീക്ഷിക്കുന്ന നടപടികൾ സ്ഥാപനങ്ങൾ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ.
English Summary:
The decline in gold prices has raised concerns among banks and non-banking financial institutions in India’s gold loan sector. If the value of pledged gold falls significantly, lenders may issue margin call notices seeking additional payment or collateral. Failure to comply with applicable loan terms and notices could lead to auction proceedings.
